കടലില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ ദുബൈയില്‍ ഇനി യന്ത്രമനുഷ്യരും

Posted on: September 6, 2016 9:33 pm | Last updated: September 7, 2016 at 3:11 pm

3801293144ദുബൈ: കടലില്‍ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ ഇനി യന്ത്രമനുഷ്യരും രംഗത്തുണ്ടാവുമെന്ന് ദുബൈ നഗരസഭാധികൃതര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന പ്രത്യേക തരം യന്ത്രമനുഷ്യരെയാണ് ഇതിനായി രംഗത്തിറക്കുന്നത്. മനുഷ്യരെക്കാള്‍ 12 ഇരട്ടി വേഗത്തില്‍ ഇവക്ക് അപകടത്തില്‍പെട്ട ആളുടെ അരികില്‍ എത്താനാവും. മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായാണ് കടലില്‍ അപകടത്തില്‍പെടുന്നവരെ രക്ഷപ്പെടുത്താന്‍ യന്ത്രമനുഷ്യരുടെ സഹായം ലഭ്യമാക്കുന്നത്. വിദൂരനിന്ത്രിത ഉപകരണ സഹായത്തോടെയാവും ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക. 125 സെന്റീമീറ്റര്‍ ഉയരമുള്ള യന്ത്രമനുഷ്യര്‍ക്ക് 130 കിലോമീറ്ററോളം കടലില്‍ സഞ്ചരിക്കാനുമാവും.
ഏത് ദുഷ്‌കരമായ കാലാവസ്ഥയിലും മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആകുമെന്നാണ് ഇവയുടെ മറ്റൊരു സവിശേഷത. ജീവന്‍ രക്ഷകരായി കടലില്‍ ഇറങ്ങുന്നവര്‍ക്ക് ഉയരമുള്ള തിരമാലകളും കടലിലെ അടിയൊഴുക്കുമെല്ലാം പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമെങ്കിലും യന്ത്രമനുഷ്യര്‍ക്ക് അതൊന്നും പ്രശ്‌നമാവില്ല. ഒരേസമയം നാലു മുതല്‍ അഞ്ചു വരെ ആളുകളെ രക്ഷിക്കാനുമാവും. വെള്ളത്തില്‍ സ്വതന്ത്രമായി സഞ്ചരിക്കാവുന്ന വിധമാണ് ഇവയെ സജ്ജമാക്കിയിരിക്കുന്നത്.
യന്ത്രമനുഷ്യരുടെ ചിറകുകള്‍ക്ക് മാത്രം 11 കിലോഗ്രാം ഭാരമുണ്ടാവും. പുനരുപയുക്ത ബാറ്ററികളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 30 രക്ഷാദൗത്യങ്ങള്‍ വരെ ഇവക്ക് ചെയ്യാനാവും. ഇവയുടെ ബാറ്ററി ചാര്‍ജ് പൂര്‍ത്തീകരിക്കാന്‍ 45 മുതല്‍ 90 മിനുട്ട് വരെയാണ് വേണ്ടിവരിക. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവരോ ബോട്ടില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടവരോ ജെറ്റ്‌സ്‌കീ ഉപയോഗിക്കുന്നവരോ അപകടത്തില്‍പെട്ടാല്‍ പെട്ടെന്ന് ഇവയെ ഉപയോഗിക്കാനാവും. രക്ഷാപ്രവര്‍ത്തകര്‍ക്കും യന്ത്രമനുഷ്യരെ സഹായത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്. കടലില്‍ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നഗരസഭയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് യന്ത്രമനുഷ്യരെ രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് നഗരസഭാ പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ആലിയ അല്‍ ഹര്‍മൂദി പറഞ്ഞു.
ഏറ്റവും മികച്ച സാങ്കേതികവിദ്യ എല്ലാ മേഖലയിലും നടപ്പാക്കണമെന്ന ദുബൈ സര്‍ക്കാരിന്റെ വീക്ഷണത്തിന്റെ ഭാഗം കൂടിയാണ് നടപടിയെന്നും അവര്‍ വിശദീകരിച്ചു.