ദുബൈയുടെ വളര്‍ച്ച കണ്ട്, വിസ്മയം പൂണ്ട്

Posted on: September 5, 2016 3:04 pm | Last updated: September 6, 2016 at 10:17 pm
SHARE

dubai-expo-2ദുബൈയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2009ല്‍ രണ്ട് വലിയ വികസന സംഭവങ്ങള്‍ നടന്നു. ഒന്ന്, ദുബൈ നഗരത്തിന്റെ മുഖച്ഛായ മാറ്റിയ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങി, രണ്ട് ബുര്‍ജ് ഖലീഫ ലോകത്തിലെ പൊക്കം കൂടിയ കെട്ടിടം എന്നഖ്യാതി നേടി. മെട്രോ ട്രെയിന്‍ ഗതാഗതത്തിന് പശ്ചാത്തല സൗകര്യമൊരുക്കാന്‍ 2005 മെയിലാണ് തീരുമാനിച്ചത്. 1245 കോടി ദിര്‍ഹമാണ് ചെലവ് കണക്കാക്കിയത്. നിര്‍മാണത്തിനു വേണ്ടി ജപ്പാനിലെ മിത്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസ്, ഒബയാഷി കോര്‍പറേഷന്‍ തുടങ്ങിയ കമ്പനികളെ ഉള്‍പെടുത്തി ദുബൈ റെയില്‍ ലിങ്ക് കണ്‍സോര്‍ഷ്യം നിലവില്‍ വന്നു. നിര്‍മാണം തുടങ്ങിത് 2006ല്‍. 2009 സെപ്തംബറില്‍ റാശിദയയെയും ജബല്‍ അലി ഫ്രീസോണിനെയും ബന്ധിപ്പിക്കുന്ന ചുകപ്പ്പാത പൂര്‍ത്തിയാക്കണമെന്ന് ദുബൈ ഭരണകൂടം നിര്‍ദേശിച്ചിരുന്നു.
തിരക്കേറിയ ശൈഖ് സായിദ് റോഡില്‍ റെയില്‍ പാളത്തിനുള്ള തൂണുകള്‍ ഓരോന്നായി ഉയര്‍ന്നുവരുന്നത് ദുബൈ നിവാസികള്‍ക്ക് ആനന്ദകരമായ കാഴ്ചയായിരുന്നു. ദുബൈയെ ലോകനിലവാരത്തിലുള്ള നഗരമായി മാറ്റുന്ന പ്രക്രിയക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയുന്നതില്‍ ഏവരും അഭിമാനം കൊണ്ടു. മലയാളമാധ്യമങ്ങള്‍, ദുബൈ മെട്രോയുടെ ഓരോ ചുവടുവെപ്പിനെയും ആഘോഷമായി കണ്ടു.
ജെബല്‍ അലി തുറമുഖവും രാജ്യാന്തര വിമാനത്താവളവുമായിരുന്നു എഴുപതുകളില്‍ ദുബൈയുടെ മുഖച്ഛായ മാറ്റിയതെങ്കില്‍, ആധുനിക കാലത്ത് മെട്രോയും ഡൗണ്‍ടൗണുമാണ് ദുബൈയെ മേഖലയിലെ ഏറ്റവും നവീന നഗരമാക്കി മാറ്റിയത്. ഡൗണ്‍ ടൗണില്‍ ലോകത്തിലെ പൊക്കം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അടക്കമുള്ള നിര്‍മിതികളും സൗകര്യങ്ങളും പാശ്ചാത്യ നഗരങ്ങളെ വെല്ലുവിളിക്കാന്‍ പോന്നതായി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും പ്രശംസ പിടിച്ചുപറ്റി. മുന്‍ നിശ്ചയപ്രകാരം 2009-09-09- എന്ന തിയതിയില്‍ രാത്രി ഒമ്പതിനു ഒമ്പത് മിനിട്ടും ഒമ്പത് സെക്കന്റും ആയപ്പോള്‍ ദുബൈ നഗരത്തിന് മെട്രോയുടെ ആദ്യഘട്ടം ശൈഖ് മുഹമ്മദ് തുറന്ന് കൊടുത്തു. ഇത്തരം ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സിറാജ് ദിനപത്രം മുന്നിലുണ്ടായിരുന്നു.
വേള്‍ഡ് എക്‌സ്‌പോ 2020ക്കു വേണ്ടിയുള്ള ദുബൈയുടെ ശ്രമത്തെ വിദേശികളടക്കം ഓരോരുത്തരും ആവേശത്തോടെയാണ് കണ്ടത്. 2013 നവംബര്‍ 27 പലര്‍ക്കും മറക്കാന്‍ കഴിയില്ല. പാരീസില്‍ ബ്യൂറോ ഓഫ് ഇന്റര്‍നാഷണന്‍ എക്‌സ്‌പൊസിഷന്‍സിന്റെ യോഗം കഴിയുന്നതും തീരുമാനം വരുന്നതും കാത്ത് ദുബൈ നഗരം കണ്ണിലെണ്ണയൊഴിച്ചിരുക്കകയായിരുന്നു. റഷ്യയിലെ യെകാതെറിന്‍ബര്‍ഗ്, തുര്‍ക്കിയിലെ ഇസ്മിര്‍, ബ്രസീലിലെ സാവോ പോളോ എന്നീ നഗരങ്ങളെ പിന്തള്ളിയാണ് ദുബൈ വേള്‍ഡ് എക്‌സ്‌പോ അതിഥേയത്വം നേടിയെടുത്തത്. എക്‌സ്‌പോയുടെ ബിഡ് പാര്‍ട്ണറായിരുന്നു സിറാജ് ദിനപത്രം. മധ്യപൗരസത്യ മേഖലയിലേക്ക് ആദ്യമായിട്ടാണ് വേള്‍ഡ് എക്‌സ്‌പോ എത്തുന്നത്. ജെബല്‍ അലിക്കു സമീപം 438ഹെക്ടറില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി വരുന്നു. അതിനു മുമ്പായി മറ്റൊരു വിസ്മയമായി, ദുബൈ വാട്ടര്‍ കനാല്‍ യാഥാര്‍ത്ഥ്യമാകും. 120 മീറ്റര്‍ വീതിയില്‍ നഗരത്തെ കീറിമുറിച്ച് 3.2 കിലോമീറ്റര്‍ ജലഗതാഗത പദ്ധതി.
ഇതെല്ലാം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലകാര്യങ്ങളില്‍ സമൂഹത്തിന് ബോധവല്‍കരണം നല്‍കുന്ന ഉത്തരവാദിത്വം കൂടി സിറാജ് ഏറ്റെടുത്തിട്ടുണ്ട്. അതില്‍ പ്രധാനം യു എ ഇ അഭ്യന്തര മന്ത്രാലയവുമായി കൈകോര്‍ത്ത് എല്ലാ വെള്ളിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഫീച്ചറാണ്. അവ അഞ്ചുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഗതാഗതം ഉള്‍പടെ ഓരോ നിയമങ്ങളെക്കുറിച്ചും പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും ഫീച്ചറിലൂടെ ജനങ്ങളെ ബോധിപ്പിക്കുന്നു. മലയാളത്തിനുള്ള ഭരണകൂട അംഗീകാരം കൂടിയാണിത്.