മുത്തൂറ്റ് ജോര്‍ജ് എം ഗ്രൂപ്പിലെ ജീവനക്കാര്‍ 72 മണിക്കൂര്‍ സമരം തുടങ്ങി

Posted on: September 6, 2016 12:38 am | Last updated: September 6, 2016 at 12:38 am
SHARE

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ജോര്‍ജ് എം ഗ്രൂപ്പിലെ ജീവനക്കാരുടെ 72 മണിക്കൂര്‍ സമരം തുടങ്ങി. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് മുത്തൂറ്റ് ഗ്രൂപ്പിന്റെ കേരളത്തിലെ 750 ല്‍പരം ശാഖയുടെ പ്രവര്‍ത്തനം നിലച്ചു. നാളെ വൈകിട്ടോടെ 72 മണിക്കൂര്‍ നീണ്ട സമരം അവസാനിക്കും. മൂന്ന് ദിവസത്തെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലം മാറ്റ നടപടികള്‍ അവസാനിപ്പിക്കുക, മിനിമം വേതനം 18,000 രൂപ ആക്കുക, ജോലിക്ക് അനുസൃതമായ കൂലി നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
മുത്തൂറ്റ് സ്റ്റാഫ് എംപ്ലോയീസ് അസോസിയേഷന്‍ (സി ഐ ടി യു)വിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരത്തിന് മുന്നോടിയായി ആഗസ്റ്റ് മൂന്നിന് എറണാകുളത്തെ കച്ചേരിപ്പടിയിലെ ഹെഡ് ഓഫീസില്‍ ധര്‍ണയും എട്ടിന് കേരളത്തിലെ മുഴുവന്‍ ശാഖകളും പണിമുടക്കി പ്രതിഷേധിച്ചിരുന്നു. കൂടാതെ കോട്ടയത്തെ റീജിയണല്‍ ഓഫീസ് 27ന് ഉപരോധിക്കുകയും ചെയ്തിരുന്നു. പ്രശ്‌നം ഈ മാസം പത്തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. സമരത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് 10നകം പ്രശ്‌നം തീര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here