Connect with us

National

സിനിമയുടെ വ്യാജന്‍ കാണുന്നത് കുറ്റമായി കാണാനാവില്ലെന്ന് കോടതി

Published

|

Last Updated

മുംബൈ: ഓണ്‍ലൈനില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്നത് കുറ്റമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പകര്‍പ്പാവകാശ നിയമം അനുസരിച്ച് വ്യാജന്‍ കാണുന്നത് കുറ്റകരമല്ല. മറിച്ച് അനുവാദമില്ലാതെ പകര്‍പ്പുണ്ടാക്കുകയും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും വാടകക്ക് നല്‍കുകയും ചെയ്യുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു.

പകര്‍പ്പാവകാശ നിയമത്തില്‍ ഇത്തരം വ്യാജപതിപ്പുകള്‍ ഉള്‍പ്പെടുന്ന യുആര്‍എല്‍ തന്നെ ബ്ലോക്ക് ചെയ്യുമെന്ന വാചകം ചേര്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇത്തരം ബ്ലോക്ക് ചെയ്ത സൈറ്റുകളില്‍ എറര്‍ സന്ദേശം പ്രദര്‍ശിപ്പിക്കണം. ഈ സന്ദേശത്തില്‍ ഏതൊക്കെ നിയമം അനുസരിച്ച് വ്യാജന്‍ ഇറക്കുന്നത് കുറ്റകരമാകുമെന്നും മൂന്നുവര്‍ഷം വരെ തടവും മൂന്നുലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നതും അടക്കമുള്ള വിവരങ്ങള്‍ ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പരാതികള്‍ പരിശോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. കൃത്യമായി ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ ഒരു ഇമെയില്‍ വിലാസവും നല്‍കണം. ഇതിലേക്ക് ലഭിക്കുന്ന പരാതികളില്‍ രണ്ട് പ്രവൃത്തി ദിനത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.