Connect with us

Gulf

സമുദ്രാതിര്‍ത്തി ലംഘനം പ്രതിരോധിക്കാന്‍ യൂറോപ്യന്‍ സാങ്കേതികവിദ്യ ഉപയോഗിക്കും

Published

|

Last Updated

എം ബി ഡി എ, ഖത്വര്‍ പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെക്കുന്നു

ദോഹ: രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചു കൊണ്ടുള്ള ശത്രുക്കളുടെ പ്രവര്‍ത്തനം കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും സാധിക്കുന്ന യൂറോപ്യന്‍ സാങ്കേതികവിദ്യ സജ്ജമാക്കാന്‍ ഖത്വര്‍ കരാറിലൊപ്പിട്ടു. അമീരി നേവല്‍ ഫോഴ്‌സും യൂറോപ്യന്‍ സ്ഥാപനമായ എം ബി ഡി എയുമായാണ് ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ധാരണയായത്. എക്‌സോസെറ്റ്, മാര്‍ട്ടി ഇ ആര്‍ മിസൈലുകള്‍ ഉപയോഗിക്കുന്ന സംവിധാനമാണിത്.
എം ബി ഡി എയുടെ ഏഴു മിസാല്‍ വാഹിനിക്കപ്പലുകള്‍ വാങ്ങുന്നതിന് ഖത്വര്‍ ധാരണയിലെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കമ്പനിയുമായി പുതിയ കരാര്‍. എം ബി ഡി എയാണ് തങ്ങളുടെ വെബ്‌സൈറ്റില്‍ കരാര്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. എയര്‍ബസ്, ബി എ ഇ സിസ്റ്റംസ്, ലിയോനാഡോ ഫിന്‍മെക്കാനിയ എന്നിവയുടെ സംയുക്ത സംരംഭമാണ് എം ബി ഡി എ. ഖത്വറിനു വേണ്ടി പ്രധാന പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണിത്. ഖത്വറിനു വേണ്ടി പ്രതിരോധ ഉപകരണങ്ങള്‍ നല്‍കുന്ന മുഖ്യ സ്ഥാപനമാണ് തങ്ങളെന്നും ഖത്വരി സായുധ സേനയെ പിന്തുണക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രതിബദ്ധത തുടരാനും തങ്ങള്‍ ബാധ്യസ്ഥരാണെന്നും എം ബി ഡി എ സി ഇ ഒ ആന്റൈന്‍ ബോവിയര്‍ പറഞ്ഞു.
തീര സംരക്ഷണത്തിനു വേണ്ടി നടത്തുന്ന നിക്ഷേപത്തോടൊപ്പം ഖത്വര്‍ വ്യോമ പ്രതിരോധ ശേഷി ഉയര്‍ത്തുന്നതിനും സന്നദ്ധമായിരുന്നു. ബോയിംഗില്‍നിന്നും 36 എഫ് 15 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഖത്വറിന്റെ സന്നദ്ധതക്ക് കഴിഞ്ഞ ദിവസം യു എസ് നിയമസ്ഥാപനം അംഗീകാരം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 700 കോടി ഡോളറിന്റെ വ്യാപാരമാണിതെന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് നിര്‍മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷനില്‍നിന്നും 2775 കോടി റിയാലിന്റെ യുദ്ധവിമാനങ്ങള്‍ വാങ്ങന്ന കരാറില്‍ ഒപ്പു വെച്ചിരുന്നു. 24 റാഫല്‍ വിമാനങ്ങള്‍ക്കായിരുന്നു ഇത്. പ്രതിരോധ രംഗത്ത് ഖത്വറും യു കെയും സഹകരണമുണ്ട്.

Latest