കാലാവസ്ഥാ വ്യതിയാനം: പാരീസ് ഉടമ്പടിയെ അംഗീകരിച്ച് അമേരിക്കയും ചൈനയും

Posted on: September 4, 2016 6:01 am | Last updated: September 4, 2016 at 12:09 am
SHARE
ഹാംഗ്‌ഴൗവില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ചൈനീസ് പ്രസിഡന്റ് സി ജീന്‍ പിംഗും ഹസ്തദാനം ചെയ്യുന്നു
ഹാംഗ്‌ഴൗവില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ചൈനീസ് പ്രസിഡന്റ് സി ജീന്‍ പിംഗും ഹസ്തദാനം ചെയ്യുന്നു

ഹാംഗ്‌ഴൗ: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങള്‍ ഒപ്പുവെച്ച പാരീസ് ഉച്ചകോടിയിലെ ഉടമ്പടി അമേരിക്കയും ചൈനയും അംഗീകരിച്ചു. 40 ശതമാനം കാര്‍ബണാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. പാരീസ് ഉടമ്പടി ഈ വര്‍ഷം അവസാനത്തില്‍ നടപ്പിലാകാനിരിക്കെയാണ് ഇരു രാജ്യങ്ങളുടെയും പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ചൈനയിലെ ഹാംഗ്‌ഴൗവില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാരീസ് ഉടമ്പടി ഭൂമിക്ക് വേണ്ടി നടത്തിയ വഴിത്തിരിവാണ്. ഈ നടപടിയെ ചരിത്രം സ്മരിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെയും സാന്നിധ്യത്തില്‍ ഒബാമ പറഞ്ഞു. കാലാവസ്ഥാ വ്യാതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടി അംഗീകരിക്കുന്നുവെന്ന് നേരത്തെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് പറഞ്ഞിരുന്നു. കാലവസ്ഥാ വ്യാതിയാനത്തിനെതിരെ ഇരുരാജ്യങ്ങളും എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്ന് സംയുക്ത പ്രഖ്യാപനത്തിലൂടെ തെളിഞ്ഞെന്ന് ഒബാമ പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തങ്ങള്‍ക്കാവുന്നത് ചെയ്യും മറ്റു രാജ്യങ്ങളും ഇതേ മാതൃക പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാരീസ് ഉടമ്പടി നിലവില്‍ വരികയാണെങ്കില്‍ അതില്‍ ഒപ്പിട്ട 200ഓളം രാജ്യങ്ങള്‍ക്ക് നേരത്തേ പ്രഖ്യാപിച്ച കാര്‍ബണ്‍ ബഹിര്‍ഗമനം വെട്ടിക്കുറക്കല്‍ പ്രതിജ്ഞകള്‍ പാലിക്കുകയെന്നത് നിയമപരമായ ബാധ്യതയായി മാറും. ഉദാഹരണത്തിന് 2030 ഓടെ വെട്ടിക്കുറക്കല്‍ 40 ശതമാനമാക്കുമെന്നാണ് ഇ യുവിന്റെ പ്രഖ്യാപനം.