എ ടീമുകളുടെ ചതുരാഷ്ട്ര ടൂര്‍ണമെന്റ്: ഇന്ത്യക്ക് കിരീടം

Posted on: September 5, 2016 9:29 am | Last updated: September 5, 2016 at 9:29 am

india aമക്കേ (ആസ്‌ത്രേലിയ): ‘എ’ ടീമുകളുടെ ചതുരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ആസ്‌ത്രേലിയയെ കീഴടക്കി ഇന്ത്യ കിരീടം സ്വന്തമാക്കി. കലാശപ്പോരാട്ടത്തില്‍ 57 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 266 റണ്‍സെടുത്തപ്പോള്‍ ആസ്‌ത്രേലിയ 44.5 ഓവറില്‍ 209 റണ്‍സിന് എല്ലാവരും പുറത്തായി.
മോശമല്ലാത്ത ടോട്ടല്‍ പിന്തുടര്‍ന്ന ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് (34), കുര്‍ട്ടിസ് പാറ്റേഴ്‌സണ്‍ (16) എന്നിവര്‍ ചേര്‍ന്ന് ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 31ല്‍ നില്‍ക്കെ പാറ്റേഴ്‌സണെ ധവാല്‍ കുല്‍ക്കര്‍ണി പവലിയനിലെത്തിച്ചു.
മൂന്നാം നമ്പറിലെത്തിയ മാഡിന്‍സണും ബാന്‍ക്രോഫ്റ്റും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ട് നയിക്കുന്നതിനിടെ ഇരുവരെയും പുറത്താക്കി കരുണ്‍ നായര്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. ബാന്‍ക്രോഫ്റ്റിനെ ബൗള്‍ഡാക്കിയ കരുണ്‍, മാഡിന്‍സനെ (31) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു.
പിന്നീട് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (43), അലക്‌സ് റോസ് (34) എന്നിവര്‍ പിടിച്ചുനിന്നു. ഒരു ഘട്ടത്തില്‍ 4 വിക്കറ്റിന് 168 എന്ന നിലയിലായിരുന്നു ഓസീസ്. ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. പിന്നീടെത്തിയ സ്റ്റോണിസി (12)നൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ നാലും ധവാല്‍ കുല്‍ക്കര്‍ണി, കരുണ്‍ നായര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ മലയാളി താരം കരുണ്‍ നായരെ (ഒന്ന് ) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ശേയസ് അയ്യറും മന്‍ദീപ് സിംഗും ചേര്‍ന്ന് 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 64 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ നേടി 41 റണ്‍സെടുത്ത ശ്രേയസ് രണ്ടാമനായി പുറത്തായി. തുടര്‍ന്ന് മന്‍ദീപും ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയും ചേര്‍ന്ന് 87 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യന്‍ സ്‌കോര്‍ 170ല്‍ നില്‍ക്കെ സെഞ്ച്വറിക്കരികില്‍ നില്‍ക്കെ (95) മന്‍ദീപ് സിംഗ് പുറത്തായി. 108 പന്തുകകളില്‍ 11 ബൗണ്ടറികള്‍ ഉള്‍പെടുന്നതായിരുന്നു മന്‍ദീപിന്റെ ഇന്നിംഗ്‌സ്. മനീഷ് പാണ്ഡെ (71 പന്തില്‍ 61 റണ്‍സ് നേടി. കേദാര്‍ ജാദവ് (25), അക്‌സര്‍ പട്ടേല്‍ (22) എന്നിവര്‍ പുറത്താകാതെ നിന്നു. എ ടീമുകളുടെ ടൂര്‍ണമെന്റില്‍ ആസ്‌ത്രേലിയ തോല്‍പ്പിച്ച് ഇന്ത്യ നേടുന്ന തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.