കശ്മീരില്‍ സര്‍വകക്ഷിസംഘം സന്ദര്‍ശനം തുടരുന്നു; സഹകരിക്കാതെ വിഘടന വാദികള്‍

Posted on: September 5, 2016 8:10 am | Last updated: September 5, 2016 at 11:52 am
ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ വസതിക്ക് മുന്നില്‍ നില്‍ക്കുന്ന സര്‍വകക്ഷി സംഘം
ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ വസതിക്ക് മുന്നില്‍ നില്‍ക്കുന്ന സര്‍വകക്ഷി സംഘം

ന്യൂഡല്‍ഹി: കശ്മീരില്‍ രണ്ട് മാസത്തിലധികമായി നീളുന്ന പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനുമിടെ കേന്ദ്ര സര്‍വകക്ഷി സംഘം സന്ദര്‍ശനം തുടങ്ങി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘമാണ് കശ്മീരില്‍ ദ്വിദിന സന്ദര്‍ശനം ആരംഭിച്ചത്. രണ്ട് ദിവസം ശ്രീനഗറില്‍ തങ്ങുന്ന സംഘം സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുമായി സംസാരിക്കും.
ഹുര്‍റിയത് കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള വിഘടിതരുമായി ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനുള്ള അന്തരീക്ഷം രൂപപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാറും വിഘടിതരും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
അതിനിടെ, സര്‍വകക്ഷി സംഘത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സയ്യിദ് അലി ഷാ ഗീലാനി ഉള്‍പ്പെടെയുള്ള ഹുര്‍റിയത്ത് നേതാക്കള്‍ കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയായിരുന്നു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ, ജെ ഡി യു നേതാവ് ശരത് കുമാര്‍, ആര്‍ ജെ ഡി നേതാവ് ജയ് പ്രകാശ് നാരായണന്‍ എന്നിവരാണ് ഹുര്‍റിയത്ത് നേതാക്കളുമായി ചര്‍ച്ചക്ക് ശ്രമിച്ചത്.

വീട്ടുതടങ്കലില്‍ കഴിയുന്ന സയ്യിദ് അലിഷാ ഗീലാനി കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയായിരുന്നു. ജെ കെ എല്‍ എഫ് നേതാവ് യാസീന്‍ മാലിക്കുമായി സംഘം കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബി എസ് എഫ് ക്യാമ്പില്‍ കഴിയുന്ന യാസീന്‍ മാലിക് ന്യൂഡല്‍ഹിയില്‍ എത്തുമ്പോള്‍ ചര്‍ച്ചയാകാമെന്ന് അറിയിച്ചു. ഹുര്‍റിയത്ത് മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഗാനി ഭട്ടും ചര്‍ച്ചക്ക് വിസമ്മതിച്ചു.

ഹുര്‍റിയത്ത് മിതവാദി വിഭാഗം നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖുമായി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസ് കൂടിക്കാഴ്ച നടത്തി.
കശ്മീരിലെ പൗരപ്രമുഖരായ വ്യാപാരി സംഘടനകള്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നറിയിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടല്‍ വാക്കുകളിലൊതുങ്ങുന്നുവെന്നാരോപിച്ചാണ് സംഘടനകള്‍ വിട്ടുനില്‍ക്കുന്നത്. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രാംവിലാസ് പാസ്വാന്‍, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജ തുടങ്ങിയവരാണ് സര്‍വകക്ഷി സംഘത്തിലുള്ളത്. കേരളത്തില്‍ നിന്ന് ഇ അഹമ്മദ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ട്.

ഇന്ന് രാത്രിയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തുന്ന സര്‍വകക്ഷി സംഘാംഗങ്ങള്‍ യോഗം ചേരുമെന്നും അതിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി വിശദീകരിച്ചു. ചില വിശ്വാസവര്‍ധക നടപടികള്‍ ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ സര്‍വകക്ഷി സംഘാംഗങ്ങള്‍ക്ക് കശ്മീര്‍ താഴ്‌വരയിലെ സാഹചര്യം വിശദീകരിച്ചു കൊടുക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക യോഗം നടന്നിരുന്നു.
ഇതിനിടെ ഹുര്‍റിയത് ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു. ഹുര്‍റിയതിനെ ചര്‍ച്ചക്ക് സര്‍ക്കാര്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസും സി പി എമ്മും ആവശ്യപ്പെട്ടിരുന്നു.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം 59 ദിവസം പിന്നിടുമ്പോഴും ജനജീവിതം സാധാരണ നിലയില്‍ ആയിട്ടില്ല.