Connect with us

Gulf

പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനം ഡല്‍ഹിയില്‍

Published

|

Last Updated

ഷാര്‍ജ: വിദ്യാഭ്യാസ രംഗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുന്ന വിദ്യാഭ്യാസ സമ്മേളനം ഈ മാസം ഒന്‍പതിന് ഡല്‍ഹിയില്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഭവനിലാണ് നടക്കുക. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യപ്രഭാഷണം നടത്തും. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വാണി റാവു നേതൃത്വം നല്‍കും.
ഇതാദ്യമായാണ് പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ സ്വദേശത്തും വിദേശത്തുമായി അനുഭവിക്കുന്നപ്രയാസങ്ങളെ കുറിച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രവാസി ഭാരതീയ ദിവസ് പാനല്‍ ചര്‍ച്ചയെന്ന പേരിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
അടുത്തിടെ അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ അക്രമണങ്ങളും ചൂണ്ടിക്കാട്ടുമെന്നും ഇത്തരം സംഭവങ്ങള്‍ക്കു അറുതി വരുത്താനാവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ മേഖലയിലെ പരിചയസമ്പന്നരും വിദഗ്ധരും പ്രാവീണ്യമുള്ളവരുമായ പ്രമുഖരാണ് ഒരു ദിവസം നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക.
പ്രധാനമായും രണ്ടു വിഷയങ്ങളിലാണ് സമ്മേളനത്തില്‍ ചര്‍ച്ച നടക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗള്‍ഫ് മേഖലയുള്‍പെടെ വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ നേരിടുന്നപ്രശ്‌നമാണ് ഒന്ന്. ഇന്ത്യയില്‍ പഠനം നടക്കുന്ന പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് രണ്ടാമത്തേത്. ഈ രണ്ട് കാര്യങ്ങളിലും വിശദമായ ചര്‍ച്ചയാണ് നടക്കുകയെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
വിദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കു ഉന്നത പഠനത്തിനു മാതൃരാജ്യത്തെയും ഇതരവിദേശ രാജ്യങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ അക്രമങ്ങള്‍ക്കിരയായ സംഭവം അരങ്ങേറിയിരുന്നു. ഇത് വിദേശങ്ങളില്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്നതിനുള്ള ഈ സമ്മേളനം ഏറെ പ്രധാന്യമര്‍ഹിക്കുന്നു. നേരത്തെ പ്രവാസിഭാരതീയ ദിവസ് എന്ന പേരില്‍ ഒറ്റ സമ്മേളനത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറാണ് പതിവ്. ഇതില്‍നിന്ന് വ്യത്യസ്ഥമായി ഒരോ മേഖലയെകുറിച്ചും പ്രത്യേക സമ്മേളനം നടത്തുകയെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സമ്മേളനം. സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി കെ സിംഗ് പങ്കെടുക്കും.