കെ ബാബുവിന് കേരളത്തിനകത്തും പുറത്തും ബിനാമി സ്വത്തുക്കളെന്ന് എഫ്‌ഐആര്‍

Posted on: September 3, 2016 1:40 pm | Last updated: September 3, 2016 at 2:10 pm
SHARE

K BABU

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഇതിന് പുറമെ ബാബുവിന്റെ ബിനാമികളുടേയും മക്കളുടേയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ബാബുവിന്റെ സന്തതസഹചാരികളായ തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്‍, കുമ്പളം സ്വദേശി ബാബു റാം എന്നിവരുടെ വീടുകളിലും പാലാരിവട്ടത്തും തൊടുപുഴയിലുമുള്ള രണ്ട് പെണ്‍മക്കളുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാബുവിനേയും മറ്റ് രണ്ടുപേരേയും പ്രതികളാക്കി മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ബാബു മന്ത്രിയായ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റേയും ബിനാമികളുടേയും മക്കളുടേയും സ്വത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന സൂചന. ഇത് സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

ബാബുവിന് റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നത്. ബേക്കറി ശൃംഖലയുമായും ബന്ധമുണ്ട്. കൊച്ചിയില്‍ ബാബുവിന് ബിനാമി സ്വത്തുണ്ട്. മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷം രൂപക്ക് ബെന്‍സ് കാര്‍ വാങ്ങി. ബാര്‍കോഴ ആരോപണമുണ്ടായപ്പോള്‍ കാര്‍ മറ്റൊരാള്‍ക്ക് വിറ്റു. തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ട്. മന്ത്രിയായിരുന്ന കാലത്താണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതെന്നും എഫ്‌ഐആര്‍ പറയുന്നു.