അടുത്ത വര്‍ഷം ഖത്വറില്‍ നാലര ശതമാനം ശമ്പള വര്‍ധന

Posted on: September 6, 2016 6:52 pm | Last updated: September 6, 2016 at 6:52 pm
SHARE

ദോഹ: അടുത്ത വര്‍ഷം രാജ്യത്ത് വേതനത്തില്‍ 4.5 ശതമാനം വര്‍ധനയുണ്ടാകുമെന്ന് നിരീക്ഷണം. അവോണ്‍ ഹെവിറ്റ് എന്ന മാനവവിഭവ, കാര്യനിര്‍വഹണ കമ്പനി നടത്തിയ ജി സി സി വേതന വര്‍ധന സര്‍വേയി റിപ്പോര്‍ട്ട് അനുസരിച്ചാണിത്. ഗള്‍ഫ് മേഖലയില്‍ കുറഞ്ഞ വേതന വര്‍ധനയാണ് രാജ്യത്തേതെങ്കിലും ഈ വര്‍ഷത്തെ 3.6 ശതമാനം ശമ്പള വര്‍ധനയെ അപേക്ഷിച്ച് അടുത്ത വര്‍ഷം വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജി സി സിയിലെ 600 ബഹുരാഷ്ട്ര കമ്പനികളിലും പ്രാദേശിക ഉടമസ്ഥതയിലുള്ള കമ്പനികളിലുമാണ് സര്‍വേ നടത്തിയത്. അടുത്ത വര്‍ഷം വേതനത്തെ തുടര്‍ന്നുള്ള വരുമാനം ശരാശരി 4.7 ശതമാനം വര്‍ധിക്കും. അടുത്ത വര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജി ഡി പി)യില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയാണ് സര്‍വേയില്‍ പ്രകടമായത്.
സര്‍വേ പ്രകാരം ഈ വര്‍ഷം ഫാര്‍മസി, മാധ്യമം, ഭക്ഷണം, പാനീയം, പുകയില തുടങ്ങിയ വ്യവസായ മേഖലകളിലാണ് ശമ്പള വര്‍ധനയുണ്ടാകുക. ടെലികമ്യൂനിക്കേഷന്‍സ്, നിര്‍മാണം, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ ഈ വര്‍ഷം കാര്യമായ വേതന വര്‍ധനയുണ്ടാകില്ല. എന്നാല്‍ അടുത്ത വര്‍ഷം വേതനം വര്‍ധിക്കും.
അതേസമയം, ഈ വര്‍ഷത്തെ ശരാശരി വേതന വര്‍ധന 4.3 ശതമാനം ആയിരിക്കും. നേരത്തെ പ്രതീക്ഷിച്ചത് അഞ്ച് ശതമാനം വര്‍ധനയായിരുന്നു. സഊദി അറേബ്യയിലായിരിക്കും ഏറ്റവും കൂടുതല്‍ ശരാശരി വേതന വര്‍ധനയുണ്ടാകുക. അടുത്ത വര്‍ഷം 4.9 ശതമാനം വേതന വര്‍ധനയാണ് സഊദിയില്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ വര്‍ധന 4.6 ശതമാനം ആണ്. കുവൈത്തില്‍ ശമ്പളം 4.8 ശതമാനം വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം 5.1 ശതമാനം വര്‍ധിച്ചെങ്കിലും ഈ വര്‍ഷം 4.3 ശതമാനമാണ് വര്‍ധന. ബഹ്‌റൈനില്‍ പ്രതീക്ഷിത വേതന വര്‍ധനവിനേക്കാള്‍ നേരിയ വ്യത്യാസമാണ് ഈ വര്‍ഷമുണ്ടായത്. 4.8 ശതമാനം പ്രതീക്ഷിച്ചപ്പോള്‍ 4.7 ശതമാനം നേടാനായി. യു എ ഇയിലും ഒമാനിലും 4.6 ശതമാനം വീതം വേതനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഒമാനില്‍ ഈ വര്‍ഷം പ്രതീക്ഷിച്ച 4.2 ശതമാനം വര്‍ധനയില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. യു എ ഇയില്‍ 4.4 ശതമാനം വര്‍ധനയാണ് പ്രതീക്ഷിച്ചതെങ്കിലും അതിലും വര്‍ധിച്ചിട്ടുണ്ട്. എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങളും ദേശീയ വരുമാനം വൈവിധ്യവത്കരിക്കാനുള്ള രാഷ്ട്രങ്ങളുടെ നടപടികളും ജീവനക്കാരുടെ വേതനത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് സര്‍വേ അടയാളപ്പെടുത്തുന്നു. അടുത്ത ഏതാനും വര്‍ഷത്തേക്കുള്ള പുതിയ നയപരിപാടികള്‍, ഭരണ വൈപുല്യം, നികുതിഘടന, വൈവിധ്യവത്കരണം, ഉത്പന്നങ്ങളുടെ വില തുടങ്ങിയവയും വേതനത്തില്‍ പ്രതിഫലിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here