സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണം; മന്ത്രി ഇടപെട്ട് പിന്‍വലിച്ചു

Posted on: September 3, 2016 8:29 am | Last updated: September 3, 2016 at 8:29 am
SHARE

onamതിരുവനന്തപുരം: സ്‌കൂളുകളിലെ ഓണാഘോഷം നിയന്ത്രിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ സര്‍ക്കുലര്‍. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഇടപെട്ട് സര്‍ക്കുലര്‍ പിന്‍വലിച്ചു. ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറാണ് ഓണാഘോഷത്തിന് മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. ഒരു പ്രവൃത്തിദിനം മുഴുവന്‍ ആഘോഷ പരിപാടികള്‍ക്കായി മാറ്റിവെക്കാന്‍ പാടില്ലെന്നായിരുന്നു പ്രധാന നിര്‍ദേശം.
സ്‌കൂള്‍ പരീക്ഷകള്‍, മറ്റു പഠന- പഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാത്ത തരത്തിലായിരിക്കണം പരിപാടികള്‍ ക്രമീകരിക്കേണ്ടത്. ആഘോഷ പരിപാടികളില്‍ സ്‌കൂള്‍ യൂനിഫോം നിര്‍ബന്ധമായിരിക്കണം, വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പ്രിന്‍സിപ്പലില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം, പരിപാടികളുടെ പേരില്‍ അമിതമായ പണപ്പിരിവ് പാടില്ല, പരിപാടികളില്‍ പി ടി എ, എസ് എം സി എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കണം, കലാകായിക പരിപാടികളില്‍ അധ്യാപകരുടെ സമ്പൂര്‍ണ നിയന്ത്രണവും മേല്‍നോട്ടവും പ്രിന്‍സിപ്പല്‍ ഉറപ്പ് വരുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
സ്‌കൂളുകളിലെ ഓണാഘോഷത്തിന്റെ ഭംഗിയും പൊലിമയും കുറക്കുന്നതാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങളില്‍ പലതുമെന്ന് വിമര്‍ശം ഉയര്‍ന്നതോടെയാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here