നാട്ടിലേക്ക് പണമയക്കുന്നതില്‍ ഖത്വറിലും മുമ്പില്‍ ഇന്ത്യക്കാര്‍

Posted on: September 3, 2016 9:55 pm | Last updated: September 3, 2016 at 9:55 pm
SHARE

ദോഹ: ഖത്വറിലെ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണം അയച്ചത് ഇന്ത്യയിലേക്ക്. കഴിഞ്ഞ വര്‍ഷം 3.98 ബില്യന്‍ ഡോളര്‍ ആണ് ഇന്ത്യയിലേക്ക് ഖത്വറില്‍ നിന്ന് പ്രവാസികള്‍ അയച്ചത്. ഖത്വറിലെ മൊത്തം പ്രവാസികള്‍ അയച്ചത് 10.42 ബില്യന്‍ ഡോളര്‍ ആണ്. 2.02 ബില്യന്‍ ഡോളര്‍ അയച്ച നേപ്പാളാണ് രണ്ടാമതെന്നും പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികളുടെ പണമയക്കലില്‍ 2014നെ അപേക്ഷിച്ച് നേരിയ വര്‍ധന വന്നിട്ടുണ്ട്. 2014ല്‍ 10.01 ബില്യന്‍ ഡോളര്‍ ആണ് അയച്ചത്. കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സിലേക്ക് 1.16 ബില്യന്‍ ഡോളറും ഈജിപ്തിലേക്ക് 1.05 ബില്യന്‍ ഡോളറും അയച്ചു. ബംഗ്ലാദേശികള്‍ സ്വന്തം രാജ്യത്തേക്ക് 0.52 ബില്യന്‍ ഡോളറും ശ്രീലങ്കക്കാര്‍ ഏതാണ്ട് ഇതിനടുത്ത തുകയും അയച്ചു. പാക്കിസ്ഥാനികള്‍ 0.42 ബില്യന്‍ ഡോളറാണ് അയച്ചത്. ആഗോള തലത്തില്‍ പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയച്ചത് 582 ബില്യന്‍ ഡോളര്‍ ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം കുറവ്. 2009ന് ശേഷം ആഗോള പണമയക്കലിലുണ്ടായ ആദ്യ ഇടിവ് ആണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2009ല്‍ 28 ബില്യന്‍ ഡോളര്‍ ആണ് കുറഞ്ഞത്.