പേരാമ്പ്ര എസ്‌റ്റേറ്റില്‍ കാട്ടാനക്കൂട്ടമിറങ്ങി: തൊഴിലാളികളെ കാട്ടാനകള്‍ വിരട്ടിയോടിച്ചു

Posted on: September 5, 2016 10:22 pm | Last updated: September 5, 2016 at 10:22 pm
പേരാമ്പ്ര എസ്‌റ്റേറ്റില്‍ കാട്ടാന കൂട്ടം നശിപ്പിച്ച റബ്ബര്‍ മരങ്ങള്‍
പേരാമ്പ്ര എസ്‌റ്റേറ്റില്‍ കാട്ടാന കൂട്ടം നശിപ്പിച്ച റബ്ബര്‍ മരങ്ങള്‍

പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷനു കീഴില്‍ മുതുകാട്ടിലുള്ള പേരാമ്പ്ര എസ്‌റ്റേറ്റില്‍ കാട്ടാനക്കൂട്ടമിറങ്ങി പരിഭ്രാന്തി സൃഷ്ടിക്കുന്നു. വിള നശിപ്പിക്കലിനു പുറമെ തൊഴിലാളികളെ അക്രമിക്കാനും മുതിരുന്നുണ്ടത്രെ! ഇന്നലെ കാലത്ത് മുതല്‍ എസ്‌ററ്റില്‍ കൂട്ടം കൂടി നില്‍ക്കുന്ന കാട്ടാനകള്‍ തൊഴിലാളികളെ വിരട്ടിയോടിച്ചു. ഇതിനിടയില്‍ റബ്ബര്‍ തോട്ടത്തിലും ആനക്കൂട്ടം പരാക്രമം നടത്തി. ആന കൂട്ടത്തെ കണ്ട് ജീവനും കൊണ്ടോടുതിനിടയില്‍ ചിലതൊഴിലാളികള്‍ക്ക് വീണ് നിസാര പരുക്കേറ്റിട്ടുമുണ്ട്. കാലത്ത് റബ്ബര്‍ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് കാട്ടാന കൂട്ടമിറങ്ങിയത്. പ്രായമായ റബ്ബര്‍ മരങ്ങളുള്ള തോട്ടത്തില്‍ ടാപ്പിംഗ് നടക്കുന്നില്ല. ഈ ഭാഗം കാടുപിടിച്ച് കിടക്കുകയാണ്. ഇവിടങ്ങളിലാണ് കാട്ടാനകള്‍ വിഹരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ ആനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. എസ്‌റ്റേറ്റിലേക്ക് ആന കടക്കാതിരിക്കാന്‍ സൗരോര്‍ജ്ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തകര്‍ന്നിരിക്കുകയാണ്. വേലി പുന: സ്ഥാപിക്കണമെന്നും പാച്ചിംഗ് ഏരിയയിലെ കാട് വെട്ടി തെളിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.