ഗള്‍ഫിലെ അവസ്ഥ പെരുപ്പിച്ച് പ്രചരിപ്പിക്കരുത്: വി കെ സിംഗ്‌

Posted on: September 6, 2016 6:32 pm | Last updated: September 6, 2016 at 10:18 pm
വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയുമായി ചര്‍ച്ച നടത്തുന്നു.
വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയുമായി ചര്‍ച്ച നടത്തുന്നു.

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള അവസ്ഥ പെരുപ്പിച്ചുകാട്ടി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി വി കെ സിംഗ്. ദോഹ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്യൂനിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ നെറ്റ്‌വര്‍ക് എന്നിവ സംയുക്തമായി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് സോഷ്യല്‍ മീഡിയ യുഗമാണ്. അതുകൊണ്ടുതന്നെ യാഥാര്‍ഥ്യങ്ങള്‍ അറിയാതെ വിവരങ്ങള്‍ പെട്ടെന്ന് പ്രചരിക്കും. പലപ്പോഴും സത്യാവസ്ഥ അറിയാതെ ചില വ്യക്തികള്‍ ചെയ്യുന്ന കുറ്റത്തിനാണ് രാജ്യവും എംബസിയും പഴികേള്‍ക്കേണ്ടിവരുന്നത്. സഊദി അറേബ്യയിലെ ഇന്ത്യക്കാരുടെ പ്രശ്‌നത്തില്‍ അവിടത്തെ സര്‍ക്കാര്‍ വളരെ സഹായകമായ നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിച്ചു. ലോകത്തെവിടെയുമുള്ള പൗരന്‍മാരെ സംരക്ഷിക്കുകയെന്നത് കേന്ദ്ര സര്‍ക്കാറിന്റെ കടമയാണ്. അതുപോലെതന്നെ വിദേശരാജ്യങ്ങളിലുള്ള പൗരന്‍മാരില്‍ നിന്നും സര്‍ക്കാറും തിരികെ പ്രതീക്ഷിക്കുന്നുണ്ട്. വെറുതെ പ്രചാരണങ്ങള്‍ നടത്തുന്നതിനു പകരം ഓരോ രാജ്യത്തെയും കുറിച്ചുള്ള രാജ്യങ്ങളില്‍ നിന്നുള്ള ശരിയായ വിവരങ്ങള്‍ കൈമാറാനാണ് ശ്രമിക്കേണ്ടത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പണം നല്‍കി സഹായിക്കുകയെന്നത് പ്രായോഗിക നയമല്ല, അത് സാധ്യവുമല്ല. ഇത്തരക്കാരെ പുനരധിവസിപ്പിക്കാനായി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ, മുദ്ര യോജന തുടങ്ങിയ പദ്ധതികള്‍ പുനരധിവാസത്തിന് സഹായകമാകും. വിദേശരാജ്യങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കമ്യൂനിറ്റി വെല്‍ഫെയര്‍ ഫണ്ട് പോലുള്ള പദ്ധതികളും അതാത് രാജ്യങ്ങളില്‍ നിലവിലുണ്ട്. മടങ്ങിയെത്തുന്നവര്‍ തങ്ങളുടെ തൊഴില്‍നൈപുണ്യം ഇത്തരം പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിച്ച് രാജ്യത്തിനായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ അധ്യക്ഷത വഹിച്ചു. ഐ സി സി ആക്ടിംഗ് പ്രസിഡന്റ് ദിവാകര്‍ പൂജാരി, ഐ ബി പി എന്‍ പ്രസിഡന്റ് കെ എം വര്‍ഗീസ്, ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡന്റ് സന്തോഷ് നീലകണ്ഠന്‍ പ്രസംഗിച്ചു. എംബസിയുടെ ഉപഹാരം അംബാസഡര്‍ കേന്ദ്രമന്ത്രിക്ക് കൈമാറി. ദോഹ ബേങ്ക് സി ഇ ഒ ഡോ.സീതാരാമന്‍ പങ്കെടുത്തു.
ഇന്നലെയെത്തിയ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷിസഹകരണം വിലയിരുത്തിയ ഇരുവരും ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഖത്വര്‍ വിദേശകാര്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണചടങ്ങിലും അദ്ദേഹം പങ്കെടുത്തു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ കുവൈത്തിലേക്ക് തിരിച്ചു. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വി കെ സിംഗ് തിങ്കളാഴ്ച ഖത്വറിലെത്തിയത്. പ്രവാസികള്‍ക്ക് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് അനുവദിച്ച ശേഷം ഇന്ത്യയില്‍ നിന്നുള്ള വിദേശകാര്യ സഹമന്ത്രിയുടെ ഖത്വര്‍ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് പ്രവാസി സമൂഹം നോക്കിക്കാണുന്നത്.