Connect with us

National

സീറ്റ് ലഭിക്കാന്‍ നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് കെജരിവാളിന് കത്ത്

Published

|

Last Updated

ചണ്ഡിഗഡ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സീറ്റ് കിട്ടാന്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെജരിവാളിന് പാര്‍ട്ടി നേതാവിന്റെ കത്ത്. ഡല്‍ഹി നിയമസഭാംഗമായ ദേവീന്ദര്‍ ഷെറാവത്ത് ആണ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കള്‍ തന്നെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന് കൂട്ട് നില്‍ക്കുകയാണ്. ഡല്‍ഹിയില്‍ ദിലീപ് പാണ്ഡെ അടക്കമുള്ളവരും ഇത് തന്നെയാണ് ചെയ്യുന്നത്. നാല് നേതാക്കളിരുന്ന് പാര്‍ട്ടിയേയും രാജ്യത്തേയും ഭരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ കെജരിവാള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണം. മാന്യതക്ക് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ലൈംഗികാപവാദത്തെ തുടര്‍ന്ന് സന്ദീപ് കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച വക്താവ് അശുതോഷിനെ പോലുള്ളവര്‍ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെറ്റല്ലെന്നും സന്ദീപിനെ പുറത്താക്കേണ്ടതില്ലെന്നുമുള്ള അശുതോഷിന്റെ പ്രസ്താവന സാമൂഹിക മൂല്യങ്ങള്‍ക്കുള്ളില്‍ നിന്ന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അശുതോഷ്, സഞ്ജയ് സിംഗ്, ദിലീപ് പാണ്ഡെ എന്നിവരുടെ കൂട്ടുകെട്ടാണ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ദേവീന്ദര്‍ ഷെരാവത്ത് കത്തില്‍ ആരോപിക്കുന്നു.

Latest