സരിതയുടെ ഫോണിലേക്ക് എസ് എം എസ്; ഐ ജിയുടെ വാദം നിഷേധിച്ച് ഫോണ്‍ കമ്പനി

Posted on: September 6, 2016 6:00 am | Last updated: September 6, 2016 at 12:35 am
SHARE

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുമ്പ് ഐ ജി പത്മകുമാറിന്റെ നമ്പറില്‍ നിന്ന് സരിതയുടെ നമ്പറിലേക്ക് ഒരു എസ് എം എസ് അയച്ചിരുന്നോ എന്ന വിഷയത്തില്‍ ഐ ജി പത്മകുമാറിന്റെ വാദം നിഷേധിച്ച് മൊബൈല്‍ ഫോണ്‍ കമ്പനി പ്രതിനിധിയുടെ മൊഴി.
നേരത്തെ കമ്മീഷന്റെ കൈവശമുള്ള ഫോണ്‍കോള്‍ വിവരങ്ങളില്‍ ഐ ജി പത്മകുമാറിന്റെ നമ്പറില്‍ നിന്ന് സരിതയുടെ നമ്പറിലേക്ക് ഒരു എസ് എം എസ് അയച്ചിരുന്നതായി വ്യക്തമായിരുന്നു. എന്നാല്‍ ഒറിജിനല്‍ സി ഡി ആര്‍ ലിസ്റ്റില്‍ നിന്ന് അനലൈസ് ചെയ്‌തെടുത്ത പുതിയ ലിസ്റ്റില്‍ തീയതി രേഖപ്പെടുത്തിയതില്‍ ചില അവ്യക്തതകള്‍ ഉള്ളതായി പത്മകുമാര്‍ അന്ന് വാദിച്ചിരുന്നു. 2013 ജൂണ്‍ ഒന്നിന് രാത്രി 11.03 നാണ് എം എസ് എസ് അയച്ചിരിക്കുന്നതെന്ന് കമ്മീഷന്‍ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ 2013 ജനുവരി ആറിനാണ് എം എസ ്എസ് അയച്ചതായി കാണുന്നതെന്ന് പത്മകുമാറും വാദിച്ചു. ഇക്കാര്യത്തില്‍ യഥാര്‍ത്ഥ തീയതി ഉറപ്പിക്കുന്നതിനായി ബന്ധപ്പെട്ട മൊബൈല്‍ഫോണ്‍ സര്‍വീസ് ദാതാക്കളുടെ സഹായം തേടിയിരിക്കുകയാണിപ്പോള്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍. ഇതു സംബന്ധിച്ച വ്യക്തതക്കായി ഇന്നലെ ഐഡിയയുടെ കേരള സര്‍ക്കിള്‍ ഓഫീസര്‍ അഗസ്റ്റിനില്‍ നിന്ന് മൊഴിയെടുത്തതോടെ ഇക്കാര്യത്തിലുള്ള അവ്യക്തതക്ക് പരിഹാരമായി. സാധാരണ ഗതിയില്‍ സി ഡിആര്‍ ലിസ്റ്റില്‍ ദിവസം, മാസം, വര്‍ഷം എന്നീ ക്രമത്തിലാണ് വിവരങ്ങള്‍ രേഖപ്പെടുത്താറുള്ളതെന്ന് അഗസ്റ്റിന്‍ കമ്മീഷനില്‍ മൊഴി നല്‍കി. ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിന്റെ ഐടി ഹെഡിനേയും വരും ദിവസങ്ങളില്‍ കമ്മീഷന്‍ വിസ്തരിക്കും.