വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും

Posted on: September 3, 2016 10:17 am | Last updated: September 3, 2016 at 10:17 am
SHARE

തിരുവനന്തപുരം: ഹരിപ്പാട് നിയോജകമണ്ഡലത്തിലെ തൃക്കുന്നപ്പുഴ, കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള തീരുമാനമായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മുഖേന ഹരിപ്പാട് മണ്ഡലത്തില്‍ നിര്‍വ്വഹിക്കുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി 31ന് പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍വകുപ്പ് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പിഡബ്ലുഡി റസ്റ്റ് ഹൗസില്‍ വച്ച് ഒരു മീറ്റിംഗ് ചേര്‍ന്നിരുന്നു. പ്രസ്തുത മീറ്റിംഗിലാണ് വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നബാര്‍ഡിന്റെ നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഡെവലപ്പെമെന്റ് അസിസ്റ്റന്‍സ് (നിഡ) സ്‌കീമില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കാന്‍ തീരുമാനമെടുത്ത കാര്യം പൊതുമരാമത്ത് മന്ത്രി അറിയിച്ചത്. പാലത്തിന്റെ പണി നിറുത്തിവക്കാന്‍ പിഡബ്ലുഡി വകുപ്പ് ഊരാളുങ്കല്‍ സൊസൈറ്റിയോട് നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള മുഴുവന്‍ ജനങ്ങളും യുഡിഎഫിന്റെ നേതൃത്വത്തില്‍ കടുത്ത സമരപരിപാടികളുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ഫണ്ടിംഗ് രീതിയെ സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സം മാറിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ്മന്ത്രിയുടെ ഈ ഉറപ്പിമേല്‍ ഇതുമായി ബന്ധപ്പെട്ടുള്ള സമരപരിപാടികള്‍ അവസാനിപ്പിക്കുന്നതായും രമേശ് ചെന്നിത്തല അറിയിച്ചു.