നിലപാട് മാറ്റി കേരളം സുപ്രീം കോടതിയില്‍: തെരുവുനായ്ക്കളെ കൊല്ലില്ല

Posted on: September 6, 2016 11:53 pm | Last updated: September 7, 2016 at 9:59 am
SHARE

dogന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാട് സുപ്രീം കോടതിയില്‍ മാറ്റി. ഇതുസംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തത വരുത്താതെയാണ് നിലപാട് മാറ്റിയിരിക്കുന്നത്. അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന കാര്യത്തിലാണ് സര്‍ക്കാര്‍ അവ്യക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേനയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെക്കുറിച്ചോ തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവമോ പരാമര്‍ശിക്കുന്നില്ല.
അക്രമകാരികളായ നായ്ക്കളെ വന്ധ്യംകരിക്കുമെന്ന് മാത്രമാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്. ഇതിനായി എല്ലാ ജില്ലകളിലും ബ്ലോക്ക്തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. തെരുവ് നായ്ക്കളെ കൊല്ലില്ലെന്നും സംസ്ഥാനത്ത് തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഡോഗ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് പറയുന്ന സത്യവാങ്മൂലത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ വളര്‍ത്തുനായ നയം കൊണ്ടുവരുമെന്നും വ്യക്തമാക്കുന്നുണ്ട്. മുനിസിപ്പാലിറ്റികളില്‍ പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളും തുടങ്ങും. മുനിസിപ്പാലിറ്റി പരിധിയിലുള്ള കാര്‍ഷിക ഫാമുകള്‍ ഇതിനായി മൂന്നര ഏക്കര്‍ വരെ സ്ഥലം അനുവദിക്കണം. ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് താത്പര്യമുള്ളവര്‍ക്ക് പട്ടികളെ ദത്തെടുക്കാം.
വന്ധ്യംകരിച്ച നായ്ക്കളെ സംരക്ഷിക്കാനുള്ള ചുമതല മൃഗസ്‌നേഹികളുടെ സംഘടനകള്‍ക്ക് നല്‍കും. നായ്ക്കളെ വന്ധ്യംകരിക്കാനുള്ള ഡോക്ടര്‍മാരെ നല്‍കാനുള്ള ചുമതല ജില്ലാ പഞ്ചായത്തുകള്‍ക്കായിരിക്കും. പുനരധിവാസ കേന്ദ്രങ്ങളിലുളള പട്ടികളെ വന്ധ്യംകരിക്കുകയും ആര്‍ എഫ്ടി ടാഗുകളില്‍ ഘടിപ്പിക്കുകയും ചെയ്യും. വളര്‍ത്തുനായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ആക്രമണകാരികളായ തെരുവുനായ്ക്കളെ മരുന്നു കുത്തിവെച്ചു കൊല്ലുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ നേരത്തേ നിലപാടെടുത്തിരുന്നുവെങ്കിലും സത്യവാങ്മൂലത്തില്‍ ഇതേകുറിച്ച് അവ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിയമം അനുശാസിക്കുന്ന തരത്തില്‍ തെരുവുനായ്ക്കളെ കൊല്ലുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.
കേരളത്തിന് പുറമെ രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തെരുവുനായ്ക്കള്‍ക്കെതിരായ നടപടികള്‍ സംബന്ധിച്ച സുപ്രീം കോടതി മുമ്പാകെയുള്ള കേസിലെ പ്രധാന ഹരജിക്കാരന്‍ അനുപം ത്രിപാഠിയാണ്. നേരത്തെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച കോട്ടയം സ്വദേശിനി ഡോളിയുടെ ഭര്‍ത്താവ് ജോസ് സെബാസ്റ്റ്യന്‍, ഫാദര്‍ വര്‍ഗീസ് തോമസ് എന്നിവര്‍ നല്‍കിയ ഹരജിയും സുപ്രീം കോടതിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here