Connect with us

Kerala

സെപ്തംബര്‍ 9; കരിപ്പൂര്‍ വിമാനത്താവള സംരക്ഷണ ദിനമായി ആചരിക്കും: എസ് വൈ എസ്‌

Published

|

Last Updated

മലപ്പുറം: റണ്‍വേ നവീകരണ പ്രവൃത്തികള്‍ക്കായി താത്കാലികമായി അടച്ചിട്ട വിമാനത്താവളം ഇനിയും പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സെപ്റ്റംബര്‍ ഒമ്പത് കരിപ്പൂര്‍ വിമാനത്താവള സംരക്ഷണ ദിനമായി ആചരിക്കും.
മലബാറിന്റെ വികസനക്കുതിപ്പിനായി പ്രതീക്ഷാപൂര്‍വം സ്ഥലവും സമ്പത്തും നല്‍കിയവരെ കബളിപ്പിക്കാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രവാസികള്‍ക്കിടയിലും തദ്ദേശീയരിലും അലയടിക്കുന്നത്. പൊതുമേഖലയില്‍ ജനങ്ങളുടെ നിര്‍ലോഭമായ സഹായത്താല്‍ സ്ഥാപിതമായ കരിപ്പൂരിനെ ഇല്ലാതാക്കാനുള്ള കുത്സിത ശ്രമങ്ങളെ അംഗീകരിക്കാനാവില്ല.
സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും ജില്ലയിലെ 1187 യൂനിറ്റുകളില്‍ നിന്നും നൂറു കണക്കിന് ഇമെയില്‍ സന്ദേശങ്ങള്‍ അയക്കും. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംരക്ഷിക്കുക, നിര്‍ത്തി വെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, സീസണ്‍ സമയങ്ങളിലെ അന്യായമായ ടിക്കറ്റ് വര്‍ധനവ് അവസാനിപ്പിക്കുക, ഹജ്ജ് സര്‍വീസ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംരക്ഷണ ദിനമാചരിക്കുന്നത്. ഇതിന്റെ ഭാഗമായി, അധികൃതരുടെ അനാസ്ഥക്കെതിരെ നടത്തുന്ന മുഴുവന്‍ പ്രക്ഷോഭങ്ങള്‍ക്കും സംഘടന പിന്തുണ നല്‍കും.
ഇതു സംബന്ധമായി വാദീസലാമില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍ മാസ്റ്റര്‍, സയ്യിദ് സീതിക്കോയ തങ്ങള്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി പി എം ബശീര്‍, കെ പി ജമാല്‍, എ പി ബശീര്‍, കരുവള്ളി അബ്ദുറഹീം പ്രസംഗിച്ചു.

Latest