Connect with us

Kannur

ഉത്സവവിപണിയില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ വ്യാജന്‍ വ്യാപകം

Published

|

Last Updated

കണ്ണൂര്‍ :സംസ്ഥാനത്തെ ബക്രീദ്-ഓണം വിപണി കൊള്ളയടിക്കാനായി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സാധനങ്ങള്‍ ഒഴുകുന്നു. യഥാര്‍ഥ ബ്രാന്‍ഡാണെന്ന് തോന്നുംവിധം തയാറാക്കിയ ഡ്യൂപ്ലിക്കേറ്റ് വസ്ത്രങ്ങളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്. ഗുണനിലവാരമില്ലാത്തവയാണ് മനോഹരമായ സ്റ്റിക്കറും ലേബലുമൊക്കെയായി കൈയിലെത്തുന്നതെന്നറിയാന്‍ ഉപഭോക്താവിനാകില്ലെന്ന ഉറപ്പാണ് വ്യാജ മാഫിയയുടെ കരുത്ത്. കൂടുതല്‍ വില്‍പ്പന നടക്കുമെന്നതും പരിശോധന വലിയതോതില്‍ ഉണ്ടാകില്ലെന്നതുമാണ് വ്യാജനിറക്കാന്‍ ഇവര്‍ ഉത്സവകാലവിപണിയെ തിരഞ്ഞെടുക്കുന്നത്.
വിലകുറഞ്ഞതും ഗുണമേന്‍മയില്ലാത്തതുമായ തുണികളുപയോഗിച്ച് തയ്യാറാക്കുന്ന ഷര്‍ട്ടുകളും മറ്റും ഇത്തരത്തില്‍ ബ്രാന്‍ഡഡാക്കി വന്‍ വിലക്കാണ് വില്‍ക്കുന്നത്. ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ കമ്പനികള്‍ മുന്‍കയ്യെടുത്ത് വല്ലപ്പോഴും നടത്തുന്ന റെയ്ഡുകളിലേ ഇവ പുറത്തുവരുന്നുള്ളൂ. കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഒരു കടയില്‍ നടത്തിയ റെയ്ഡില്‍ അഞ്ഞൂറോളം പാന്റും ഷര്‍ട്ടും പിടികൂടിയിരുന്നു. ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കമ്പനികള്‍ സ്വകാര്യ ഏജന്‍സികളെ വച്ച് അന്വേഷണം തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ ഏറെക്കുറെ പുറത്തുവന്നത്. വിലകൂടുതലുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ വ്യാജനാണ് കൂടുതലും ഇറങ്ങിയിട്ടുള്ളത്. നേരിയ വിലക്കുറവിലാണ് ഇത് വിറ്റഴിക്കുന്നത്. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് പ്രാദേശികമായി നിര്‍മിച്ചാണ് ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. ബ്രാന്‍ഡഡ് ഉത്പന്നങ്ങളില്‍ ഉണ്ടാകുന്ന കമ്പനി മുദ്രകളും ഡിസൈനുകളും അതേപോലെ പകര്‍ത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനാകുന്നില്ല.
പ്രമുഖ ബ്രാന്‍ഡ് ഷര്‍ട്ടുകളുടെയും ജീന്‍സിന്റെയുമൊക്കെ വില്‍പ്പനയെ വ്യാജന്മാര്‍സാരമായി ബാധിക്കുന്നുണ്ട്. തങ്ങളുടെ ബ്രാന്‍ഡിന്റെ വ്യാജന്‍ വിപണിയിലുണ്ടെന്ന് വിളിച്ചുപറയാന്‍ കമ്പനികള്‍ക്കു പേടിയുമുണ്ട്. ഒറിജിനിലോ വ്യാജനോ എന്ന ആശയക്കുഴപ്പംമൂലം ഉപഭോക്താക്കള്‍ ബ്രാന്‍ഡില്‍നിന്ന് അകലുമോ എന്ന പേടിയാണിതിന് കാരണം. സംസ്ഥാനത്തൊട്ടാകെയുള്ള കടകളിലേക്ക് ബെംഗളുരുവിലെ ഏജന്റുമാരാണ് ബ്രാന്‍ഡിനെ വെല്ലുന്ന വ്യാജന്‍മാരെ എത്തിച്ചുനല്‍കുന്നത്. ഫോണ്‍ വഴിയാണ് ബുക്കിംഗ്. കടകളിലെത്തിച്ച് നിശ്ചയിച്ച പണം വാങ്ങിപ്പോകുന്ന ഏജന്റുമാരെക്കുറിച്ച് കടക്കാര്‍ക്ക് വിവരമൊന്നുമില്ല. ഏജന്റുമാര്‍ വെള്ളപേപ്പറില്‍ എണ്ണവും വിലയും എഴുതിനല്‍കുന്നതുമാത്രമാണ് കടക്കാരുടെ കൈയിലെ തെളിവ്. ബില്ലോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ ഇവക്ക് നിയമാനുസൃതമായ നികുതികളൊന്നും അടക്കേണ്ടെന്നതാണ്് കടക്കാരെയും ആകര്‍ഷിക്കുന്നത്.
കണ്ണൂരില്‍ പിടികൂടിയവയില്‍ ഭൂരിഭാഗവും രണ്ടായിരത്തിനു മുകളില്‍ വിലയുള്ള ഷര്‍ട്ടുകളായിരുന്നു. അലന്‍സോളി, ലൂയിസ് ഫിലിപ്പ് തുടങ്ങിയവയുടെ വ്യാജനാണ് കമ്പനിയുടെ പരാതിപ്രകാരം പിടികൂടിയത്. ഇവയുടെ സാമ്പിളുകള്‍ ലാബിലേക്കയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചയുടന്‍ തുടര്‍ നടപടിയെടുക്കുമെന്നാണ് പോലിസ് ഭാഷ്യം.
ടൂറിസ്റ്റ് ബസുകളിലും സ്വകാര്യവാഹനങ്ങളിലുമാണ് നികുതിവെട്ടിച്ച് ഏജന്റുമാര്‍ സാധനങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരശാലകളിലൂടെ ഒട്ടേറെ വ്യാജ ഉത്പന്നങ്ങള്‍ ഉപയോക്താക്കളിലെത്തുന്നുണ്ടെന്നതും പുതിയ ഭീഷണിയായി മാറിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest