ലോകത്തിലെ ഏറ്റവും ഉയരമുള്ള ചില്ലുപാലം അടച്ചു

Posted on: September 4, 2016 6:09 am | Last updated: September 4, 2016 at 12:10 am
SHARE
ചില്ലുപാലത്തിലൂടെ നടന്നു നീങ്ങുന്ന സഞ്ചാരികള്‍
ചില്ലുപാലത്തിലൂടെ നടന്നു നീങ്ങുന്ന സഞ്ചാരികള്‍

ബീജിംഗ്്: ലോകത്തിലെ ഏറ്റവും ഉയരമുള്ളതും നീളമേറിയതുമായ ചില്ലുപാലം അറ്റകുറ്റപ്പണികള്‍ക്കായി താത്കാലികമായി അടച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 22 നാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഈ ചില്ലുപാലം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഈ പാലം മെച്ചപ്പെട്ട സൗകര്യമൊരുക്കാനാണ് അടിയന്തരമായി അടച്ചിടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഹുനന്‍ പ്രവിശ്യയിലെ ഇരു മലഞ്ചെരിവുകളെ ബന്ധിപ്പിച്ച് നയനാനന്ദകരമായി നിര്‍മിച്ചതാണ് ഈ പാലം. 430 മീറ്റര്‍നീളവും 300 മീറ്റര്‍ ഉയരവും ആറ് മീറ്റര്‍ വീതിയുമുള്ള ഈ ചില്ലുപാലത്തിന്റെ നിര്‍മാണത്തിനായി 99 പാനല്‍ ഗ്ലാസുകളാണുപയോഗിച്ചത്. ഇസ്‌റാഈലി വാസ്തുശില്‍പ്പി ഹയിം ഡോട്ടന്‍ ആണ് രൂപകല്‍പ്പനക്ക് നേതൃത്വം നല്‍കിയത്. സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നുവെന്നാണ് ഷാംങ്ഷിയാഷി ഗ്രാന്‍ഡ് കനിയന്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗം അധികൃതര്‍ പ്രതികരിച്ചത്. നിലവില്‍ ദിനംപ്രതി 8000 സന്ദര്‍ശകരെ വഹിക്കുന്നതാണ് ഈ ചില്ലുപാലം. സന്ദര്‍ശകര്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സൗകര്യം മെച്ചപ്പെടുത്താന്‍ അധികൃതര്‍ മുതിരുന്നത്. പാലത്തിന് ഒരു തരത്തിലുമുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ല. എന്നാല്‍, കാലോചിതമായുള്ള മാറ്റത്തിനും സൗകര്യം മെച്ചപ്പെടുത്താനുമാണ് പാലം അടച്ചിടുന്നതെന്നാണ് ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റിനോട് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here