ഭരണപരിഷ്‌കാര കമ്മീഷന്‍: അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറിക്ക് വി.എസിന്റെ കത്ത്

Posted on: September 6, 2016 6:28 pm | Last updated: September 7, 2016 at 12:19 am
SHARE

VSതിരുവനന്തപുരം: ഭരണപരിഷ്‌കാര കമീഷന്‍ രൂപീകരിച്ചിട്ടും ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഓഫീസിന്റെയും ഔദ്യോഗിക വസതിയുടെയും കാര്യത്തില്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതിന് ഘടകവിരുദ്ധമായ തീരുമാനമാണ് എടുത്തിട്ടുള്ളത്. കമീഷനെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്നുവെന്നും എസ്.എം. വിജയാനന്ദിന് കൈമാറിയ കത്തില്‍ വി.എസ് കുറ്റപ്പെടുത്തുന്നു.

കമീഷന്റെ ഓഫീസ് സെക്രട്ടറിയേറ്റിലോ സെക്രട്ടറിയേറ്റ് അനക്‌സിലോ അനുവദിക്കണമെന്നാണ് വി.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഐ.എം.ജിയിലാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് എടുത്ത ഈ തീരുമാനം ഒറ്റവരി കത്തിലൂടെയാണ് മെംബര്‍ സെക്രട്ടറി സത്യജിത് രാജന്‍ വി.എസിനെ അറിയിച്ചത്.

കൂടാതെ കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കണമെന്ന് വി.എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് ആവശ്യങ്ങളും അംഗീകരിക്കാത്തതാണ് വി.എസിനെ ചൊടിപ്പിച്ചത്.