47.7 കോടി ചതുരശ്രയടിയില്‍ ദുബൈയില്‍ ‘ചെറു നഗരം’ നിര്‍മിക്കുന്നു

Posted on: September 4, 2016 4:52 pm | Last updated: September 4, 2016 at 4:52 pm
SHARE
DUBAI CENTRAL
ജുമൈറ സെന്‍ട്രല്‍ പ്രൊജക്ട് മാതൃക യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നോക്കി കാണുന്നു

ദുബൈ:ശൈഖ് സായിദ് റോഡില്‍ ജുമൈറയുടെ ഹൃദയ ഭാഗത്ത് 47.7 കോടി ചതുരശ്രയടി വിസ്തൃതിയില്‍ ജുമൈറ സെന്‍ട്രല്‍ എന്ന പേരില്‍ ‘മിനി സിറ്റി’ നിര്‍മിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ജുമൈറ സെന്‍ട്രല്‍ പ്രൊജക്ടിന്റെ പ്രഖ്യാപനം നടത്തിയത്. ‘ആകാശ കാര്‍’ അടക്കം ഏറ്റവും നൂതനമായ ഗതാഗത അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെയൊരുക്കുക. ദുബൈ ഹോള്‍ഡിംഗിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. മൂന്ന് ഷോപ്പിംഗ് മാളുകളും 35,000 താമസ കേന്ദ്രങ്ങളും ഇവിടെയുണ്ടാകും. ഇതിലൂടെ പ്രതിവര്‍ഷം ഒരു ലക്ഷം ആളുകള്‍ക്ക് ഇവിടെ താമസിക്കാനാവും.

പദ്ധതിയുടെ പകുതിയിലേറെ ഭാഗവും ആകാശത്തിന് ചുവട്ടില്‍ ഓപ്പണ്‍ രീതിയിലാണ് നിര്‍മിക്കുക. 10 ലക്ഷം ചതുരശ്രയടിയില്‍ ഓരോ സമയത്തിനനുസരിച്ചും കാലാവസ്ഥ നിയന്ത്രിക്കാനാവശ്യമായ പ്രത്യേക സംവിധാനം ഒരുക്കും. 25 കേന്ദ്രങ്ങളിലൂടെ ഡിസ്ട്രിക്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാനാവും. ഓപ്പണ്‍ രീതിയിലുള്ള 33 പാര്‍ക്കുകള്‍, സ്‌കൂള്‍, ഷോപ്പിംഗ് സെന്റര്‍, സ്മാര്‍ട് പോലീസ് സേവനം, സമൂഹത്തിനാവശ്യമായ മറ്റു സുഖ സൗകര്യങ്ങളും ഇവിടെയൊരുക്കും.
90 ലക്ഷം ചതുരശ്രയടിയിലാണ് ചില്ലറ വില്‍പന കേന്ദ്രങ്ങളടങ്ങിയ മൂന്ന് ഷോപ്പിംഗ് മാളുകള്‍ ഒരുക്കുക. 44,000 കാര്‍ പാര്‍കിംഗും ഉണ്ടാകും. വിനോദസഞ്ചാരികള്‍ക്കായി 7,200 ഹോട്ടല്‍ മുറികളും നിര്‍മിക്കും.
ആഗോളതലത്തില്‍ എന്നെന്നും വികസിക്കുന്ന നഗരമായി ദുബൈയെ നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഭാവിയുടെ നഗരമായി ദുബൈയെ മാറ്റും, ദുബൈ മീഡിയ ഓഫീസിലൂടെ ശൈഖ് മുഹമ്മദ് പറഞ്ഞു. സമൂഹത്തിന് എന്നെന്നും സംതൃപ്തിയും സന്തോഷവും നല്‍കുന്ന ഭാവി നഗരം കെട്ടിപ്പടുക്കുന്നതിന്റെ നാഴികക്കല്ലാണ് ജുമൈറ ഡിസ്ട്രിക്ടിലൂടെ യാഥാര്‍ഥ്യമാകാന്‍ പോവുന്നത്. തങ്ങളുടെ സമ്പദ് വ്യവസ്ഥക്കായി നിലക്കാത്ത നിക്ഷേപമാണ് നടത്തുന്നത്. ദുബൈയുടെ വളര്‍ച്ചക്ക് അതിവേഗം കൂട്ടുന്ന യാത്രയാണ് ഈ പദ്ധതി. യു എ ഇയുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ ആത്മവിശ്വാസമുണ്ട്. രാഷ്ട്രത്തിന്റെ ഭാവിയില്‍ ശുഭ പ്രതീക്ഷയാണുള്ളത്, ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

19ലധികം വരുന്ന സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ ചേര്‍ന്നാണ് ജുമൈറ സെന്‍ട്രല്‍ എന്ന അതി ബൃഹദ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പോവുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി അടുത്ത രണ്ടു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര വിദഗ്ധരും കണ്‍സള്‍ട്ടന്റുമാരും ദുബൈ ഹോള്‍ഡിംഗിന് കീഴില്‍ പ്രവര്‍ത്തിക്കും.
വൈവിധ്യവും തീര്‍ത്തും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ശൃംഖലയായിരിക്കും ജുമൈറ ഡിസ്ട്രിക്ടിലുണ്ടാവുക. ഡിസ്ട്രിക്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കും ദുബൈയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും വിസ്മയം പകരുന്നതാവും ഇവിടുത്തെ ‘ആകാശ കാര്‍’. ദുബൈയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ ജുമൈറ ഡിസ്ട്രിക്ടിന്റെ രൂപകല്‍പന അനാച്ഛാദനം ചെയ്തു.

ചടങ്ങില്‍ ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, ദുബൈ ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഹ്മദ് ബിന്‍ ബയാത്, ദുബൈ ഹോള്‍ഡിംഗ് സി ഇ ഒ ഫാളില്‍ അലി, ദുബൈ ഹോള്‍ഡിംഗ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഹുദ ബുഹ്‌മൈദ് എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here