ബാബുവിന് പിന്തുണ: കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

Posted on: September 7, 2016 6:01 am | Last updated: September 6, 2016 at 11:49 pm
SHARE

babuതിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം നേരിടുന്നതില്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷം. ഇക്കാര്യത്തിലെ വി എം സുധീരന്റെ മൗനം യു ഡി എഫ് യോഗത്തിലും ചര്‍ച്ചയായി. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ബാബുവിനെ പിന്തുണക്കാന്‍ സുധീരന്‍ തയ്യാറായില്ല. രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷം നിലപാട് പറയാമെന്ന് കെ പി സി സി വൈസ്പ്രസിഡന്റ് വി ഡി സതീശനും നിലപാടെടുത്തു.
വിജിലന്‍സ് നീക്കം പ്രതികാര നടപടിയാണെന്ന് കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും യോഗത്തില്‍ നിലപാടെടുത്തിട്ടും സുധീരന്റെ മൗനം തുടരുകയാണ്. കെ ബാബുവിനെതിരായ വിജിലന്‍സ് നടപടിയില്‍ കെ പി സി സി ആദ്യം നിലപാട് വ്യക്തമാക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ബാബുവിനെതിരെ നടക്കുന്നത് രാഷ്ട്രീയമായ പ്രതികാര നടപടിയാണ്. ഇതുപോലെ യു ഡി എഫിലെ എല്ലാ നേതാക്കള്‍ക്കും നടപടികള്‍ നേരിടേണ്ടതായി വന്നേക്കാം. അതിനാല്‍, ഇപ്പോള്‍ കെ ബാബുവിനെ പ്രതിരോധിക്കണമെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു. എന്നാല്‍, മറുപടി പറയുന്നതില്‍ നിന്ന് സുധീരന്‍ ഒഴിഞ്ഞുമാറി. ബാബുവിനെതിരായ കേസില്‍ രാഷ്ട്രീയപരമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ 24ന് ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിക്ക് ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് സുധീരന്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിന് അനുസരിച്ച് നീങ്ങാമെന്ന് മുസ്്‌ലിം ലീഗും അറിയിച്ചു.
ആദ്യം കോണ്‍ഗ്രസ് ഒരു നിലപാടുണ്ടാക്കൂ, അതിന് ശേഷം അതിനനുസരിച്ച് മുന്നോട്ടുനീങ്ങാമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. ബാബുവിനെതിരരെ നടക്കുന്നത് രാഷ്ട്രീയപ്രതികാരമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നേരായ ഏത് അന്വേഷണവും സ്വാഗതം ചെയ്യും. എന്നാല്‍, പ്രതികാര നടപടികള്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായി. അഴിമതിക്കെതിരെ ജനവികാരം ശക്തമാണെന്നായിരുന്നു സതീശന്റെ നിലപാട്. ബാബുവുമായി ബന്ധപ്പെട്ട വിഷയം ആദ്യം പാര്‍ട്ടി ചര്‍ച്ച ചെയ്യണം. പിന്നീട്, ഇക്കാര്യത്തില്‍ അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാബുവിനെ യു ഡി എഫ് രാഷ്ട്രീയമായി സംരക്ഷിക്കണമെന്ന് എം എം ഹസന്‍ ആവശ്യപ്പെട്ടു. വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ ബാബുവിനെതിരായ അന്വേഷണങ്ങള്‍ രാഷ്ട്രീയപകപോക്കലാണെന്ന പൊതുവികാരത്തില്‍ യു ഡി എഫ് യോഗം എത്തിച്ചേര്‍ത്തു. ബാബുവിനെതിരെ നടക്കുന്ന വിജിലന്‍സ് റെയ്ഡുകളും അന്വേഷണവും രാഷ്ട്രീയമായും നിയമപരമായും നേരിടാനും യോഗം തീരുമാനിച്ചു. ചട്ടങ്ങളും മാദണ്ഡങ്ങളും മറികടന്നാണ് വിജിലന്‍സ് നടപടിയെന്നും സര്‍ക്കാര്‍ രാഷ്ട്രീയപകപോക്കലിന് വിജിലന്‍സിനെ ഉപയോഗിക്കുകയാണെന്നും യോഗത്തിന് ശേഷം യു ഡി എഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ആരോപിച്ചു. സംസ്ഥാനത്ത് റെയ്ഡുകളുടെ ഘോഷയാത്രയാണ് നടക്കുന്നത്. നിഷ്പക്ഷമായും ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുമായിരിക്കണം അന്വേഷണം നടത്തേണ്ടത്. മുന്‍ ഭരണധികാരികളെല്ലാം കൊള്ളരുതാത്തവരും അഴിമതിക്കാരുമാണെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമം അനുവദിക്കില്ല. ഭരണം മാറുന്നതനുസരിച്ച് രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നത് ശരിയല്ല. വിജിലന്‍സ് അന്വേഷണത്തിന് ചില മാനദണ്ഡങ്ങളുണ്ട്. അത് പാലിക്കാതെ നേതാക്കളെ അപകീര്‍ത്തിപ്പെടുന്ന സര്‍ക്കാര്‍ നിലപാടിനെ ശക്തമായി നേരിടണമെന്ന് തന്നെയാണ് യു ഡിഎഫ് യോഗത്തിലുണ്ടായ പൊതുവികാരം.