പുണ്യമേറെയുണ്ട് ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങള്‍ക്ക്

Posted on: September 6, 2016 5:24 am | Last updated: September 6, 2016 at 12:25 am
SHARE

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങള്‍ ഏറെ ശ്രേഷ്ഠമാണ്. ആരാധനകള്‍ കൊണ്ട് ധന്യമാക്കേണ്ട ദിനങ്ങളാണ് ഈ പത്ത് ദിവസങ്ങള്‍. നബി (സ) പറയുന്നു: ദുല്‍ഹിജ്ജയിലെ പത്ത് ദിസവങ്ങളേക്കാള്‍ ആരാധനകള്‍ കൊണ്ട് അല്ലാഹുവിന് ഇഷ്ടമായ മറ്റൊരു ദിനവുമില്ല. നോമ്പ്, ഹജ്ജ്, നിസ്‌കാരം, ദാനദര്‍മം എന്നീ നാലും സംഗമിക്കുന്ന മാസമാണ് ദുല്‍ഹിജ്ജ. ഈ പ്രത്യേകത മറ്റൊരു മാസത്തിനുമില്ല. അതുകൊണ്ടാണ് ദുല്‍ഹിജ്ജ മാസത്തിന് ഇത്രയും മഹത്വം ലഭിച്ചതെന്ന് ഹദീസുകളെ വിശദീകരിച്ച് ഹാഫിള് അസ്ഖലാനി (റ) വ്യക്തമാക്കുന്നു.
ഇമാം ബുഖാരി(റ) പറയുന്നു: ഇബ്‌നുഉമര്‍ (റ), അബൂഹുറൈറ(റ) തുടങ്ങിയവര്‍ ഈ ദിനങ്ങളില്‍ അങ്ങാടിയിലേക്ക് പുറപ്പെട്ടിരുന്നത് തക്ബീര്‍ ചൊല്ലിക്കൊണ്ടായിരുന്നു. ജനങ്ങളും അവരോടൊപ്പം തക്ബീര്‍ ഏറ്റുചൊല്ലുമായിരുന്നു. ദുല്‍ഹിജ്ജയിലെ പത്ത് ദിനങ്ങളില്‍ നിങ്ങള്‍ തക്ബീറും തഹ്‌ലീലും തഹ്മീദും വര്‍ധിപ്പിക്കുക എന്ന നബി വചനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്. ദുല്‍ഹിജ്ജ എട്ട് ദിവസവും നോമ്പു നോല്‍ക്കല്‍ ശക്തിയായ സുന്നത്താണ്.
ഈ പത്ത് ദിനങ്ങള്‍ക്ക് ധാരാളം ശ്രേഷ്ഠതകളുണ്ട്. അവയെല്ലാം ഓരോ നബിമാരുമായി ബന്ധപ്പെട്ട് കിടക്കുന്നതായി പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു അബാസ് (റ) വില്‍ നിന്ന് നിവേദനം: ആദം നബി(അ)ന് അല്ലാഹു വിട്ടുവീഴ്ച നല്‍കിയ ദിവസം ദുല്‍ഹിജ്ജയിലെ ഒന്നാമത്തെ ദിവസമാണ്. അതിനാല്‍ ആ ദിനം നോമ്പനുഷ്ഠിച്ചാല്‍ അവന്റെ എല്ലാ ദോഷങ്ങളും പൊറുത്ത് നല്‍കുന്നതാണ്. രണ്ടാം ദിനം യൂനുസ് നബിയുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയും അവിടുന്ന് മത്സ്യ വയറ്റില്‍ നിന്ന് പുറത്തുവരികയും ചെയ്ത ദിവസമാണ്. ആ ദിവസം ആരെങ്കിലും നോമ്പനുഷ്ഠിച്ചാല്‍ അവന്‍ ഒരു വര്‍ഷം കുറ്റമറ്റ രൂപത്തില്‍ അല്ലാഹുവിനെ ആരാധിച്ചവനെ പോലെയാണ്. സകരിയ്യാ നബിയുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെട്ടത് മൂന്നാം ദിനത്തിലാണ്. അന്ന് ആരെങ്കിലും നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പ്രാര്‍ഥനക്കും അല്ലാഹു ഉത്തരം നല്‍കും . നാലാം ദിനത്തിലാണ് ഇസാ നബി (അ) ജനിച്ചത്. അന്ന് നോമ്പെടുത്തവരുടെ ദാരിദ്ര്യവും പ്രയാസങ്ങളും അല്ലാഹു ഇല്ലാതാക്കും. അഞ്ചാം ദിവസത്തിലാണ് മൂസാ നബി (അ) ജനിച്ചത്. ഈ ദിവസം നോമ്പനുഷ്ഠിച്ചാല്‍ കാപട്യത്തില്‍ നിന്നും ഖബര്‍ ശിക്ഷയില്‍നിന്നും മോചനമുണ്ടാകും. ആറാം ദിവസത്തിന്റെ പ്രത്യേകത ആ ദിനത്തിലാണ് അല്ലാഹു മുഹമ്മദ് നബി(സ)ക്ക് ധാരാളം നന്മകളുടെ കവാടം തുറന്നു കൊടുത്തത്. ഈ ദിനത്തിലെ നോമ്പെടുക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം ലഭിക്കും. ഏഴാം ദിനത്തില്‍ നരക കവാടങ്ങള്‍ അടക്കപ്പെടും. അയ്യാമുല്‍ അശ്ര്‍ ( ദുല്‍ഹിജ്ജ പത്ത് ദിനങ്ങള്‍) കഴിയാതെ അത് തുറക്കപ്പെടുകയില്ല. ഈ ദിനത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രയാസങ്ങളുടെ 30 കവാടങ്ങള്‍ അടക്കപ്പെടുകയും ഐശ്വര്യത്തിന്റെ 30 കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും. എട്ടാമത്തെ ദിനത്തില്‍ നോമ്പനുഷ്ഠിച്ചവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളു. അത്രക്കും പ്രതിഫലമുണ്ട് ഇതിനെന്നര്‍ഥം.

അറഫാ ദിനം
ദുല്‍ഹിജ്ജയിലെ ഒമ്പതാമത്തെ ദിവസമാണ് അറഫാ ദിനം. ഹജ്ജിലെ വളരെ പ്രധാനപ്പെട്ട ഒരു കര്‍മമാണ് അറഫയിലെ സംഗമം. ഹജ്ജ് എന്നാല്‍ അറഫ എന്നാണ് പാഠം. അന്നേ ദിവസം നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തുണ്ട്. മുമ്പുള്ള ഒരു വര്‍ഷത്തെയും ശേഷമുള്ള ഒരു വര്‍ഷത്തെയും മുഴുവന്‍ പാപങ്ങളും പൊറുക്കാന്‍ അറഫാ നോമ്പ് കാരണമാകുമെന്ന് ഹദീസിലുണ്ട്.
ആദം നബിയും ഹവ്വാ ബീവിയും സ്വര്‍ഗത്തില്‍നിന്ന് പുറത്തിറങ്ങിയ ശേഷം കണ്ടുമുട്ടിയ സ്ഥലമായതിനാലാണ് ഇതിനെ അറഫ എന്ന് വിളിക്കുന്നതെന്ന് അഭിപ്രായമുണ്ട്. അറഫ എന്ന നാമകരണത്തിന് മറ്റു പല അഭിപ്രായങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നബി(സ)യുടെ ചരിത്ര പ്രധാനമായ അവസാന പ്രസംഗം നിര്‍വഹിച്ചത് ഇവിടെ വെച്ചായിരുന്നു. പ്രസംഗത്തിന്റെ അവസാനത്തില്‍ ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു.’നിങ്ങളോട് സ്രഷ്ടാവിന്റെ സന്നിധിയില്‍ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോള്‍ എന്താണ് നിങ്ങള്‍ പറയുക? ജനസമൂഹം ഒരേ സ്വരത്തില്‍ മറുപടി നല്‍കി. ‘അങ്ങ് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങള്‍ മറുപടി നല്‍കും.’ അന്നേരം ആകാശത്തേക്ക് കണ്ണും കൈയുമുയര്‍ത്തി അവിടുന്ന് പ്രാര്‍ത്ഥിച്ചു.’അല്ലാഹുവേ, നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ’. പ്രവാചകന്‍(സ)അറഫാ മൈതാനിയില്‍ ഒരുമിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ചരിത്രത്തിലിടം പിടിച്ച ഒന്നായിരുന്നു. ഇസ്‌ലാം പൂര്‍ണമായെന്നുള്ള ഖുര്‍ആന്റെ പ്രഖ്യാപനവും അറഫയില്‍ വെച്ചായിരുന്നു.

ദുല്‍ഹിജ്ജ പത്ത്
പത്താം ദിനം ബലി പെരുന്നാളാണ്. അന്ന് ആരെങ്കിലും ബലി കര്‍മം നിര്‍വഹിച്ചാല്‍ അതിന്റെ രക്ത തുള്ളികളുടെ കണക്കനുസരിച്ച് അവന്റെയും അവന്റെ കുടുംബത്തിന്റെയും ദോഷങ്ങള്‍ അല്ലാഹു പൊറുത്ത് നല്‍കും. കൂടാതെ ഈ ദിവസത്തില്‍ ഭക്ഷണം നല്‍കുന്നതും സ്വദഖ നല്‍കുന്നതും ഏറെ പുണ്യകരമായ കാര്യമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here