വീണ്ടെടുക്കാം അറബി മലയാളത്തെ

Posted on: September 4, 2016 5:30 am | Last updated: September 4, 2016 at 12:01 am
SHARE

സാംസ്‌കാരികമായ തുടര്‍ച്ചകളുടെ ഉത്പന്നമാണ് ഭാഷ. അത് ജനിക്കുന്നതിനും മരിക്കുന്നതിനും കൃത്യമായ സാഹചര്യങ്ങളുണ്ട്. അറബി മലയാളത്തിന്റെ കാര്യത്തില്‍ ഈ ദിശയിലുള്ള പഠനം ഏറ്റവും പ്രസക്തമാണ്. ജാതീയമായ മേല്‍ക്കോയ്മയുടെയും ഇസ്‌ലാമിലെ മതപരിഷ്‌കരണ വാദികളുടെ ആസൂത്രിത നീക്കത്തിന്റെയും ഫലമായി അവഗണിക്കപ്പെട്ട ഭാഷാ രൂപമാണ് അറബി മലയാളം എന്ന് വിളിക്കപ്പെടുന്ന മാപ്പിള മലയാളം. മലയാള ഭാഷ രൂപപ്പെടുന്നതിന്റെ മുമ്പേ ഇവിടെ നിലനിന്നിരുന്ന ഭാഷയായിരുന്നു അറബി മലയാളം. മൂന്നാം നൂറ്റാണ്ടോടു കൂടി തന്നെ ഈ ഭാഷക്ക് ഇവിടെ പ്രചാരമുണ്ടായിരുന്നു. അഥവാ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്‌ലാം കേരളത്തില്‍ എത്തുന്നതിന് മുമ്പേ പരസ്പര വാണിജ്യ ബന്ധത്തിലൂടെ അറബികളുമായുള്ള ബന്ധം കേരളത്തിനുണ്ടായിരുന്നു. അറബികള്‍ അന്ന് കേരളത്തില്‍ നിലവിലിരുന്ന സംസാര ഭാഷ ഉച്ചരിക്കാന്‍ വേണ്ടി അറബിയില്‍ രൂപപ്പെടുത്തിയതാവാം ഈ ഭാഷ എന്നാണ് ഒരു അനുമാനം. അതേസമയം ചില അറബി വാക്കുകള്‍ ഉച്ചരിക്കാന്‍ ഇവിടത്തെ പ്രാദേശിക ജനത ചില മാറ്റങ്ങളോടെ രൂപപ്പെടുത്തിയതാവാം എന്നും സി ടി സുനില്‍ ബാബുവിനെ പോലുള്ളവര്‍ നിരീക്ഷിക്കുന്നു.
സംസ്‌കൃത മലയാളം രൂപപ്പെടുന്നതിന്റെ മുമ്പേ രൂപപ്പെട്ട ഭാഷയായിട്ടും അറബി മലയാളത്തെ പിന്തള്ളി സംസ്‌കൃത മലയാളം പില്‍ക്കാലത്ത് മേല്‍ക്കോയ്മ നേടിയതിന്റെ പിന്നില്‍ സവര്‍ണ മേധാവിത്വം തന്നെയാണെന്ന് ഇന്നും മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന സംസ്‌കൃത പദങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. അതുകൊണ്ടാവാം ‘ബെയ്ക്കുക’ എന്ന വാക്കിന് പകരം ഉണ്ണുക എന്ന പദം നമുക്ക് നിലവാരമുള്ളതായി തോന്നുന്നത്. ‘പയ്ക്കുക’ എന്നതിന് സ്റ്റാന്‍ഡേര്‍ഡ് പോരാ, എന്നാല്‍ വിശക്കുക എന്ന് പറഞ്ഞാല്‍ നിലവാരം കൂടുന്നതായി തോന്നുന്നത്. ഇപ്രകാരം സംസ്‌കൃത പദങ്ങള്‍ കൂട്ടിക്കലര്‍ത്തിയുണ്ടാക്കിയ ഭാഷ നല്ലതായും മറ്റുള്ളവ നിലവാരമില്ലാത്തവയായും പരിഗണിച്ചുപോരുന്ന നല്ലൊരു പക്ഷം ഇവിടെ ജീവിക്കുന്നുണ്ട്.
സംസ്‌കൃത മലയാളത്തെ മലയാളമായി തന്നെ വ്യാഖ്യാനിക്കുമ്പോള്‍ അറബി മലയാളത്തിന്റെ സ്ഥാനം വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല എന്നത് ഈ ഭാഷ നേരിടുന്ന അവഗണനയുടെ ഭാഗമാണ്. ഒരു ന്യൂനപക്ഷത്തിന്റെ ഭാഷയായിരുന്ന സംസ്്കൃത വാക്കുകള്‍, മലയാള ഭാഷയിലേക്ക് ചേര്‍ത്തതുപോലെ എത്രയോ കാലം ഒരു ജനത ഉപയോഗിച്ചിരുന്ന അറബി മലയാളത്തിലുള്ള വാക്കുകള്‍ മലയാളത്തില്‍ അകറ്റിനിര്‍ത്തപ്പെടുകയും ആ ഭാഷയെ രണ്ടാംകിടയായി പരിഗണിക്കുകയും ചെയ്തു. എഴുത്തച്ഛന് മുമ്പേ അറബി മലയാള ലിപി കേരളത്തില്‍ നിലനിന്നിരുന്നിട്ടും മലയാളത്തിനായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിതമായ മലയാളം സര്‍വകലാശാലയില്‍ പോലും അറബി മലയാളത്തിന് ഇടം കിട്ടിയിട്ടില്ല. പകരം സവര്‍ണന്റെ തമിഴ് കൂട്ടിക്കലര്‍ത്തിയ ‘പൊതുമലയാളം’ മാത്രം പ്രാധാന്യം നേടിവരുന്നു. ബ്രിട്ടീഷുകാര്‍ പൊതു സ്‌കൂളുകള്‍ കൊണ്ടുവന്നപ്പോള്‍ അവയിലേക്കായി പാഠപുസ്തകങ്ങള്‍ തയ്യാറാക്കാനായി ഏല്‍പ്പിച്ചത് സവര്‍ണ എഴുത്തുകാരെയായതിനാല്‍ സംസ്‌കൃതപദം കൊണ്ടുള്ള വേലിക്കെട്ട് തീര്‍ക്കുകയും തദ്ദേശീയമായി നിലനിന്നിരുന്ന വാമൊഴി ഭാഷകളെ നിരാകരിക്കുകയുമായിരുന്നു.
സംസ്‌കാരത്തിന്റെ ഒരു ഘടകമാണ് ഭാഷ. ഒരു ജനതയുടെ ആവിഷ്‌കാരമാണത്. ജനതയുടെ ചിന്തയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ഭാഷ. ഒരു വിഭാഗം സമൂഹത്തില്‍ മേല്‍ക്കോയ്മ നേടിയതും മറ്റൊരു ഭാഗം കീഴാളമായി പോയതിലും ഭാഷ വഹിച്ച പങ്കും ചെറുതല്ല. അതിന് സമകാലിക കാലത്ത് മാത്രമല്ല ഭാവിയില്‍ പോലും വ്യക്തികളെ അടുപ്പിക്കാനും അകറ്റിനിര്‍ത്താനും സാധിക്കും.
സവര്‍ണന്റെ ഭാഷാ മേല്‍ക്കോയ്മക്കു പുറമെ മുസ്‌ലിംകളിലെ തന്നെ ചില പരിഷ്‌കരണ വാദികളും അറബി മലയാളത്തെ അകറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടത്തി. അറബി മലയാളത്തില്‍ കണ്ടുകിട്ടിയതില്‍ ഏറെ പഴക്കം ചെന്നത് മുഹ്‌യിദ്ദീന്‍ മാലയാണ്. എഴുത്തച്ഛന് മുമ്പ് രചിക്കപ്പെട്ടതാണത്. അത്രമേല്‍ പഴക്കമുള്ള ഈ കൃതി മുസ്‌ലിം വിശ്വാസത്തിനെതിരാണെന്നും അത് പാരായണം ചെയ്യരുതെന്നും ഇവിടെ പ്രചരിപ്പിച്ചത് മതപരിഷ്‌കരണ വാദികളാണ്. ചരിത്രപരമായ ഇത്തരം പഴയ കൃതികളെ അവഗണിച്ചാല്‍ മാത്രമേ തങ്ങളുടെ പുതിയ ആശയങ്ങള്‍ ഇവിടെ പ്രചരിപ്പിക്കാനാകൂ എന്നതാണ് അതിനവരെ പ്രേരിപ്പിച്ചത്. പുതിയ ആദര്‍ശ വാദികള്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്ന ഘടകമാണ് ചരിത്രവും ചരിത്ര കൃതികളും. ആ നിലക്കും അറബി മലയാള ഭാഷ തഴയപ്പെട്ടു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഭാഷ എന്ന നിലയില്‍ അറബി മലയാളത്തിന്റെ പൈതൃകത്തെ എങ്ങനെ സംരക്ഷിക്കാം എന്നതാണ് ഇനി പ്രധാനം. അതിനായി നിരവധി കര്‍മ പരിപാടികള്‍ സര്‍ക്കാര്‍തലത്തിലും അനൗദ്യോഗിക തലത്തിലും ആവിഷ്‌കരിക്കേണ്ടതുണ്ട്.
ഒരു ഭാഷ നിലനിര്‍ത്താനും സംരക്ഷിക്കാനും ചെയ്യേണ്ടത് എന്തൊക്കെയാണ്? പ്രസിദ്ധ ബ്രിട്ടീഷ് ഭാഷാ പണ്ഡിതനായ ഡേവിഡ് ക്രിസ്റ്റല്‍ ഇതിനായി മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന്, ഭാഷയെ നവീന സാങ്കേതിക വിദ്യയുമായി സന്നിവേശിപ്പിക്കുക എന്നതാണ്. ഇന്നത്തെ കാലത്തെ പ്രധാന സാങ്കേതിക വിദ്യ എന്ന നിലക്ക് വിവരസാങ്കേതിക വിദ്യയുമായി (ഐ ടിയുമായി) മറ്റേതൊരു ഭാഷക്ക് എന്നത് പോലെ അറബി മലയാളത്തെയും സന്നിവേശിപ്പിക്കാനാകണം. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ മലയാള ഭാഷയുടെ കാര്യത്തിലും അപൂര്‍വമായ വളര്‍ച്ചയാണുണ്ടായത്. ലോകത്തിലെ ഏത് കോണിലിരുന്നും മലയാള ഭാഷയെ ഒരു ക്ലിക്ക് അകലത്തില്‍ വായിക്കാനും പഠിക്കാനും എഴുതാനും പ്രസിദ്ധീകരിക്കാനുമൊക്കെ ഇന്ന് സംവിധാനമായി. അതിരുകള്‍ ഭേദിച്ച് ഭാഷയുടെ കൈമാറ്റം സാധ്യമായി എന്നത് വലിയ നേട്ടം തന്നെയാണ്. എന്നാല്‍ അറബി മലയാളത്തിന്റെ സ്ഥിതി എന്താണ്? ഇന്നും ചില ഗ്രന്ഥങ്ങളില്‍ മാത്രമായി അത് ചുരുങ്ങിപ്പോകുന്നു. ഐ ടിയുമായി സന്നിവേശിപ്പിക്കാന്‍ അറബി മലയാളത്തിലെ ലിപിക്ക് വേണ്ടി ആദ്യമായി അക്ഷര രൂപങ്ങള്‍ (ഫോണ്ടുകള്‍) ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണുകളിലുമെല്ലാം പ്രവര്‍ത്തിക്കുന്ന യൂനിക്കോഡ് ഫോണ്ടുകളുടെ നിര്‍മാണം അതിനായി സാധ്യമാകേണ്ടിയിരിക്കുന്നു. ഇന്ന് മലയാളത്തില്‍ വിവിധങ്ങളായ പത്തിലേറെ അക്ഷര രൂപങ്ങളുണ്ട്. അതേസമയം അറബി മലയാളം കമ്പ്യൂട്ടറില്‍ എഴുതാനുള്ള ഒരു ഫോണ്ടുപോലും ഇല്ല. ഇതിനായി ലിപി വക്താക്കളും സാങ്കേതിക വൈദഗ്ധ്യമുള്ളവരും കലാകാരന്‍മാരും ചേര്‍ന്നുള്ള സംഘടിത പ്രവര്‍ത്തനം നടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചല്ല ഇന്ന് മലയാളത്തിന് യൂനിക്കോഡ് ഫോണ്ടുകളുണ്ടായിട്ടുള്ളത്. അവയെല്ലാം തന്നെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനഫലമായുണ്ടായവയാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന സംഘടന അവയില്‍ ഒരു ഉദാഹരണമാണ്.
നിലവില്‍ ഇന്റര്‍നെറ്റിലെ വിക്കിമീഡിയയുടെ അനുബന്ധ സംരംഭമായ മലയാളം ഗ്രന്ഥശാലയില്‍ അറബി മലയാള സാഹിത്യ കൃതികള്‍ ലിപ്യന്തര രൂപത്തില്‍ ചേര്‍ക്കുന്ന പദ്ധതിയുണ്ടെങ്കിലും അതിപ്പോഴും ശൈശവ ദശയിലാണ്. മുഹ്‌യിദ്ദീന്‍ മാല പൂര്‍ണമായി ചേര്‍ക്കാന്‍ സാധിച്ചെങ്കിലും നഫീസത്ത് മാല പോലുള്ള മാലപ്പാട്ടുകളെ പൂര്‍ണമായും ചേര്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അറബി മലയാളം അറിയുന്ന ആളുകളുടെ അഭാവമാണ് വിക്കി സംരഭങ്ങളിലെ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി. അതേസമയം ഈ ഭാഷ അറിയുന്നവരിലേക്കാവട്ടെ വിക്കിമീഡിയ പോലുള്ള സംരംഭങ്ങളെ കുറിച്ചും അവയിലേക്ക് കൃതികളെ സംഭാവന ചെയ്യുന്നതിനെ സംബന്ധിച്ചും ഇപ്പോഴും അജ്ഞത നിലനില്‍ക്കുന്നു. ഈ വിടവ് കുറച്ചുകൊണ്ടുവരാന്‍ മത- ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
മലയാള ഭാഷക്ക് ഇന്ന് ക്ലാസിക്കല്‍ പദവിയുണ്ട്. തിരൂരില്‍ സര്‍വകലാശാലയുണ്ട്. ഭാഷയുടെ വളര്‍ച്ചക്കായി പദ്ധതികള്‍ പലതും ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ മലയാള ഭാഷ രൂപപ്പെടുന്നതിന്റെ മുമ്പ് ഇവിടെ നിലനിന്നിരുന്ന മലയാളത്തെ/ അറബി മലയാളത്തെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ ശ്രേഷ്ഠ ഭാഷ ജനാധിപത്യവത്കരിക്കപ്പെടുകയുള്ളൂ. അറബി മലയാളത്തെ പഠന വിഷയമാക്കുന്ന പ്രത്യേക വിഭാഗങ്ങള്‍ മലയാള സര്‍വകലാശാലയില്‍ തുടങ്ങേണ്ടിയിരിക്കുന്നു. അറബി മലയാളത്തിലുള്ള കൃതികള്‍ പ്രചരിപ്പിക്കാനും സര്‍വകലാശാലക്ക് വേണമെങ്കില്‍ സാധിക്കും. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിലൂടെ കിട്ടുന്ന പണത്തില്‍ നിന്ന് അല്‍പ്പം മാറ്റിവെച്ച് അറബി മലയാളത്തിലെ കൃതികളെ ലിപ്യന്തരണം നടത്താവുന്നതാണ്.
സ്‌കൂള്‍ കലോത്സവങ്ങളില്‍ സംസ്‌കൃത കലോത്സവവും അറബി കലോത്സവവും വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നുണ്ട്. ആശ്വസിക്കാന്‍ വകയായി അറബി മലയാളത്തെ പ്രതിനിധീകരിച്ച് മാപ്പിളപ്പാട്ടുകള്‍ മാത്രമാണുള്ളത്. രചനാ മത്സരങ്ങള്‍, മാലപ്പാട്ട് മത്സരങ്ങള്‍, വായനാ മത്സരങ്ങള്‍ തുടങ്ങിയവ ഈ ഗണത്തിലേക്ക് പരിഗണിക്കാവുന്നതാണ്.
അവലംബം: വിക്കിപീഡിയ, അറബി മലയാള സാഹിത്യ പഠനങ്ങള്‍- ടി മന്‍സൂറലി, ഡേവിഡ് ക്രിസ്റ്റല്‍

LEAVE A REPLY

Please enter your comment!
Please enter your name here