കെ എസ് എഫ് ഡി സിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളെ പങ്കാളികളാക്കും-ലെനിന്‍ രാജേന്ദ്രന്‍

Posted on: September 4, 2016 4:44 pm | Last updated: September 4, 2016 at 4:44 pm

leninദുബൈ:കെ എസ് എഫ് ഡി സി(കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍)യുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളെ പങ്കാളികളാക്കുമെന്ന് ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ ലെനിന്‍ രാജേന്ദ്രന്‍. ദുബൈയില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേഷന്‍, നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ വിവിധ വലിപ്പത്തിലുള്ള തിയ്യറ്ററുകള്‍ സ്ഥാപിക്കാന്‍ കെ എസ് എഫ് ഡി സി ഒരുങ്ങുകയാണ്. ഇതില്‍ ഭൂമി നല്‍കിയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചും മുതല്‍മുടക്കിയുമെല്ലാമുള്ള സഹകരണമാണ് പ്രവാസികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നാട്ടില്‍ സ്ഥിരതാമസത്തിനായി എത്തുന്ന പ്രവാസികള്‍ക്ക് ഇത്തരം പദ്ധതികളിലെ പങ്കാളിത്തം അനുഗ്രഹമാവുമെന്നാണ് കരുതുന്നത്.

25 കോടി രൂപ മുടക്കി ചിത്രാഞ്ജലി സ്റ്റുഡിയോ വികസിപ്പിക്കും. 800 ഏക്കര്‍ ഭൂമിയാണ് ചിത്രാഞ്ജലിക്കുള്ളത്. ഇതില്‍ നാലില്‍ ഒരു ഭാഗം മാത്രമാണ് നിലവില്‍ ഉപയോഗപ്പെടുത്തുന്നത്. ജനങ്ങളുടെ പങ്കാളിത്തത്തോടെ അവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. 32 ഏക്കര്‍ സ്ഥലത്ത് കുട്ടികള്‍ക്കായി കാടു നിര്‍മിക്കും. വള്ളിച്ചെടികളാലുള്ള ഊഞ്ഞാല്‍ തുടങ്ങിയവയാവും ഇവിടെ ഒരുക്കുക. അരുവിയും കുളവുമെല്ലാം ഇതിലുണ്ടാവും. കെട്ടിടങ്ങള്‍ നിര്‍മിക്കുക പോലുള്ള പരിസ്ഥിതി നാശം ഉണ്ടാക്കുന്ന യാതൊന്നും ഈ കാടകത്ത് ചെയ്യില്ല. യഥാര്‍ഥത്തിലുള്ള കാട്ടില്‍ എത്തിപ്പെടുന്ന പ്രതീതിയാവും ഇവിടെ സൃഷ്ടിക്കുക. കാടുമായി ബന്ധപ്പെട്ട ആന, കടുവ, പുലി തുടങ്ങിയ വന്യജീവികളുടെ ഡിജിറ്റല്‍ രൂപങ്ങളും ശബ്ദങ്ങളുമെല്ലാം ഇവിടെ കാണാനും കേള്‍ക്കാനും സജ്ജീകരണങ്ങള്‍ ഒരുക്കും. ഈ രംഗത്ത് ഹോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധരാവും ഇതിന് നേതൃത്വം നല്‍കുക. ലൈറ്റ് ആന്റ് സൗണ്ട് ഷോയും ഇവിടെ ഒരുക്കും.

നാടകത്തിനുകൂടി ഉപയുക്തമാവുന്ന രീതിയില്‍ എട്ട് തിയ്യറ്ററുകള്‍ കെ എസ് എഫ് ഡി സിക്ക് കീഴില്‍ യാഥാര്‍ഥ്യമാക്കും. ഇതിലൂടെ നല്ല ചിത്രങ്ങള്‍ക്ക് പ്രദര്‍ശിപ്പക്കാന്‍ വേദി ലഭിക്കാത്ത ഇന്നത്തെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ഒരു പരിധി വരെ സാധിക്കും. 2500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ ചിത്രാഞ്ജലിയില്‍ സജ്ജമാക്കും. ഇത് പൂര്‍ത്തിയാവുന്നതോടെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ കേന്ദ്രമായി ഇവിടം മാറും. സിനിമാ മ്യൂസിയവും ഒരുക്കും. പഞ്ചായത്തുകളിലും മറ്റും പ്രവാസികള്‍ ഉള്‍പെടെയുള്ള പൊതുജന പങ്കാളിത്തത്തോടെ ചെറുകിട തിയ്യറ്ററുകളാവും നിര്‍മിക്കുക. 100 മുതല്‍ 200 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലുള്ളതാവും ഇവ. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കെ എസ് എഫ് ഡി സി കരാറുണ്ടാക്കും. സിനിമ വിനോദം മാത്രമല്ല, സംസ്‌കാരം കെട്ടിപ്പടുക്കുന്നതുമാണ്.

അതിനാല്‍ അന്യ ഭാഷാചിത്രങ്ങളുടെ ദുസ്വാധീനം ഇല്ലാതാക്കാന്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. അന്യ ഭാഷാ ചിത്രങ്ങളുടെ ആധിക്യം കേരളത്തിന് വെല്ലുവിളിയാണ്. ഇത് സമൂഹത്തെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നത് ഒഴിവാക്കിയേ മതിയാവൂ. സെന്‍സര്‍ ബോര്‍ഡില്‍ പലപ്പോഴും രാഷ്ട്രീയ മാനദണ്ഡങ്ങളില്‍ നിയമനം ഉണ്ടാവുന്നത് അതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.