Connect with us

Gulf

ദുബൈയില്‍ മൂന്ന് കോടി ദിര്‍ഹം ചെലവില്‍ 10 കളി സ്ഥലങ്ങള്‍

Published

|

Last Updated

ദുബൈ: കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തി കുട്ടികള്‍ക്കായി ദുബൈയില്‍ 10 കളിസ്ഥലങ്ങള്‍ നിര്‍മിക്കുമെന്ന് ദുബൈ നഗരസഭാധികൃതര്‍ അറിയിച്ചു. മൂന്ന് കോടി ദിര്‍ഹമാണ് ഇതിന് ചെലവഴിക്കുക.
എമിറേറ്റിലെ വിവിധ സ്ഥലങ്ങളിലെ 10 താമസ കേന്ദ്രങ്ങള്‍ക്കടുത്താണ് കളിസ്ഥലങ്ങള്‍ നിര്‍മിക്കുക. എമിറേറ്റിലെ താമസക്കാരുടെ ക്ഷേമവും സന്തോഷവും ഉറപ്പുവരുത്താനുള്ള നഗരസഭയുടെ പദ്ധതികളുടെ ഭാഗമായാണ് പുതിയ കളിസ്ഥലങ്ങള്‍.
ഭരണകൂടത്തിന്റെ ഭാവി കാഴ്ചപ്പാടിനനുസൃതമായി ജനസന്തുഷ്ടിക്കായി ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര്‍ ജനറല്‍ എന്‍ജി.ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ എമിറേറ്റിലെ ജനങ്ങള്‍ക്കിടയില്‍ നഗരസഭയുടെ സേവനങ്ങളോടുള്ള മതിപ്പ് വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹസികത, വിദ്യാഭ്യാസം, വിവേക ശക്തി എന്നിവ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കളിസ്ഥലങ്ങള്‍ക്ക് പുറമെ ശൂന്യാകാശം, മരുഭൂമി, സംഗീതം എന്നിവ ആവിഷ്‌കരിക്കുന്ന കളിസ്ഥലങ്ങളും നഗരസഭ ഒരുക്കും. വിനോദത്തോടൊപ്പം വിദ്യാഭ്യാസവും വര്‍ധിപ്പിക്കാനുതകുന്ന രീതിയിലാണ് കളിസ്ഥലങ്ങള്‍ നിര്‍മിക്കുകയെന്ന് ലൂത്ത വ്യക്തമാക്കി.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും കൂടി ഉപയോഗിക്കാവുന്ന തരത്തിലാണ് കളിസ്ഥലമൊരുക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest