മാറ്റത്തിന് ‘കുട’പിടിച്ച് ഹോംഗ്‌കോംഗ്‌

Posted on: September 6, 2016 6:00 am | Last updated: September 6, 2016 at 12:33 am
SHARE
തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഡെമോസിസ്റ്റോ പാര്‍ട്ടി ചെയര്‍മാനും 'കുട' പ്രക്ഷോഭക നേതാവുമായ നതാന്‍ ലോ
തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഡെമോസിസ്റ്റോ പാര്‍ട്ടി ചെയര്‍മാനും ‘കുട’ പ്രക്ഷോഭക നേതാവുമായ നതാന്‍ ലോ

വിക്‌ടോറിയ സിറ്റി: ജനാധിപത്യത്തോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യം വിളിച്ചറിയിച്ച് ഹോംഗ്‌കോംഗ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (ലെഗ്‌കോ) തിരഞ്ഞെടുപ്പ് ഫലം. ചൈനക്ക് കീഴിലെ സ്വയം ഭരണാധികാര പ്രദേശമായ ഹോംഗ്‌കോംഗിന് പൂര്‍ണ അധികാരം ലഭിക്കണമെന്നും ജനാധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ ‘കുട വിപ്ലവ’ പ്രസ്ഥാനത്തിലെ യുവ നേതാക്കള്‍ അട്ടിമറി വിജയം നേടി. ഹോംഗ്‌കോംഗില്‍ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. 70ല്‍ 27 സീറ്റില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ജനാധിപത്യ പ്രക്ഷോഭക നേതാക്കള്‍ക്ക് സാധിച്ചു.
പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന 40 സീറ്റില്‍ മൃഗീയ ഭൂരിപക്ഷം നേടാന്‍ യുവ നേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. ചൈന നിര്‍ദേശിക്കുന്ന അംഗങ്ങളാണ് ശേഷിക്കുന്ന 30 സീറ്റിലുണ്ടാകുക. ഹോംഗ്‌കോംഗിന്റെ ഭരണ നിയന്ത്രണം ജനാധിപത്യ അനുകൂലികളായ ഡെമോസിസ്റ്റോ പാര്‍ട്ടിക്ക് ലഭിക്കില്ലെങ്കിലും കൗണ്‍സിലില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താനും ജനവിരുദ്ധ നടപടികള്‍ ഒഴിവാക്കാനും കഴിയും. നിയമനിര്‍മാണം, ഭേദഗതി, ജഡ്ജിമാരുടെ നിയമനവും നീക്കം ചെയ്യല്‍ എന്നിങ്ങനെയുള്ള നടപടികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ കൗണ്‍സിലില്‍ കുറഞ്ഞത് 47ല്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്. 27 ഡെമോസിസ്റ്റോ അംഗങ്ങള്‍ കൗണ്‍സിലിരിക്കുന്നതോടെ ചൈനയുടെ പ്രത്യേക താത്പര്യമുള്ള നിയമങ്ങള്‍ പലതും നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിക്കില്ല.
2014ല്‍ പൊട്ടിപുറപ്പെട്ട ‘കുട’ പ്രക്ഷോഭത്തിലെ മുന്‍നിര നേതാവും ഡെമോസിസ്റ്റോ പാര്‍ട്ടിയുടെ ചെയര്‍മാനുമായ 23കാരന്‍ നതാന്‍ ലോ റെക്കോര്‍ഡ് വിജയത്തോടെ നിയമനിര്‍മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അപ്രതീക്ഷിതമായ വിജയമാണെന്നും ഹോംഗ്‌കോംഗ് ജനത മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം ലോ പ്രതികരിച്ചു.
37 ലക്ഷം ജനങ്ങള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ 60 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് ആവേശകരവും വിപ്ലവാത്മകവുമായിരുന്നു. വോട്ടര്‍മാരുടെ തിരക്ക് കാരണം നേരത്തെ പ്രഖ്യാപിച്ചതിനും നാല് മണിക്കൂര്‍ കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് അവസാനിച്ചത്. പുലര്‍ച്ചെ 2.30ന് പോലും പല വോട്ടിംഗ് കേന്ദ്രങ്ങളിലും നീണ്ട നിരതന്നെ കാണപ്പെട്ടു.
അതേസമയം, തിരഞ്ഞെടുപ്പ് പലയിടങ്ങളിലും അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ചൈനീസ് അനുകൂലികളുടെയും സര്‍ക്കാറിന്റെ ഇടപെടല്‍ തിരഞ്ഞെപ്പിനെ സ്വാധീനിച്ചുവെന്നാണ് ഡെമോസിസ്റ്റോ പാര്‍ട്ടിയടക്കമുള്ളവരുടെ ആരോപണം. അതേസമയം ഇതുമായി ബന്ധപ്പെട്ട ആരോപണം സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. കുറ്റമറ്റ രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവായ ലിയംഗ് ചുന്‍ യിംഗ് വ്യക്തമാക്കി.
ഹോംഗ്‌കോംഗ് ഇനിയും ചൈനയുടെ ഭാഗമായി തുടരണമോ എന്ന കാര്യത്തില്‍ ഹിതപരിശോധന വേണമെന്ന ആവശ്യവുമായാണ് നതാന്‍ ലോയുടെ നേതൃത്വത്തിലുള്ള ‘ന്യൂജെനറേഷന്‍’ പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയിരുന്നത്. 79 ദിവസം നീണ്ടുനിന്ന പ്രക്ഷോഭം വിവാദമായ തിരഞ്ഞെടുപ്പ് പരിഷ്‌കാര നിയമം പിന്‍വലിക്കുന്നതിലേക്ക് നയിച്ചു. ഹോംഗ്‌കോംഗ് സര്‍ക്കാറിന്റെ തലവനായ ചീഫ് എക്‌സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്നതും നിയമനിര്‍മാണ സഭയായ ലെഗ്‌കോയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ചൈനീസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിയായിരുന്നു അത്.