പാടശേഖരങ്ങളില്‍ കൃഷിയിറക്കി ഹരിതാഭമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

Posted on: September 3, 2016 9:17 pm | Last updated: September 3, 2016 at 9:17 pm
SHARE
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പാടശേഖര സമിതിയുടേയും കര്‍ഷക പ്രതിനിധികളുടേയും യോഗത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ സംസാരിക്കുന്നു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പാടശേഖര സമിതിയുടേയും കര്‍ഷക പ്രതിനിധികളുടേയും യോഗത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ സംസാരിക്കുന്നു.

പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തരിശായി കിടക്കുന്നതുള്‍പ്പെടെയുള്ള പാടശേഖരങ്ങള്‍ കൃഷിയിറക്കി ഹരിതാഭമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, എന്നാല്‍ സര്‍ക്കാര്‍ സഹായം മാത്രം ലക്ഷ്യമാക്കാതെ, കര്‍ഷകരുടെ സഹകരണ മുണ്ടായാല്‍ സമയബന്ധിതമായി പദ്ധതി നടപ്പാക്കാനാവുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍. ചെറുവണ്ണം. മേപ്പയ്യൂര്‍, തുറയൂര്‍, കീഴരിയൂര്‍, അരിക്കും. നൊച്ചാട്, കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിലെ 45 ഓളം പാടശേഖര ഭാരവാഹികളുടേയും, കര്‍ഷക സമിതിയുടേയും കൃഷി വകുപ്പുദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി രാമകൃഷ്ണന്‍. പല പാടശേഖരങ്ങളിലും കൃഷി മുടങ്ങാന്‍ കാരണം വെള്ളക്കെട്ടും, അതേ സമയം ചില പാടശേഖരങ്ങളില്‍ വെള്ളം ലഭ്യമല്ലാത്തതുമാണെന്ന് പാടശേഖര സമിതിയും കര്‍ഷകരും പറഞ്ഞു. നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് പാടത്തിലൂടെ ഒഴുകി ചെറുവണ്ണൂര്‍ ആവള പാണ്ടിയിലെത്തുന്ന തോടിന്റെ ഇരുകരകളിലുമുള്ള കൈതോലച്ചെടികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ യോഗത്തില്‍ പരാതിപ്പെട്ടു. നെല്‍കൃഷി നഷ്ടമാകുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകും വിധം തൊഴിലുറപ്പ് അംഗങ്ങളെ ഉപയോഗപ്പെടുത്തി നിലമൊരുക്കലിനൊപ്പം വിത്ത് പാകല്‍, പറിച്ചു നടല്‍, കൊയ്ത്ത്, മെതി തുടങ്ങിയ പ്രവര്‍ത്തികളും നടത്തുന്ന സാഹചര്യമുണ്ടാക്കണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. ഏതാനും പാടശേഖരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും, മറ്റു ചിലയിടങ്ങളില്‍ നടപ്പാതകള്‍ പോലുള്ള സംവിധാനമില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ ശ്രദ്ധയില്‍പ്പെടുത്തി.കൂത്താളി പാടശേഖരത്തില്‍ യന്ത്രമുപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയാത്തതാണ് പ്രശനം.ചങ്ങരോത്ത് പഞ്ചായത്തിലെ വിശാലമായി കിടക്കുന്ന ചങ്ങരോത്ത് വയലില്‍ എലിപ്പനി പകര്‍ച്ചാഭീതിയില്‍ തൊഴിലാളികള്‍ പാടത്തിറങ്ങാന്‍ മടിക്കുന്നതാണ് കൃഷിയിറക്കാതിരിക്കുന്നതിന് കാരണം. പുല്ലരിയാന്‍ ഈ വയലിലിറങ്ങിയ സ്ത്രീയും, പ്രദേശത്തെ രണ്ട് കര്‍ഷക തൊഴിലാളികളും എലിപ്പനി ബാധിച്ച് മരണപ്പെട്ടതാണ് ആശങ്കക്കിടയാക്കിയത്. വെള്ളക്കെട്ട് മൂലം കൃഷി നടത്താനാകാത്ത ആവള പാണ്ടിയിലെ1500 ഏക്കര്‍ വരുന്ന പാടശേഖരം രണ്ട് വര്‍ഷത്തിനകം പൂര്‍ണമായും കൃഷിയോഗ്യമാക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞമ്മദ് പറഞ്ഞു.. പിന്നാലെ കരുവോട് ചിറയിലും കൃഷി തുടങ്ങും. ആവള പാണ്ടിയില്‍ 25 വര്‍ഷത്തോളമായി കൃഷി ചെയ്യാതെ കിടക്കുന്നതിനാല്‍ അരമീറ്റര്‍ ഉയരത്തില്‍ പായലും കളകളും വളര്‍ന്ന് കിടക്കുന്നുണ്ട്.
ഇത് നീക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. വയലേലകള്‍ കൃഷിയോഗ്യമാക്കുന്നതിന് ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് ലഭ്യമാകുന്ന സഹായങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ലഭ്യമാക്കേണ്ട സഹായങ്ങള്‍ എന്തൊക്കെയെന്ന് വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അതാത് പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന നിര്‍ദേശങ്ങളൂം അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഇതേക്കുറിച്ച് അടുത്ത മാസം എട്ടിന് വീണ്ടും വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേലടി കൃഷി അസി: ഡയരക്ടര്‍ സുരേഷ്, എ.പുഷ്പ, സുജാത മനക്കല്‍, കെ.നാരായണക്കുറുപ്പ്, എം.കുഞ്ഞമ്മദ്, എന്‍.പി.ബാബു, വി.ടി.ബാലന്‍, പി.ബാലന്‍ അടിയോടി സംബന്ധിച്ചു.