Connect with us

Gulf

ദുബൈയില്‍ നിന്ന് ആദ്യ അഡീഷണല്‍ വിമാനം പറന്നു

Published

|

Last Updated

ദുബൈ: ആദ്യ അഡീഷണല്‍ ഹജ്ജ് വിമാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്നും പുറപ്പെട്ടു. 400 തീര്‍ഥാടകരാണ് വിമാനത്തിലുള്ളത്. ഹജ്ജ് കാലയളവില്‍ ദുബൈയില്‍ നിന്ന് സഊദി അറേബ്യയിലേക്ക് 12 അധിക വിമാനങ്ങളാണുള്ളത്.
മടക്കം അടക്കം ഹജ്ജ് തീര്‍ഥാടകര്‍ക്കായി സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ നാല് അധിക വിമാനങ്ങളുമുണ്ടാകുമെന്ന് ദുബൈ വിമാനത്താവളത്തിലെ ഹജ്ജ് കമ്മിറ്റി മേധാവി മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു. എട്ട് വിമാനങ്ങള്‍ എമിറേറ്റ്‌സും സര്‍വീസ് നടത്തും. ഹജ്ജിന് മുന്നോടിയായി ദുബൈയില്‍ ഒരു ദിവസം തങ്ങുന്ന ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണം 16,000 ആണ് പ്രതീക്ഷിക്കുന്നതെന്ന് മര്‍സൂഖി കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ ടെര്‍മിനലുകളിലും തീര്‍ഥാടകര്‍ക്കാവശ്യമായ സേവനങ്ങള്‍ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് മാത്രമായി ഓരോ ടെര്‍മിനലിലും പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ശരിയായ ദിശയിലേക്ക് പോവുന്നതിനുള്ള അടയാളങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമായി ടെര്‍മിനല്‍ ഒന്നില്‍ എട്ട് കൗണ്ടറുകളും രണ്ടില്‍ നാലെണ്ണവും മൂന്നില്‍ 14 കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.
2,500 സ്വദേശികളടക്കം ദുബൈയിലെ താമസക്കാരായ പ്രവാസികള്‍ ഇപ്രാവശ്യം ഇത്തവണത്തെ ഹജ്ജിന് ദുബൈയില്‍ നിന്ന് പുറപ്പെടും. 380 പ്രവാസികളടക്കം 4,800 പേര്‍ മറ്റു എമിറേറ്റുകളില്‍ നിന്നും ഹജ്ജിനായി പുറപ്പെടുമെന്ന് മര്‍സൂഖി വ്യക്തമാക്കി.
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് യു എ ഇയിലേക്കുള്ള ആദ്യ തീര്‍ഥാടക സംഘം സഊദി എയര്‍ലൈന്‍സില്‍ ഈ മാസം 16നായിരിക്കും തിരികെയെത്തുക. ബാക്കിയുള്ള തീര്‍ഥാടകര്‍ 16, 17 തിയതികളില്‍ എമിറേറ്റ്‌സ് വിമാനത്തിലും തിരികെയെത്തും.
തിരികെയെത്തുന്ന തീര്‍ഥാടകര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനുള്ള ഗേറ്റിന് ഏറ്റവും അടുത്തുള്ള ബെല്‍റ്റില്‍ നിന്ന് തങ്ങളുടെ ലഗേജുകള്‍ കൈപ്പറ്റാന്‍ സാധിക്കും. ടെര്‍മിനല്‍ ഒന്നില്‍ എട്ടാം നമ്പര്‍ ബെല്‍റ്റും ടെര്‍മിനല്‍ രണ്ടില്‍ ആറാം നമ്പര്‍ ബെല്‍റ്റും ടെര്‍മിനല്‍ മൂന്നില്‍ 12, 16 നമ്പര്‍ ബെല്‍റ്റുകളിലുമാണ് ഹജ്ജ് തീര്‍ഥാടകരുടെ ലഗേജുകള്‍ എത്തുക.
പ്രായാധിക്യവും ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന തീര്‍ഥാടകര്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ സഞ്ചരിക്കുന്നതിനായി പ്രത്യേക വാഹനമായ ഗോള്‍ഫ് കാര്‍ട് ഏര്‍പെടുത്തും. വിമാനത്താവളത്തിന് അകത്തും പുറത്തും തീര്‍ഥാടകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് മര്‍സൂഖി പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ കയറുന്നതിനിന് മുമ്പായി വിമാനത്താവളത്തിലെ ക്ലിനിക്കില്‍ നിന്ന് വൈദ്യ പരിശോധന നടത്താനാകും. രക്തസമ്മര്‍ദം, ശരീരത്തിന്റെ താപനില തുടങ്ങിയവയാണ് പരിശോധിക്കുക. തീര്‍ഥാടകര്‍ക്ക് കൈ വൃത്തിയാക്കുന്നിനുള്ള സാധനങ്ങള്‍, കുട, ചെറിയ ഖുര്‍ആന്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതിനായി സ്റ്റാളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ഹജ്ജ് വിമാനങ്ങളുടെ സമയക്രമം സംബന്ധിച്ചും 04-5055588 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
അതേസമയം ഹജ്ജ് തീര്‍ഥാടകരെ വിമാനത്താവളത്തില്‍ കൊണ്ടുവിടാനും തിരികെയെടുക്കാനും എത്തുന്ന സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും വാഹനങ്ങള്‍ക്ക് പാര്‍കിംഗ് ഫീ ഈടാക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.