ദുബൈയില്‍ 100 സ്‌കൂളുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും

Posted on: September 6, 2016 9:35 pm | Last updated: September 8, 2016 at 10:00 pm
SHARE
'ദുബൈ സോളാര്‍ സ്‌കൂള്‍സ്' പ്രഖ്യാപന ചടങ്ങ്
‘ദുബൈ സോളാര്‍ സ്‌കൂള്‍സ്’ പ്രഖ്യാപന ചടങ്ങ്

ദുബൈ: 2020ഓടെ ദുബൈയില്‍ 100 സ്‌കൂളുകള്‍ക്കാവശ്യമായ ഊര്‍ജം സൂര്യതാപത്തിലൂടെ സാധ്യമാക്കും. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ ‘ദുബൈ ക്ലീന്‍ എനര്‍ജി പ്ലാന്‍ 2050’ ന്റെ ഭാഗമാകും. ‘ദുബൈ സോളാര്‍ സ്‌കൂള്‍സ്’ എന്ന പദ്ധതിയുടെ പ്രഖ്യാപനം ദുബൈ സോളാര്‍ ഡോട് ഓര്‍ഗ് ദുബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് സ്‌കൂളുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുക.
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) തുടക്കം കുറിച്ച ‘ശംസ് ദുബൈ’ പദ്ധതിയില്‍ എമിറേറ്റിലെ സ്‌കൂളുകളെ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എമിറേറ്റിന്റെ ഭാവിക്കായി വൈദ്യുതി കാത്തുസൂക്ഷിക്കുകയും വൈവിധ്യങ്ങളായ ഊര്‍ജ സ്രോതസുകള്‍ കണ്ടെത്തുകയും പുനരുപയുക്ത ഊര്‍ജത്തിലൂടെ സുസ്ഥിര ഭാവിയിലേക്ക് ദുബൈയെ ഉയര്‍ത്തുകയും ചെയ്യുകയെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ലക്ഷ്യം നിറവേറ്റുന്നതിനായാണ് ‘ശംസ് ദുബൈ’ പദ്ധതി ആവിഷ്‌കരിച്ചത്.
വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ശരാശരി 500 കെ വി വൈദ്യുതിയാണ് ആവശ്യമായി വരുന്നതെന്ന് സോളാര്‍ ഡോട് ഓര്‍ഗ് മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് പ്രൊവന്‍സാനി പറഞ്ഞു. എല്ലാ സൗകര്യങ്ങളും നിറവേറുന്നതിന് 50 മെഗാവാട്ട് വൈദ്യുതിയും ആവശ്യമാണ്.
സാധാരണയില്‍ ഒരു കെട്ടിടത്തിന് മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ കെട്ടിട ഉടമ ചെലവഴിക്കേണ്ടത് ഏകദേശം 25 ലക്ഷം ദിര്‍ഹമാണെന്ന് പ്രൊവന്‍സാനി പറഞ്ഞു. അതേസമയം ‘ദുബൈ സോളാര്‍ സ്‌കൂള്‍സ്’ പദ്ധതിയുടെ ഭാഗമായി സീറോ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ ആവശ്യത്തിന് സ്ഥാപിക്കുന്ന സൗരോര്‍ജ പാനലുകള്‍ക്കാവശ്യമായ ചെലവ് മാസ തവണയായി അടച്ചാല്‍ മതിയാകും. പാനലുകള്‍ സ്ഥാപിക്കുന്നതോടെ ദിവ ബില്‍ 10 ശതമാനം കുറക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. ഇങ്ങനെ ഏഴു മുതല്‍ ഒന്‍പത് വര്‍ഷം കൊണ്ട് സ്‌കൂളുകളുടെ വൈദ്യുതി ബില്ലുകള്‍ പൂജ്യത്തിലേക്കെത്തിക്കാനും സാധിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അടുത്ത 20 വര്‍ഷം കൊണ്ട് എമിറേറ്റിലെ സ്‌കൂളുകള്‍ കാര്‍ബണ്‍ മാലിന്യ രഹിത സ്‌കൂളുകളാകും.

LEAVE A REPLY

Please enter your comment!
Please enter your name here