Connect with us

Kozhikode

അന്താരാഷ്ട്ര സുനാമി മോക്ഡ്രില്‍ എട്ടിന്

Published

|

Last Updated

കോഴിക്കോട്: സുനാമി ദുരന്ത നിവാരണ തയ്യാറെടുപ്പുകളും വിനിമയ സംവിധാനങ്ങളും പരിശോധിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ആവിഷ്‌കരിക്കുന്നതിനുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഹൈദരാബാദ് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുനാമി മോക്ഡ്രില്‍ ഈ മാസം എട്ടിന് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ നടക്കും. പുതിയങ്ങാടി വില്ലേജിലെ കടലോര പ്രദേശമാണ് കോഴിക്കോട് ജില്ലയില്‍ മോക് ഡ്രില്ലിനായി തെരഞ്ഞെടുത്തിരിക്കുന്നത്. യുനസ്‌കോയുടെ ആഭിമുഖ്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്താരാഷ്ട്ര സുനാമി മോക് ഡ്രില്‍ നാളെയും മറ്റന്നാളും നടക്കുന്നതിന്റെ ഭാഗമായാണിത്.
സുനാമി പോലുള്ള അതിവിനാശകരമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നോടിയായി സ്വീകരിക്കേണ്ട തയാറെടുപ്പുകള്‍, സുരക്ഷാ സംവിധാനങ്ങള്‍, വിനിമയോപാധികള്‍, ഒരുക്കങ്ങള്‍, പുനരധിവാസ പരിപാടികള്‍ എന്നിവ പരിശോധിച്ച് ആവശ്യമായ രീതിയില്‍ പുനഃസംവിധാനം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക ഉത്തരവാദിത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളുടെയും നാട്ടുകാരുടെയും ബോധവത്കരണവും മാനസിക തയാറെടുപ്പും ഇതിന്റെ ഭാഗമാണ്. ദേശീയ ദുരന്ത പ്രതിരോധ സേന (എന്‍ ഡി ആര്‍ എഫ്), ഇന്ത്യന്‍ തീരദേശസേന (കോസ്റ്റ് ഗാര്‍ഡ്) എന്നിവ ഇതില്‍ സജീവ പങ്കാളിത്തം വഹിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റവന്യു, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, ഫിഷറീസ്, മത്സ്യത്തൊഴിലാളി സംഘടനകള്‍, പൊതുമരാമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആദ്യ ഭൂചലനം ഏഴിന് രാവിലെ 8.30ന് സുമാത്രയില്‍ 9.2 തീവ്രതയിലും രണ്ടാമത്തേത്്, എട്ടിന് 11.30ന് പാക് തീരത്തെ മക്രാന്‍ മേഖലയില്‍ 9.0 തീവ്രതയിലും ഉണ്ടാകുന്നതായി സങ്കല്‍പ്പിച്ചാണ് സുനാമി മുന്നറിയിപ്പ് നല്‍കുക. ഹൈദരാബാദിലെ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇന്ത്യന്‍ സുനാമി മുന്നറിയിപ്പ് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന 15 പ്രത്യേക ബുള്ളറ്റിന്‍ വഴി വിവരങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും എത്തിക്കുന്നതാണ് അടുത്ത ഘട്ടം. ഇതുപ്രകാരം സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ നല്‍കുന്ന നിര്‍ദേശമനുസരിച്ച്, സുനാമി തിരമാലകള്‍ അടിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അപായ സാധ്യതയുള്ള ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സുനാമിയും ജീവന്‍ രക്ഷാപ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശീലന ക്ലാസ് നല്‍കും. പൊതുജനങ്ങളില്‍ ഭയം വിതക്കാനല്ല, അവരുടെ കൂടെ സഹകരണവും സഹായവും കൊണ്ട് കാര്യക്ഷമവും ഫലപ്രദവുമായ ബോധവത്കരണവും സുരക്ഷാ ക്രമീകരണവും ഒരുക്കുന്നതിനാണ് മോക് ഡ്രില്‍ നടത്തുന്നതെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) ബി അബ്ദുന്നാസര്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ കെ ഇമ്പശേഖര്‍, എ ഡി എം ടി ജനില്‍ കുമാര്‍, കോസ്റ്റല്‍ ഗാര്‍ഡ് പ്രതിനിധി, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.