Connect with us

Kerala

എക്‌സ്‌ഹോസ്റ്റ് ഫാനില്‍ നിന്ന് വൈദ്യുതി

Published

|

Last Updated

ചേര്‍ത്തല: ടെറസിലെ എക്‌സ്‌ഹോസ്റ്റ് ഫാനില്‍ നിന്ന് ഇനി വൈദ്യുതി ഉത്പാദിപ്പിക്കാം. നിരവധി കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധേയനായ കെ എസ് ഇ ബി യുവ എന്‍ജിനീയര്‍ കെ സി ബൈജുവാണ് പുതിയ ഉപകരണവുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ 39ാമത്തെ കണ്ടുപിടിത്തമാണ് ഇത്. ലോഹനിര്‍മിത മേല്‍ക്കൂരയുള്ള കെട്ടിടങ്ങളിലും ടെറസിന് ട്രെസ് മേല്‍ക്കൂരയുള്ള കെട്ടിടങ്ങളിലും ചൂട് നിയന്ത്രിക്കുക, വായുസഞ്ചാരം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിക്കുന്നത്. വൈദ്യുതിയുടെ സഹായമില്ലാതെയാണ് ഇത്തരം ഫാന്‍ പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂരക്ക് കീഴിലെ വായു ചൂടാവുകയും മുകളിലേക്ക് ഉയര്‍ന്ന് ഫാനിലൂടെ പുറത്തേക്ക് വമിക്കുകയുമാണ് ചെയ്യുന്നത്. പുറമെയുള്ള കാറ്റ് ഫാനിന്റെ ഇതളില്‍ തഴുകുകയും ചെയ്യും. രണ്ടും ചേരുമ്പോഴാണ് വൈദ്യുതിയുടെ സഹായമില്ലാതെ ഫാന്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് ബൈജു കണ്ടുപിടിച്ചത്.
സ്വന്തം വീട്ടിലെ എക്‌സ്‌ഹോസ്റ്റ് ഫാനില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ബൈജു തന്റെ പരീക്ഷണം വിജയകരമാക്കിയത്. വീട്ടിലെ എക്‌സ്‌ഹോസ്റ്റ് ഫാനില്‍ 40ല്‍പരം ചെറുകാന്തങ്ങളും പ്രത്യേക കോയിലും വൈദ്യുതി നിയന്ത്രണ സര്‍ക്യൂട്ടും ക്രമീകരിച്ചാണ് വൈദ്യുതി ഉത്പാദിപ്പിച്ചത്.
അഞ്ച് മുതല്‍ 35 വാട്ട് വൈദ്യുതിവരെ ഉത്പാദിപ്പിക്കാനായി. മൊബൈല്‍ഫോണ്‍ ബാറ്ററി ചര്‍ജിംഗിനും എല്‍ ഇ ഡി വിളക്ക് തെളിക്കുന്നതിനും മറ്റും ആവശ്യമായ വൈദ്യുതി ലഭിക്കും. ആദ്യമാതൃക നിര്‍മിച്ചപ്പോള്‍ റൂഫ് വെന്റിലേറ്റര്‍ ഫാനിന് പുറമെ 600 രൂപയാണ് അധികച്ചെലവ് വന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഫാന്‍ നിര്‍മിച്ചാല്‍ ചെലവ് മൂന്നിലൊന്നായി ചുരുക്കാനാകുമെന്ന് ബൈജു പറഞ്ഞു. മാത്രമല്ല നൂറ് വാട്ട് വൈദ്യുതിവരെ ഉത്പാദിപ്പിക്കാനുമാകും.
വലിയ കെട്ടിടങ്ങളില്‍ ഒന്നിലധികം ഫാനുണ്ടാകുമെന്നതിനാല്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുകയും ചെയ്യും. കാറ്റാടി യന്ത്രത്തേക്കാള്‍ കുറഞ്ഞതാണ് ചെലവ്. യന്ത്രം പ്രവര്‍ത്തിക്കണമെങ്കില്‍ തുടര്‍ച്ചയായി നിശ്ചിതതോതില്‍ കാറ്റ് ലഭിക്കണം. പട്ടണക്കാട് മേനാശേരി വിസ്മയം (വടക്കേ കളരിക്കല്‍) വീട്ടില്‍ പരേതനായ ചെല്ലപ്പന്റെയും സുമയുടെയും മകനായ ബൈജു തിരുവനന്തപുരം കെ എസ് ഇ ബി ഇന്നവേഷന്‍ ഗ്രൂപ്പിലെ സബ് എന്‍ജിനിയറാണ്. ഊര്‍ജസംരക്ഷണം ലക്ഷ്യമാക്കി നിരവധി കണ്ടുപിടിത്തങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ ഊര്‍ജസംരക്ഷണ അവാര്‍ഡ് ബൈജുവിന് ലഭിച്ചിരുന്നു.

Latest