കാവേരി: കര്‍ണാടക വീണ്ടും സുപ്രീം കോടതിയിലേക്ക്; അഭിഭാഷകന്‍ പ്രതിക്കൂട്ടില്‍

Posted on: September 7, 2016 6:00 am | Last updated: September 6, 2016 at 11:46 pm
SHARE

supreme court1ബെംഗളൂരു: കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കണമെന്ന നിര്‍ദേശത്തിനെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ കക്ഷിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് മുന്നോട്ട് പോകാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ല. കോടതി നിര്‍ദേശം അനുസരിച്ച് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ബി ജെ പി സര്‍ക്കാറും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ ജനതാദള്‍ എസിന്റെയും ബി ജെ പിയുടെയും പ്രതിനിധികള്‍ സര്‍വ കക്ഷിയോഗത്തില്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഇരു കക്ഷികളുടെയും പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തില്ല. അതിനിടെ, കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുത്ത സുപ്രീം കോടതി നടപടിക്കെതിരെ കര്‍ണാടകയുടെ വിവിധ സ്ഥലങ്ങളില്‍ ഉടലെടുത്ത പ്രതിഷേധം ആളിപ്പടരുകയാണ്. ചാം രാജ് നഗര്‍, മൈസൂരു, ഹുബ്ബാളി, ചിത്രദുര്‍ഗ, ചിക്കമംഗളൂരു, തുംക്കൂരു, രാംമഗര തുടങ്ങിയ മേഖലകളില്‍ കര്‍ഷകരടക്കമുള്ള ജനങ്ങള്‍ റോഡ് ഉപരോധിച്ചു. സമരത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള ബസ് സര്‍വീസുകളാണ് മുടങ്ങിയത്. തമിഴ്‌നാടുമായി നിലനില്‍ക്കുന്ന കാവേരി നദീ ജല തര്‍ക്കം സുപ്രീം കോടതിയില്‍ വാദിച്ച കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകന്‍ ഫാലി എസ് നരിമാനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയരുന്നുണ്ട്. കാലവര്‍ഷം കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വരള്‍ച്ചയും കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയും മറ്റു കാര്യങ്ങളും സുപ്രീം കോടതിയില്‍ വാദിച്ച് സംസ്ഥാനത്തിന് അനുകൂലമായ വിധി നേടിയെടുക്കുന്നതില്‍ ഫാലി എസ് നരിമാന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചെന്നാണ് വിവിധ കര്‍ഷക സംഘടനകളുടെ പരാതി. ലക്ഷക്കണക്കിന് രൂപയാണ് സുപ്രീം കോടതിയില്‍ ഈ കേസ് വാദിക്കാന്‍ ഫീസിനത്തില്‍ നരിമാന് കര്‍ണാടക സര്‍ക്കാര്‍ ചെലവഴിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here