വിജിലന്‍സ് കരുതലോടെ; ബാബുവിനെ ഉടന്‍ ചോദ്യം ചെയ്യും

Posted on: September 5, 2016 8:23 am | Last updated: September 5, 2016 at 12:08 pm
SHARE

babuതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിചേര്‍ത്തതോടെ മുന്‍മന്ത്രി കെ ബാബുവിനെയും കൂട്ടുപ്രതികളെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. റെയ്ഡിലൂടെ പിടിച്ചെടുത്ത രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച് തെളിവ് ശേഖരിക്കുകയാണ് വിജിലന്‍സ്. ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി ബാബുവിനെയും കുടുംബാംഗങ്ങളെയും ബിനാമികളെന്ന് പറയപ്പെടുന്നവരെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും.

അതേസമയം, ബോധ്യമുള്ള കാര്യങ്ങളില്‍ നടപടികളുമായി വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്നോട്ടുപോകാമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെടില്ലെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചായിരിക്കണം നീക്കമെന്നും കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോടതി ഇടപെടല്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ബോധ്യമുള്ളതിനാല്‍ വിജിലന്‍സും കരുതലോടെയാണ് നീങ്ങുന്നത്.
ഭരണമാറ്റത്തിന് വഴിതെളിച്ചതിലെ മുഖ്യഘടകങ്ങളിലൊന്ന് മുന്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണെന്നിരിക്കെ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ബോധ്യമാകുന്ന നടപടികള്‍ വേണമെന്ന പൊതുവികാരം മുന്നണിയിലും മന്ത്രിസഭയിലുമുണ്ട്. കെ എം മാണിയുടെയും ബാബുവിന്റെയും കാര്യത്തില്‍ ശക്തമായ നടപടിക്ക് പ്രേരിപ്പിക്കുന്നതും ഈ ഘടകമാണ്. ഒത്തുതീര്‍പ്പ് രാഷ്ട്രീയമെന്ന പഴി കേള്‍ക്കരുതെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.

റെയ്ഡിലൂടെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ബാബുവിനെതിരെ വിശാലമായ അന്വേഷണം വേണ്ടിവരുമെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങള്‍ പറയുന്നത്. പാലാരിവട്ടത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, തൃപ്പൂണിത്തുറയിലെ ബേക്കറി ഉടമയുമായുള്ള സാമ്പത്തിക പങ്കാളിത്തം, ഭൂമാഫിയ ബന്ധം, തേനിയിലെ 120 ഏക്കര്‍ തോട്ടം, പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ തുടങ്ങി കേസിനാസ്പദമായ പരാതികളിലെല്ലാം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ബിനാമികളുടെ പേരില്‍ പലയിടത്തും ഭൂമി വാങ്ങിക്കൂട്ടിയതായി വിജിലന്‍സ് പറയുമ്പോഴും ബാബുവുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതുണ്ട്. ഭൂമി വാങ്ങിയിരിക്കുന്നത് ബിനാമി ബാബുറാമിന്റെ പേരിലാണെന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ പറയുന്നത്.

അങ്കമാലിയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച കെ ബാബുവിന് എം എല്‍ എ, മന്ത്രി എന്നീ നിലകളില്‍ ലഭിച്ച വേതനം മാത്രമായിരുന്നു വരുമാനമെന്നിരിക്കെ ഇപ്പോഴത്തെ സമ്പാദ്യം അനധികൃത സ്വത്ത് സമ്പാദനത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നാണ് എഫ് ഐ ആറിലുള്ളത്. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബാര്‍ ലൈസന്‍സും ബീയര്‍ ആന്‍ഡ് വൈന്‍ ലൈസന്‍സും നല്‍കിയതിലൂടെ നൂറ് കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ചാണ് കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ ഹരജി സമര്‍പ്പിച്ചത്.

ഈ കേസില്‍ മധ്യമേഖലാ വിജിലന്‍സ് ബ്യൂറോ എസ് പി നല്‍കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് രണ്ടാമത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.