ഷാര്‍ജയേയും ദുബൈയേയും ബന്ധിപ്പിച്ച് പുതിയ റോഡ്

Posted on: September 5, 2016 2:59 pm | Last updated: September 6, 2016 at 10:17 pm
SHARE

roadഷാര്‍ജ: ഷാര്‍ജയേയും ദുബൈയേയും വേഗത്തില്‍ ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറന്നു. ഷാര്‍ജ അതിര്‍ത്തിയിലെ അല്‍ ബദീഅ് മേഖലയില്‍ നിന്നാണ് റോഡ് ആരംഭിക്കുന്നത്. രണ്ട് കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന റോഡില്‍ മൂന്ന് വരികളാണുള്ളത്. യു എ ഇ അടിസ്ഥാന വികസന മന്ത്രാലയ പദ്ധതിയാണ് റോഡ്.
തിരക്കുള്ള സമയങ്ങളില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ പെട്ടെന്ന് എത്തിപ്പെടാന്‍ റോഡ് സഹായിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജി. ഹസന്‍ അല്‍ മന്‍സൂരി പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രധാന റോഡുകളില്‍ ഗതാഗതത്തിരക്ക് രൂക്ഷമായതോടെ ഇരു എമിറേറ്റുകളിലേക്കും സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ റോഡ് വളരെ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുകയെന്ന യു എ ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിവിധ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി കൂടുതല്‍ ഫെഡറല്‍ റോഡുകള്‍ തുറക്കും.
ഷാര്‍ജയിലെ എമിറേറ്റ്‌സ് റോഡ്, മലീഹ റോഡ് എന്നിവയിലെ ഇന്റര്‍സെക്ഷനുകളുടെ വികസനത്തിനായി നടപ്പാക്കുന്ന ‘ബദീഅ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ റോഡ് തുറക്കുന്നത്. 20 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും.
ഗതാഗതത്തിരക്ക് കുറക്കുന്നതിനായി ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള പാതയില്‍ ഷാര്‍ജ യൂണിവേഴ്‌സിറ്റി ദിശയില്‍ പുതിയ പാലം നിര്‍മിക്കുമെന്നും എന്‍ജി. മന്‍സൂരി വ്യക്തമാക്കി. മൂന്ന് നിരകളുള്ള പാലത്തിലൂടെ ഒരു ഭാഗത്തേക്ക് മാത്രമേ വാഹനങ്ങള്‍ കടത്തി വിടുകയുള്ളൂ.
20 വര്‍ഷത്തെ സമഗ്രമായ പഠനത്തിന്റെ ഫലമാണ് ‘ബദീഅ’ പദ്ധതി. രാജ്യത്തെ മുഴുവന്‍ ഫെഡറല്‍ റോഡുകളുടെയും വികസനത്തില്‍ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റോഡുകള്‍ വിസ്തൃതിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുന്ന രീതിയിലായിരിക്കും യു എ ഇയിലെ റോഡുകളുടെ നിര്‍മാണം. കര-സമുദ്രാതിര്‍ത്തി തുടങ്ങി രാജ്യത്തിന്റെ മുഴുവന്‍ അതിരുകളേയും ബന്ധിപ്പിക്കുന്ന രീതിയില്‍ പുതിയ റോഡുകള്‍ നിര്‍മിക്കുമെന്നും മന്‍സൂരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here