ഇ മെയില്‍ വിവാദം: രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന് ഹിലരി

Posted on: September 4, 2016 5:11 am | Last updated: September 4, 2016 at 12:12 am
SHARE

വാഷിംഗ്ടണ്‍: 2012ല്‍ തലച്ചോറിനേറ്റ ക്ഷതത്താല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രറിയായിരിക്കെ തനിക്ക് ലഭിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത അതീവ രഹസ്യ സ്വഭാവമുള്ള എല്ലാ വിവരങ്ങളും തനിക്ക് ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന് ഹിലാരി ക്ലിന്റണ്‍ പറഞ്ഞതായി എഫ് ബി ഐ.
വെള്ളിയാഴ്ച എഫ് ബി ഐ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലാരിയുമായി ജൂലൈ രണ്ടിന് നടത്തിയ അഭിമുഖത്തിന്റെ സംഗ്രഹമാണ് എഫ് ബി ഐ പുറത്തു വിട്ടിരിക്കുന്നത്. അമേരിക്കന്‍ വിദേശകാര്യസെക്രട്ടറിയായിരിക്കെ സ്വകാര്യ ഇ മെയില്‍ സെര്‍വര്‍ ഉപയോഗിച്ചത് സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള മറ്റ് വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ ഇ മെയില്‍ സെര്‍വര്‍ ഉപയോഗിച്ചതിന്റെ പേരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഹിലാരിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങളുന്നയിച്ചിരുന്നു. ഇത് അഭിപ്രായ വോട്ടെടുപ്പുകളില്‍ വോട്ടര്‍മാര്‍ക്ക് ഹിലാരിക്കെതിരെ അവിശ്വാസത്തിന് ഇടയാക്കിയിരുന്നു. സ്വകാര്യ ഇ മെയില്‍ സെര്‍വര്‍ ഉപയോഗിച്ചതില്‍ പിന്നീട് ഹിലാരി ഖേദപ്രകടനം നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോഴും 2013ല്‍ സ്ഥാനമൊഴിയുമ്പോഴും റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതില്‍ അല്ലെങ്കില്‍ അവ തയ്യാറാക്കുന്നതില്‍ തനിക്ക് യാതൊരു നിര്‍ദേശവും ലഭിച്ചിരുന്നില്ലെന്ന് ഹിലാരി പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. 2012ല്‍ ഹിലാരിക്ക് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ കുറഞ്ഞ സമയമേ ജോലി ചെയ്യാന്‍ കഴിയുവെന്നും കഴിഞ്ഞ എല്ലാ കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ ആകില്ലെന്നും ഡോക്ടര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. താന്‍ സ്വകാര്യ ഇ മെയില്‍ സെര്‍വര്‍ ഉപയോഗിക്കുന്ന കാര്യം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്ക് അറിയാമായിരുന്നെന്നും കാരണം തന്റെ സ്വകാര്യ ഇ മെയില്‍ ഡൊമെയിനില്‍ ഇവര്‍ക്ക് മെയിലുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹിലാരി അവകാശപ്പെട്ടു. എന്നാല്‍ എഫ് ബി ഐ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുമായി നടത്തിയ അഭിമുഖത്തില്‍ ഇവര്‍ ഇക്കാര്യം നിഷേധിച്ചു.