Connect with us

Articles

മനുഷ്യന്‍ കാഴ്ചക്കാരനും കാവല്‍ക്കാരനുമാകുന്ന കാലം

Published

|

Last Updated

ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായങ്ങളുടെ വളര്‍ച്ച മൂലം ഇന്ത്യയില്‍ തൊഴിലവസരങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. വിവരസാങ്കേതിക മേഖലയില്‍ “ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്” (Internet of things- IOT) എന്ന് വിളിക്കപ്പെടുന്ന സങ്കേതങ്ങളുടെ വര്‍ധിച്ചുവരുന്ന ഉപയോഗമാണ് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് പിന്നിലെന്ന് അടുത്തിടെ സിനോവ് എന്ന കണ്‍സല്‍ട്ടിംഗ് സ്ഥാപനം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 70,000ത്തിലധികം തൊഴിലവസരങ്ങളാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ നഷ്ടപ്പെടുന്നത്. യഥാര്‍ഥത്തിലുള്ള കണക്കുകള്‍ ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍ കൂടി വ്യവസായ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതുമൂലം പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ കണക്കിലെടുക്കുമ്പോഴാണ് 70,000ത്തിലേക്ക് കുറയുന്നത്. ഇന്ത്യന്‍ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ എഴുപതിനായിരവും ലക്ഷവുമൊക്കെ വളരെ കുറഞ്ഞ തോതിലുള്ളതാണെങ്കിലും വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചാതോത് നോക്കുമ്പോള്‍ ഭാവിയില്‍ ഇതിന്റെ അളവ് വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ഇങ്ങനെ നഷ്ടപ്പെടുന്ന അവസരങ്ങളില്‍ അധികവും ഐ ടി അധിഷ്ഠിത വ്യവസായങ്ങളിലായിരിക്കും. ഇപ്പോള്‍ നാലാം തലമുറയില്‍ എത്തിനില്‍ക്കുന്ന ഇന്റര്‍നെറ്റ് അഞ്ചാം തലമുറയിലേക്ക് കടക്കുന്നതോടുകൂടി വേഗതയുമായി ബന്ധപ്പെട്ട കുറെയേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇതും നിരവധി തൊഴിലവസരങ്ങളെ ഇല്ലാതാക്കാന്‍ സാധ്യതയേറെയാണ്.
ലോകത്ത് വ്യാപകമാകുന്ന സ്മാര്‍ട്ട് ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം തൊഴിലിടങ്ങളിലെയും വ്യവസായസ്ഥാപനങ്ങളിലെയും മനുഷ്യവിഭവ ശേഷിയുടെ ആവശ്യം കുറക്കുന്നതുമൂലമാണ് ഇത്തരം തൊഴില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നത്. ലോകത്തെവിടെ ഇരുന്നും തന്റെ ഓഫീസും സ്ഥാപനവും കൈയിലിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. വര്‍ത്തമാനകാലത്ത് ഇന്റര്‍നെറ്റ് പണം ചെലവാകുന്ന ഒരു ഏര്‍പ്പാടാണെങ്കിലും ഭാവിയില്‍ അത് ഒരു സംഭവമേ അല്ലാതായി മാറുമെന്ന് സാങ്കേതികവിദ്യയുടെ വളര്‍ച്ച തെളിയിക്കുന്നു. വായുവും ജലവും മനുഷ്യന് എത്രത്തോളം പ്രധാനപ്പെട്ടതാണോ അതുപോലെ തന്നെ പ്രധാനപ്പെട്ടതായിരിക്കും ഭാവിയില്‍ ഇന്റര്‍നെറ്റും. ഒരു ജി ബിക്ക് വേണ്ടി 200ഉം 250ഉം മുടക്കുന്നവര്‍ക്കും ഫ്രീ വൈഫൈ സ്‌പോട്ടുകള്‍ തിരഞ്ഞുനടക്കുന്നവര്‍ക്കും ഭാവിയില്‍ അതിന്റെ ആവശ്യമുണ്ടാകില്ല. ഇന്റര്‍നെറ്റില്ലാതെ ജീവിക്കുക എന്നത് അസംഭവ്യമായിരിക്കുന്ന കാലം അതിവിദൂരത്തല്ല. കാരണം ഇനി നിര്‍മിക്കപ്പെടുന്ന ഡിജിറ്റല്‍ ഉപകരണങ്ങളും മെഷിനറികളും ഓഫീസുകളും ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടതായിരിക്കും. അതിനാല്‍ ഇന്റര്‍നെറ്റ് ലോകത്ത് സര്‍വസാധാരണമായ ഒരു സംഗതിയായി മാറും.
ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സപ്പോര്‍ട്ട് സ്റ്റാഫ്, റിപ്പയറിംഗ് തുടങ്ങിയ മേഖലകളിലൊക്കെ ഇന്റര്‍നെറ്റ് അധിഷ്ഠിത സങ്കേതങ്ങളുടെ വ്യാപക ഉപയോഗമാണ് വരും വര്‍ഷങ്ങളില്‍ ലോകം കാണാന്‍ പോകുന്നത്. 2020 ഓടെ ഇത്തരത്തിലുള്ള സങ്കേതങ്ങളുടെ എണ്ണം 50 ബില്യനായി വര്‍ധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതായത് ലോകത്തുള്ള ഓരോ മനുഷ്യന്റെയും കൈവശം ഇത്തരത്തിലുള്ള നാല് “ഡിവൈസുകള്‍” എങ്കിലുമുണ്ടായിരിക്കുമെന്നര്‍ഥം. ഐ ഒ ടി (Internet of things)അധിഷ്ഠിത സംരംഭങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇന്ന് നിലവിലുള്ള നിരവധി തൊഴിലുകള്‍ അപ്രത്യക്ഷമാകുമെന്നുറപ്പാണ്. വ്യവസായ- വാണിജ്യ സ്ഥാപനങ്ങളിലെ മനുഷ്യവിഭവശേഷി വളരെയേറെ കുറയുന്നുവെന്നതാണ് ഇത്തരം സങ്കേതങ്ങളുടെ നേട്ടം. ഐ ഒ ടിയുമായി ബന്ധപ്പെട്ട് പുതിയ തൊഴിലുകള്‍ ഉടലെടുക്കുമെങ്കിലും നഷ്ടപ്പെടുന്നതിന് തുല്യമാകില്ല. തൊഴിലിടങ്ങളിലെ തൊഴിലാളി സാന്നിധ്യം കുറക്കുക എന്നത് വേദവാക്യമാകുന്ന ഇക്കാലത്ത് ഇത്തരം സങ്കേതങ്ങള്‍ വളരെ പെട്ടെന്ന് പടര്‍ന്ന് പന്തലിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

എന്താണ് “ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്”
നാം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മെഷീനുകളെയും ഡിജിറ്റല്‍ ഉപകരണങ്ങളെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന സങ്കേതങ്ങളെ (ഡിവൈസുകള്‍) പൊതുവെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്ന് പറയാം. സെന്‍സറുകള്‍, സ്‌കാനറുകള്‍, ആപ്ലിക്കേഷനുകള്‍ ഇങ്ങനെ തുടങ്ങി ഈ രംഗത്ത് ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ നിരവധിയാണ്. വ്യവസായ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ മനുഷ്യന്‍ എടുക്കുന്ന പല തീരുമാനങ്ങളും ഇനി മുതല്‍ ഇത്തരം സെന്‍സറുകളായിരിക്കും എടുക്കുക. ഇതുവഴി വ്യവസായ സ്ഥാപനങ്ങളിലും ഓഫീസുകളിലും വീടുകളിലും ഉപയോഗിക്കുന്ന മെഷിനറികള്‍ നിയന്ത്രിക്കാനും നിര്‍ദേശങ്ങള്‍ കൊടുക്കാനും കഴിയുന്നു. എന്നുമാത്രമല്ല, വിദൂരസ്ഥലങ്ങളില്‍നിന്ന് ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിച്ച് മറ്റു മനുഷ്യപ്രയത്‌നം കൂടാതെ തന്നെ വിവരങ്ങള്‍ ശേഖരിക്കാനും അതനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കഴിയുന്നു. ഇതെല്ലാം ചെയ്യുന്നത് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിവൈസുകളാണ്. മനുഷ്യപ്രയത്‌നം തീരെ വരുന്നില്ല എന്നര്‍ഥം. എപ്പോഴും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഇത്തരം മെഷിനറികള്‍ നിയന്ത്രിക്കാന്‍ മനുഷ്യപ്രയത്‌നം തീരെയില്ലാതെ സാധിക്കുന്നുവെന്നതാണ് ഐ ഒ ടി ലോകത്ത് സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഐ ഒ ടി ഏറ്റവും കൂടുതല്‍ പ്രയോജനകരമാകുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍, ബിസിനസ്, വ്യാപാരം എന്നീ മേഖലകളിലാണ്. ഇത്തരം സങ്കേതങ്ങളുടെ ഉപയോഗം ഈ മേഖലയിലെല്ലാം മനുഷ്യവിഭവ ശേഷി കുറക്കാനും അതുവഴി വിവിധ പദ്ധതികളും ബിസിനസ് സംവിധാനങ്ങളും കുറ്റമറ്റതാക്കാനും നഷ്ടം കുറച്ച് ലാഭം വര്‍ധിപ്പിക്കാനും പ്രാപ്തമാക്കുന്നു. തങ്ങളുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനും ഇതുവഴി അവര്‍ക്ക് കഴിയുന്നു.

മനുഷ്യന്‍ വെറും കാഴ്ചക്കാരന്‍
സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം നിത്യജീവിതത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഐ ഒ ടി മനുഷ്യനെ വെറും “കാവല്‍ക്കാരനാ”ക്കി മാറ്റുന്നുവെന്നതാണ് സത്യം. ദൈനംദിനം നാം ബന്ധപ്പെടുന്നതെല്ലാം ഇപ്പോള്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുകയാണ്. വീട്, കാറ്, ഓഫീസ് എല്ലാം ഇപ്പോള്‍ സ്മാര്‍ട്ടാണ്. ഇതെല്ലാം സാധ്യമാക്കുന്നത് ഐ ഒ ടിയുടെ പ്രവര്‍ത്തനം മൂലമാണെന്ന് പറയാം. വീട്ടിലെയും ഓഫീസിലെയും എന്നുവേണ്ട മുഴുവന്‍ മേഖലകളിലെയും സംവിധാനങ്ങള്‍ ഐ ഒ ടി ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നു. ഉദാഹരണത്തിന് വീട്ടിലെ എയര്‍കണ്ടീഷണര്‍ ആവശ്യാനുസരണം പ്രവര്‍ത്തിക്കുകയും വീട്ടിന് പുറത്തെ താപനില സെന്‍സര്‍ ചെയ്ത് തണുപ്പ് ക്രമീകരിക്കുകയും ചെയ്യുന്നു. അതുപോലെ വീട്ടിലെ വാഷിംഗ് മെഷീനും കെറ്റലും ലൈറ്റും എല്ലാം പ്രവര്‍ത്തിക്കുന്നതും പ്രവൃത്തി അവസാനിപ്പിക്കുന്നതും നമ്മുടെ സാന്നിധ്യത്തിനനുസരിച്ചും പ്രവൃത്തികള്‍ക്ക് അനുസരിച്ചുമായിരിക്കും. ഇതെല്ലാം ഈ ഉപകരണങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകളായിരിക്കും നിര്‍വഹിക്കുക.
വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിവിധ ശാഖകളെ നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും തുടങ്ങി നിരവധി സേവനങ്ങള്‍ ഇതുവഴി സാധ്യമാകുന്നു. ഓഫീസുകളില്‍ ക്രമീകരിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വികള്‍ മുഖേന തൊഴിലാളികളുടെ സാന്നിധ്യം ഉറപ്പുവരുത്താനും ഉത്പാദനവും വിപണനവും വേണ്ടവിധം നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയുന്നു. ഇതെല്ലാം നിയന്ത്രിക്കാന്‍ ഉടമസ്ഥന്റെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ മതിയാകും. മനുഷ്യന്‍ മനുഷ്യനിലേക്കും കമ്പ്യൂട്ടറിലേക്കും നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ ഇനി മുതല്‍ ഇത്തരം ഡിവൈസുകള്‍ നിര്‍വഹിക്കുമ്പോള്‍ മനുഷ്യന്‍ വെറും കാഴ്ചക്കാരനോ അല്ലെങ്കില്‍ കാവല്‍ക്കാരനോ ആയി ചുരുങ്ങുകയാണെന്നര്‍ഥം.
വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ വാണിജ്യസ്ഥാപനങ്ങളില്‍ ഐ ഒ ടി അധിഷഠിത സേവനങ്ങള്‍ക്കായി പ്രത്യേക വിഭാഗങ്ങള്‍ തന്നെയുണ്ട്. ആമസോണ്‍ വെബ് സര്‍വീസ്, തിങ്ക് വോര്‍ക്‌സ് ഐ ഒ ടി പ്ലാറ്റ്‌ഫോം, സിസ്‌കോ ഐ ഒ ടി ക്ലൗഡ് കണക്ട്, സെയില്‍സ്‌ഫോഴ്‌സ് ഐ ഒ ടി ക്ലൗഡ്, ഐ ബി എം വാട്‌സണ്‍, മൈക്രോസോഫ്റ്റ് അസൂര്‍ തുടങ്ങി നിരവധി കമ്പനികള്‍ ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഓര്‍ഡര്‍ സ്വീകരിക്കുക മാത്രമല്ല ഉത്പന്നങ്ങള്‍ ഉപഭോക്താവിന് എത്തിച്ചുകൊടുക്കുന്നതും ഇത്തരം ഐ ഒ ടി സേവനങ്ങള്‍ മുഖേനയായിരിക്കും. റിമോട്ട് സെന്‍സര്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഡ്രോണുകള്‍ ഈ രംഗത്ത് വ്യാപകമാകുകയാണ്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഡ്രോണുകല്‍ വഴി വീട്ടുമുറ്റത്ത് എത്തുന്ന കാലം വിദൂരമല്ല.

നഷ്ടപ്പെടുന്ന സുരക്ഷ
ഐ ഒ ടിയുടെ വ്യാപക ഉപയോഗം വഴി ലോകത്ത് തൊഴിലവസരങ്ങള്‍ കുറയുന്നത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെങ്കിലും അതിനേക്കാളേറെ അപകടം ഇതുവഴി സംഭവിക്കുന്ന സുരക്ഷാ പാളിച്ചകളാണ്. വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ (ഡാറ്റകള്‍) സൂക്ഷിക്കേണ്ടിവരുന്നു എന്നതാണ് ഇതില്‍ ഒന്നാമത്തേത്ത്. ഇങ്ങനെ സൂക്ഷിക്കപ്പെടുന്ന വിവരങ്ങള്‍ നഷ്ടപ്പെടാതെയും മോഷ്ടിക്കപ്പെടാതെയും സൂക്ഷിക്കുക എന്നത് ഇത്തരം കമ്പനികള്‍ക്കുമേല്‍ ഭാരിച്ച ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നു. വ്യവസായ സ്ഥാപനങ്ങളിലെയും വീടുകളിലെയും രഹസ്യങ്ങളിലേക്ക് കടന്നുകയറാന്‍ സൈബര്‍ ലോകത്തെ കുറ്റവാളികള്‍ക്ക് ഐ ഒ ടി പലപ്പോഴും അവസരമുണ്ടാക്കും. ഐ ഒ ടിയുടെ വലിയ സംഭാവനയായ ഡ്രൈവറില്ലാ വാഹനങ്ങള്‍ മോഷ്ടിക്കപ്പെടാനും സാധ്യതകള്‍ വളരെ വലുതാണ്. കാരണം വിവരസാങ്കേതിക രംഗം എത്ര മെച്ചപ്പെട്ടാലും അതിനെയെല്ലാം മറികടക്കാന്‍ സാങ്കേതികജ്ഞാനമുള്ളവരാണ് സൈബര്‍ ലോകത്തെ ക്രിമിനലുകള്‍. തൊഴില്‍ നഷ്ടം എന്നത് ലോകം നേരിടുന്ന വലിയ പ്രശ്‌നമാണെങ്കിലും ജീവനും സ്വത്തും നഷ്ടപ്പെടുന്നതായിരിക്കും ഐ ഒ ടി ലോകത്ത് സൃഷ്ടിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി.