Connect with us

National

കശ്മീര്‍: പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ തുടരുന്ന ജമ്മു കശ്മീരില്‍ സമാധാന പ്രര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടുന്നു. ഇതിന്റെ ഭാഗമായി കാശ്മീരിലെ സമാധാന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. മൂന്ന് വട്ടം കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും സര്‍വകക്ഷി പ്രതിനിധികളുടെ സന്ദര്‍ശനത്തിനും താഴ്‌വരയില്‍ സമാധാന പുനഃസ്ഥാപനത്തിനുള്ള വഴി തുറക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത്.
അതേസമയം ഇതിന് സമാന്തരമായി സമാധാന ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി വിഘടിത ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര സര്‍വകക്ഷി സംഘത്തിന് വിമത സംഘടനകളില്‍ നിന്നും ലഭിച്ച തണുത്ത പ്രതികരണത്തിന് പിന്നാലെയാണ് കേന്ദ്ര നടപടി. വിമത നേതാക്കളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ളവ പിന്‍വലിച്ച് അവരെ വിദേശയാത്രയില്‍ നിന്ന് തടയുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കി വന്ന ഇസഡ് കാറ്റഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങളും കേന്ദ്രം പുനഃപരിശോധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടൊപ്പം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി വിമത നേതാക്കളുടെ ബേങ്ക് അക്കൗണ്ടുകളും പണമിടപാടുകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. മാത്രവുമല്ല ഇവര്‍ക്കെതിരെ നിലവിലുള്ള കേസുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളോട് നിര്‍ദേശിക്കുമെന്നാണ് അറിയുന്നത്. കാശ്മീര്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
ഇതിനിടെ സര്‍വകക്ഷി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രണ്ടുമാസമായി സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും തുടരുന്ന കശ്മീര്‍ താഴ്‌വര കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയേറെ ദൈര്‍ഘ്യമേറിയ കര്‍ഫ്യൂവിനും സംഘര്‍ഷവസ്ഥക്കും വേദിയാകുന്നത്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലപേശല്‍ തന്ത്രമാക്കി മാറ്റിയ വിഘടനവാദി നേതാക്കള്‍ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ചക്ക് തയാറായേക്കുമെന്നാണറിയുന്നത്. പ്രധാനമന്ത്രി കശ്മീരില്‍ നേരിട്ട് എത്തുകയോ അല്ലെങ്കില്‍ വിഘടനവാദിനേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയോ ചെയ്താല്‍ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്ന് നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം ആഴ്ചകളോളം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാഴ്ചക്കാരായി നിന്നതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്നാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. പെല്ലറ്റ് തോക്കുകള്‍ കശ്മീര്‍ ജനതയിലുണ്ടാക്കിയ മുറിവുകളും പ്രതിഷേധം വിളിച്ചുവരുത്തുകയായിരുന്നു. അവസാനം രാഷ്ട്രീയ ഇടപെടലിനും പരിഹാരം കാണാന്‍ കഴിയാത്ത സ്ഥിതിയിലെത്തി നില്‍ക്കുന്ന താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ പക്ഷം.
അതേസമയം നിലവിലെ സ്ഥിതിയില്‍ കശ്മീരില്‍ സമാധാനം തിരിച്ചുകൊണ്ടുവരികയെന്നത് കനത്ത വെല്ലുവിളിയാണെന്നാണ് സര്‍വകക്ഷി സംഘത്തിന്റെ വിലയിരുത്തല്‍.
അനുകൂല അന്തരീക്ഷമുണ്ടാക്കാന്‍ സംഘത്തിന് കഴിഞ്ഞുവെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവകാശപ്പെട്ടു. കശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷിസംഘം ഡല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest