ലൈംഗികാരോപണം: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി രാജിവെച്ചു

Posted on: September 5, 2016 9:42 am | Last updated: September 5, 2016 at 9:42 am
SHARE

KAITH-VASലണ്ടന്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി രാജിവെച്ചു. ലീസെസ്റ്ററില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപിയായ ജെയ്ത് വാസാണ് രാജിവെച്ചത്. ബ്രിട്ടീഷ് പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സെലക്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നാണ് ജെയ്ത് വാസ് ഒഴിഞ്ഞത്.

ആഗസ്റ്റിലെ ഒരു ദിവസം വൈകീട്ട് ലണ്ടനിലെ ഫ്‌ളാറ്റിലെത്തിയ രണ്ടു പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് എംപി പണം നല്‍കിയെന്ന് സണ്‍ഡെ മിറര്‍ പത്രമാണ് വെളിപ്പെടുത്തിയത്. കൂടാതെ ഇവരുമായി പോപ്പോഴ്‌സ് എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ച് ജെയ്ത് വാസ് സംസാരിച്ചെന്നും ക്ലാസ് എ വിഭാഗം മയക്കുമരുന്നിന് വേണ്ടി പണം വാഗ്ദാനം ചെയ്‌തെന്നുമാണ് പത്രം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരിക്കുന്നത്.

വ്യക്തിപരമായ ആക്ഷേപമാണ് പത്രം നടത്തിയിട്ടുള്ളതെന്ന് ജെയ്ത് വാസ് പറഞ്ഞു. ആരോപണ വിധേയമായ സാഹചര്യത്തില്‍ സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിനില്‍ക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

59കാരനും രണ്ടു കുട്ടികളുടെ പിതാവുമായ ജെയ്ത് വാസ് ഗോവന്‍ ദമ്പതികളുടെ മകനായി യെമനിലെ ഏദനിലാണ് ജനിച്ചത്. 2007 മുതല്‍ ആഭ്യന്തര വകുപ്പ് സമിതി അധ്യക്ഷ സ്ഥാനം വഹിച്ചു വരികയായിരുന്നു അദ്ദേഹം. ടോണി ബ്ലെയര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. വാല്‍സാല്‍ സൗത്ത് എംപിയായ വലേറി സഹോദരിയാണ്.