അംബാനിയുടെ മോദിയെന്ന പരസ്യ മോഡല്‍

പെട്രോളിന്റെ സബ്‌സിഡി പിന്‍വലിച്ച് റിലയന്‍സടക്കമുള്ള കമ്പനികള്‍ക്ക് വിപണിയില്‍ മത്സരിച്ച് ലാഭമുണ്ടാക്കാന്‍ യു പി എ സര്‍ക്കാര്‍ അവസരമുണ്ടാക്കിയിരുന്നു. ഡീസലിന്റെ സബ്‌സിഡി കൂടി പിന്‍വലിച്ച് കൂടുതല്‍ ലാഭമെടുക്കാനുള്ള അവസരം നരേന്ദ്ര മോദി സര്‍ക്കാറും. പാട്ടക്കൃഷിക്കും കുത്തക സംഭരണത്തിനും അവസരം നല്‍കി, പൂഴ്ത്തിവെപ്പിന് സന്ദര്‍ഭമൊരുക്കി അവശ്യവസ്തുക്കളുടെ വില്‍പ്പനയില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ നല്‍കിയ അവസരം വേറെ. ഇങ്ങനെയൊക്കെ സമ്പാദിച്ച പണം കൊണ്ടാണ് സൗജന്യങ്ങള്‍ വാരിവിതറി, മൊബൈല്‍ ഫോണും സേവനങ്ങളുമായി ജിയോ എന്ന പേരില്‍ മുകേഷ് അംബാനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതിനെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന് വ്യാഖ്യാനിച്ച് കരുത്തനായ നേതാവിനെ നീല മേല്‍ക്കുപ്പായമിടീച്ച് പരസ്യത്തില്‍ നിര്‍ത്താനുള്ള ചങ്കൂറ്റവും മുകേഷ് അംബാനി കാട്ടി. റിലയന്‍സെന്ന പേര് പരസ്യത്തിലൊരിടത്തും അംബാനി പരാമര്‍ശിച്ചില്ല. എന്നുവെച്ചാല്‍ ജിയോ എന്നത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
Posted on: September 5, 2016 8:49 am | Last updated: September 5, 2016 at 8:49 am
SHARE

modi with jioഅത്ര പഴകാത്ത ഒരു കഥ പറഞ്ഞ് തുടങ്ങാം. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ ഐ എല്‍), കെയിന്‍ എനര്‍ജി, ബി ജി ഇന്ത്യ, മറ്റു ചില കമ്പനികള്‍ എന്നിവ കൃഷ്ണ – ഗോദാവരി ബേസിനില്‍ നിന്ന് പ്രകൃതി വാതകം കുഴിച്ചെടുക്കാന്‍ കരാറുണ്ടാക്കിയ കഥ. 1999ല്‍ അടല്‍ ബിഹാരി വാജ്പയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കരാറുണ്ടാക്കിയത്. ഉത്പന്നം പങ്കുവെക്കുന്നതിനുള്ള കരാര്‍ രണ്ടായിരത്തിലുമുണ്ടാക്കി. പര്യവേഷണം പൂര്‍ത്തിയാക്കി വ്യാവസായികാടിസ്ഥാനത്തില്‍ വാതകം കുഴിച്ചെടുക്കുന്നതിന് 240 കോടി ഡോളറിന്റെ നിക്ഷേപം വേണമെന്നാണ് ആദ്യം റിലയന്‍സ് സമര്‍പ്പിച്ച കണക്ക്. രണ്ട് വര്‍ഷത്തിന് ശേഷം നിക്ഷേപക്കണക്ക് 880 കോടി ഡോളറെന്നാക്കി പുതുക്കി. അന്നും വാജ്പയി സര്‍ക്കാറായിരുന്നു അധികാരത്തില്‍. പുതുക്കിയ കണക്കനുസരിച്ച് ഉത്പന്നം പങ്കുവെക്കുന്നതിന് കരാറുണ്ടാക്കിയപ്പോള്‍ പൊതു ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) റിപ്പോര്‍ട്ടില്‍ പറയുന്നത്.
രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തപ്പോള്‍ 1.76 ലക്ഷം കോടിയുടെയും കല്‍ക്കരിപ്പാടം വിതരണം ചെയ്തപ്പോള്‍ 1.80 ലക്ഷം കോടിയുടെയും നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയതും അതേ സി എ ജി. കുഴിച്ചെടുക്കുന്ന വാതകം വിറ്റുണ്ടാകുന്ന ലാഭത്തിന്റെ നിശ്ചിത വിഹിതം കേന്ദ്ര ഖജനാവിലേക്ക് നല്‍കണമെന്നതാണ് ഉത്പന്ന പങ്കുവെക്കല്‍ കരാറിന്റെ കാതല്‍. 240 കോടി ഡോളര്‍ എന്നത് 880 കോടി ഡോളറാക്കി ഉയര്‍ത്തിയത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ഇത്രയും തുക റിലയന്‍സ് തിരിച്ചുപിടിച്ചതിന് ശേഷമേ ലാഭമുണ്ടാകൂ എന്ന അവസ്ഥ വന്നു. ഉത്പാദനച്ചെലവ് റിലയന്‍സ് കൃത്രിമമായി ഉയര്‍ത്തിക്കാട്ടുകയായിരുന്നുവെന്നാണ് സി എ ജി പറയുന്നത്. ഇത് വഴി ഖജനാവിനുണ്ടായ നഷ്ടം ടെലികോമിലും കല്‍ക്കരിയിലുമുണ്ടായതിനേക്കാള്‍ വലുതാകാന്‍ ഇടയുണ്ടെന്നും സി എ ജി പറഞ്ഞുവെച്ചു.
2003 സെപ്തംബറില്‍ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ ടി പി സി) തങ്ങളുടെ താപ വൈദ്യുത നിലയങ്ങളിലേക്ക് പ്രകൃതി വാതകം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2004ല്‍ എന്‍ ടി പി സിയുടെ ടെന്‍ഡര്‍ ആര്‍ ഐ എല്ലിന് ലഭിച്ചു. മില്ല്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന് (അങ്ങനെയാണ് പ്രകൃതി വാതകത്തിന്റെ അളവ്) 2.34 ഡോളര്‍ നിരക്കില്‍ പതിനേഴ് വര്‍ഷത്തേക്ക് എന്‍ ടി പി സിക്ക് പ്രകൃതി വാതകം നല്‍കാമെന്ന കരാര്‍ ആര്‍ ഐ എല്‍ ഉണ്ടാക്കുകയും ചെയ്തു. ഈ കരാറനുസരിച്ച് വാതകം ലഭ്യമാക്കാന്‍ ആര്‍ ഐ എല്‍ ആദ്യം തയ്യാറായില്ല. ഇതേത്തുടര്‍ന്ന് 2005ല്‍ എന്‍ ടി പി സി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
എന്‍ ടി പി സി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണനയിലിരിക്കെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസ് ലിമിറ്റഡ് പരാതിയുമായെത്തി. ഉത്തര്‍ പ്രദേശില്‍ ആര്‍ എന്‍ ആര്‍ എല്‍ സ്ഥാപിക്കുന്ന പ്ലാന്റിലേക്ക് 2.34 ഡോളറിന് പ്രകൃതി വാതകം ലഭ്യമാക്കാന്‍ ആര്‍ ഐ എല്ലിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഈ കേസ് കോടതി വേഗം പരിഗണിച്ചു. മുകേഷ് അംബാനിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. അംബാനി സഹോദരന്‍മാരുടെ തര്‍ക്കത്തിന്റെ മറവില്‍ കേന്ദ്ര മന്ത്രിസഭാ സമിതി വാതക വില ഉയര്‍ത്തി നല്‍കാന്‍ തീരുമാനിച്ചു. യുനിറ്റിന് 4.2 ഡോളറായാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത്. ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ആര്‍ എന്‍ ആര്‍ എല്‍ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വിധി പുറപ്പെടുവിച്ചു. കേന്ദ്ര മന്ത്രിസഭാ സമിതി നിശ്ചയിച്ച വില (യൂനിറ്റിന് 4.2 ഡോളര്‍) ശരിവെക്കുന്നതായിരുന്നു ഭൂരിപക്ഷ വിധി. പ്രകൃതി വിഭവത്തിന്റെ ഉടസ്ഥത സര്‍ക്കാറിനാണെന്നും അവര്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്നും ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും ജസ്റ്റിസ് സദാശിവവും വിധിച്ചു. ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഢി വിയോജിച്ചു. അംബാനി സഹോദരന്‍മാരുടെ തര്‍ക്കം തീര്‍ത്തുകൊടുത്തപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിനും അതുവഴി ജനങ്ങള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് സുപ്രീം കോടതി ആലോചിച്ചതേയില്ല.
ഉയര്‍ന്ന വിലക്ക് എന്‍ ടി പി സി വാതകം വാങ്ങുന്നത് വഴി സര്‍ക്കാറിനുണ്ടാകുന്ന ബാധ്യതയെക്കുറിച്ചോ കൂടിയ വിലക്ക് വാതകം വാങ്ങി ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്ന ജനത്തെക്കുറിച്ചോ യു പി എ സര്‍ക്കാറിനോ പ്രണബ് കുമാര്‍ മുഖര്‍ജി അധ്യക്ഷനായിരുന്ന മന്ത്രിതല സമിതിക്കോ ആലോചനയുണ്ടായില്ല. പ്രകൃതി വാതക വില ഇനിയും ഉയര്‍ത്തണമെന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആവശ്യം നരേന്ദ്ര മോദി സര്‍ക്കാറിന് മുന്നിലുണ്ട്. അത് അംഗീകരിക്കപ്പെടുമോ ഇല്ലയോ എന്നത് വഴിയേ അറിയാം. ഉത്പാദനച്ചെലവ് അധികരിച്ച് കാട്ടി ഖജനാവിന് നഷ്ടം വരുത്തിയെന്ന സി എ ജിയുടെ കണ്ടെത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ എന്തായാലും നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ഇക്കാര്യത്തില്‍ ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആസൂത്രിതമായി അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായെന്നത് കൂടി പരിഗണിക്കുമ്പോള്‍ അന്വേഷണം ഉണ്ടാവുകയേയില്ലെന്ന് കരുതണം. ടെലികോം, കല്‍ക്കരി അഴിമതിയുടെ പേരില്‍ ‘ഭ്രഷ്ടാചാരന്‍’മാര്‍ക്കെതിരെ ആഞ്ഞടിച്ച 56 ഇഞ്ചിന്റെ നെഞ്ചൂക്ക് അംബാനിയുടെ കാര്യത്തില്‍ ഉണ്ടാകില്ലെന്ന് ചുരുക്കം.
പെട്രോളിന്റെ സബ്‌സിഡി പിന്‍വലിച്ച് റിലയന്‍സടക്കമുള്ള കമ്പനികള്‍ക്ക് വിപണിയില്‍ മത്സരിച്ച് ലാഭമുണ്ടാക്കാന്‍ യു പി എ സര്‍ക്കാര്‍ അവസരമുണ്ടാക്കിയിരുന്നു. ഡീസലിന്റെ സബ്‌സിഡി കൂടി പിന്‍വലിച്ച് കൂടുതല്‍ ലാഭമെടുക്കാനുള്ള അവസരം നരേന്ദ്ര മോദി സര്‍ക്കാറും. പാചകവാതകത്തിന്റെ സബ്‌സിഡി കൂടി പിന്‍വലിച്ച് കൂടുതല്‍ സഹായം റിലയന്‍സടക്കമുള്ളവര്‍ക്ക് മോദി സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുക. പാട്ടക്കൃഷിക്കും കുത്തക സംഭരണത്തിനും അവസരം നല്‍കി, പൂഴ്ത്തിവെപ്പിന് സന്ദര്‍ഭമൊരുക്കി അവശ്യവസ്തുക്കളുടെ വില്‍പ്പനയില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ നല്‍കിയ അവസരം വേറെ. ഇങ്ങനെയൊക്കെ സമ്പാദിച്ച പണം കൊണ്ടാണ് സൗജന്യങ്ങള്‍ വാരിവിതറി, മൊബൈല്‍ ഫോണും സേവനങ്ങളുമായി ജിയോ എന്ന പേരില്‍ മുകേഷ് അംബാനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതിനെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യ (ഡിജിറ്റല്‍ ഇന്ത്യാ…എന്ന് നീട്ടാവുന്നതാണ്) പദ്ധതിയുടെ ഭാഗമെന്ന് വ്യാഖ്യാനിച്ച് കരുത്തനായ നേതാവിനെ നീല മേല്‍ക്കുപ്പായമിടീച്ച് പരസ്യത്തില്‍ നിര്‍ത്താനുള്ള ചങ്കൂറ്റവും മുകേഷ് അംബാനി കാട്ടി. കുറ്റം പറയരുതല്ലോ റിലയന്‍സെന്ന പേര് പരസ്യത്തിലൊരിടത്തും അംബാനി പരാമര്‍ശിച്ചില്ല. എന്നുവെച്ചാല്‍ ജിയോ എന്നത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
പരസ്യത്തില്‍ ചിത്രമുപയോഗിച്ചത് നരേന്ദ്ര മോദിയുടെ അറിവോടെയാണോ അല്ലയോ എന്ന് അറിയില്ല. തന്റെ അറിവോടെയല്ലെന്ന് നരേന്ദ്ര മോദിയോ പ്രധാനമന്ത്രിയുടെ അറിവോടെയല്ല ചിത്രമുപയോഗിച്ചത് എന്ന് അദ്ദേഹത്തിന്റെ ഓഫീസോ കേന്ദ്ര സര്‍ക്കാറോ പറയാത്തിടത്തോളം അറിവോടെയാണെന്ന് തന്നെ ധരിക്കണം. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അംബാനിയുടെ ശ്രമത്തിന് പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും പിന്തുണയുണ്ടെന്ന് ചുരുക്കം. സഹസ്ര കോടികളുടെ നഷ്ടം ഖജനാവിനുണ്ടാക്കിയെന്ന സി എ ജി റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കുന്ന, പ്രകൃതി വാതക വില വീണ്ടും കൂട്ടി റിലയന്‍സിന്റെ ലാഭം കൂട്ടിക്കൊടുക്കാന്‍ യത്‌നിക്കുന്ന ഭരണകൂടം, ഇത്തരമൊരു വഞ്ചനക്ക് അരുനിന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.
ടെലികോം മേഖലയില്‍ പൊതുമേഖലയിലുള്ള ബി എസ് എന്‍ എല്ലും നിരവധി സ്വകാര്യ കമ്പനികളും വേറെയുണ്ട്. കമ്പോളത്തില്‍ തുല്യ നിലക്ക് മത്സരിക്കാനുള്ള അവസരം നിക്ഷേപം നടത്തുന്നവര്‍ക്കൊക്കെയുണ്ടാകണം. അത് നിഷേധിച്ചാണ്, ഉപഭോക്താക്കള്‍ക്ക് നിരസിക്കാനാകാത്ത സൗജന്യങ്ങള്‍ അംബാനിയുടെ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചതും. ബി എസ് എന്‍ എല്ലടക്കമുള്ള കമ്പനികളുടെ വരിക്കാരൊക്കെ ജിയോയിലേക്ക് ഒഴുകുമെന്നതില്‍ തര്‍ക്കം വേണ്ട. ഓഹരി വിലകള്‍ ഇടിഞ്ഞ് മൂലധനക്കരുത്ത് ഇപ്പോള്‍ തന്നെ ചോര്‍ന്ന് തുടങ്ങിയിരിക്കുന്നു ഈ മേഖലയിലെ സ്വകാര്യ കമ്പനികള്‍ക്ക്. അവരൊക്കെ കൂടുതല്‍ ക്ഷീണിക്കുന്നതോടെ ടെലികോം മേഖലയിലെ കുത്തക, അംബാനിയുടെ ജിയോ സ്വന്തമാക്കുന്ന കാലം വിദൂരമല്ല തന്നെ. അവിടേക്ക് എത്തിയാല്‍ പിന്നെ സേവനങ്ങള്‍ക്ക് വേണ്ട പോലെ വില നിശ്ചയിക്കാന്‍ അംബാനിക്ക് പ്രയാസമുണ്ടാകില്ല. ആ കാലത്തെയാണോ നരേന്ദ്ര മോദി ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന് വിഭാവനം ചെയ്യുന്നത് എന്നറിയില്ല. അങ്ങനെ വിഭാവനം ചെയ്യുന്നതുകൊണ്ടാകണം നീല മേല്‍ക്കുപ്പായത്തില്‍ പരസ്യ മോഡലാകാന്‍ അദ്ദേഹം തീരുമാനിച്ചത്.
മോദി സര്‍ക്കാറിന്റ നയങ്ങളാകെ ജനങ്ങളെ ദ്രോഹിക്കുന്നതാണെന്ന് ആരോപിച്ചും വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചും രംഗത്തുള്ള കോണ്‍ഗ്രസും അതിന്റെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുകേഷ് അംബാനിയുടെ കാര്യമായതുകൊണ്ട് അത്രത്തോളം എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. വാജ്പയിയുടെ കാലത്തുണ്ടാക്കിയ ഉത്പന്ന പങ്കുവെക്കല്‍ (പ്രകൃതി വാതകത്തിന്റെ) കരാര്‍ തുടരാന്‍ തീരുമാനിക്കുകയും വാതക വില ഉയര്‍ത്തി നല്‍കി മുകേഷ് അംബാനിയെ സഹായിക്കുകയും ചെയ്ത കോണ്‍ഗ്രസിന് അങ്ങനെ എതിര്‍ക്കാന്‍ സാധിക്കുകയുമില്ലല്ലോ! ആയതിനാല്‍ പ്രധാനമന്ത്രിയെന്നാല്‍ ഒരു വ്യക്തിയല്ലെന്നും അത് രാജ്യത്തിന്റെ സ്ഥാപനമാണെന്നും അതിനെ സ്വകാര്യ കമ്പനിയുടെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ നിയമ – ധാര്‍മിക പ്രശ്‌നങ്ങള്‍ ശേഷിക്കുന്നുണ്ടെന്നും പ്രതികരിച്ച് അവര്‍ തൃപ്തിയടഞ്ഞു. പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണയുളവാക്കും വിധത്തില്‍ പരസ്യം ചെയ്ത ടെലികോം കമ്പനികളെക്കുറിച്ചോ അവര്‍ നല്‍കുന്ന സേവനങ്ങളെക്കുറിച്ചോ കാര്യമായ വിവരങ്ങളില്ലാത്ത വലിയൊരു വിഭാഗം ജനങ്ങളെ മുകേഷ് അംബാനി പറ്റിക്കുകയാണെന്നോ അതിന് നരേന്ദ്ര മോദി കൂട്ടു നില്‍ക്കുകയാണെന്നോ കോണ്‍ഗ്രസിന് പരാതിയില്ല. അങ്ങനെ പരാതിപ്പെട്ട് അംബാനിമാരെ പിണക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല കോണ്‍ഗ്രസുകാര്‍.
‘സാഗര്‍മാലാ’ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് ഗുജറാത്ത് സ്വദേശി കൂടിയായ ഗൗതം അദാനി. പ്രധാനമന്ത്രി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളിലൊക്കെ സ്ഥിരം സാന്നിധ്യവും. സാഗര്‍മാലാ പദ്ധതിയെ പോഷിപ്പിക്കാന്‍ തുറമുഖങ്ങള്‍ എന്ന പേരില്‍ നരേന്ദ്ര മോദിയെ മോഡലാക്കി അദാനിക്കൊരു പരസ്യം തയ്യാറാക്കാവുന്നതാണ്. മേക് ഇന്‍ ഇന്ത്യാ…സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ…സ്റ്റാന്‍ഡ് അപ്പ് ഇന്ത്യാ… എന്നിങ്ങനെ പ്രധാനമന്ത്രി തന്നെ നീട്ടി പ്രഖ്യാപിച്ച പദ്ധതികളുമായി സഹകരിക്കുന്നവര്‍ക്കൊക്കെ അംബാനി ഒരു മാതൃകയാകുകയാണ്.
ജനാധിപത്യ സംവിധാനത്തില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ള സ്ഥാനം ശരിയായി മനസ്സിലാക്കിയത് അമേരിക്കക്കാര്‍ മാത്രമാണ്. അവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത് പോലും അവരാണല്ലോ! അതൊന്നും ശരിയായി മനസ്സിലായിട്ടില്ല, പലമുഖ ദാരിദ്ര്യം നേരിടുന്ന ഇന്ത്യന്‍ ജനകോടികള്‍ക്ക്. അവരെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈ എടുക്കുന്നതില്‍ എന്താണ് തെറ്റ്? അതിനും 56 ഇഞ്ച് നെഞ്ചളവുള്ള നേതാവ് തന്നെ വേണ്ടി വന്നു. വന്ദേ അംബാനി!

LEAVE A REPLY

Please enter your comment!
Please enter your name here