പാക് പക്ഷം ചേരലില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

Posted on: September 5, 2016 7:56 am | Last updated: September 5, 2016 at 10:08 am
SHARE

MODI CHINAഹാംഗ്ഷൂ: ജി 20 ഉച്ചകോടിക്കായി ചൈനയിലെ ഹാംഗ്ഷുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. പാക് അധീന കാശ്മീരിലൂടെ നിര്‍മിക്കുന്ന ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ (സി പി ഇ സി) ഇന്ത്യക്കുള്ള ആശങ്ക സി ജിന്‍പിംഗിനെ നരേന്ദ്ര മോദി അറിയിച്ചു. ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങളെ പരസ്പരം ബഹുമാനിക്കണമെന്നും നയതന്ത്ര താത്പര്യങ്ങളെ പരിഗണിക്കണമെന്നും കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലല്ലെന്നും മോദി പറഞ്ഞു.
ആണവ വിതരണ സംഘത്തിലെ (എന്‍ എസ് ജി) ഇന്ത്യയുടെ അംഗത്വത്തിനെതിരെ നിലപാട് സ്വീകരിച്ചതിന് പിന്നാലെ ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
ബലൂചിസ്ഥാന്‍, ഗില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നീ മേഖലയിലൂടെയാണ് 4,600 കോടി യു എസ് ഡോളര്‍ ചെലവ് വരുന്ന സി പി ഇ സി കടന്നുപോകുന്നത്. ഊര്‍ജവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് പുറമെ എണ്ണ, പ്രകൃതി വാതകം എന്നിവ പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് നിന്ന് ചൈനിയിലെ സിന്‍ജിയാംഗ് പ്രവിശ്യയിലെ കാഷ്ഗറില്‍ എത്തിക്കുന്നതിന് റെയില്‍, റോഡ്, പൈപ്പ് ലൈന്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. പദ്ധതിയെ ഇന്ത്യ ശക്തമായി എതിര്‍ത്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദി സംഘടനകളും കൂടിക്കാഴ്ചയില്‍ വിഷയമായി. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കിലെ ചൈനീസ് എംബസിക്ക് സമീപമുണ്ടായ ചാവേറാക്രമണത്തെ മോദി അപലപിച്ചു. തീവ്രവാദം വളരുന്നതിന്റെ ഉദാഹരണമാണിതെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും അവരുടേതായ നയതന്ത്ര ബന്ധങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി. ചര്‍ച്ച 30 മിനുട്ടോളം നീണ്ടു. മോദിയും സി ജിന്‍പിംഗും തമ്മിലുള്ള എട്ടാമത്തെ കൂടിക്കാഴ്ചയാണിത്. ജൂണില്‍ താഷ്‌ക്കന്റില്‍ നടന്ന ഷാംഗ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത മാസം ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സി ജിന്‍പിംഗ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷം ഇരു നേതാക്കളും ബ്രിക്‌സ് നേതാക്കളുടെ യോഗത്തിലും പങ്കെടുത്തു. രണ്ട് ദിവസത്തെ വിയറ്റ്‌നാം സന്ദര്‍ശനത്തിനു ശേഷം ശനിയാഴ്ച രാത്രിയാണ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ചൈനയില്‍ എത്തിയത്.
ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍, സഊദി അറേബ്യയിലെ ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. യു എസ് പ്രസിഡന്റ് ബരാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്, അര്‍ജന്റീനന്‍ പ്രസിഡന്റ് മൗറീഷ്യോ മാക്രി തുടങ്ങിയവരും ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.