Connect with us

National

മുത്വലാഖ്: കോടതിക്ക് ഇടപെടാനാകില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട മുത്വലാഖ് വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് ത്വലാഖ് ചൊല്ലി വിവാഹമോചനം നേടുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടോയെന്ന് സുപ്രീം കോടതിക്ക് നിശ്ചയിക്കാനാകില്ല. അത് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണ്. സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ വ്യക്തിനിയമത്തില്‍ ഇടപെടാനും മാറ്റം വരുത്താനും കോടതിക്ക് അധികാരമില്ല. ഭരണഘടനയുടെ അനുവാദത്തോടെയാണ് വ്യക്തിനിയമം നിലനില്‍ക്കുന്നത്. ഇതിനെതിരെയുള്ള നീക്കം ഭരണഘടനാ ലംഘനമാണെന്നും വ്യക്തിനിയമ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. മുത്വലാഖിന്റെ സാധുത തീരുമാനിക്കേണ്ടത് സുപ്രീം കോടതിയല്ല. വിവാഹമോചനത്തില്‍ ഇസ്‌ലാമില്‍ അനുവദനീയമായ രൂപമാണ് മുത്വലാഖ്. ചോദ്യംചെയ്യാവുന്ന നിയമങ്ങളുടെ പരിധിയില്‍ വിശുദ്ധ വചനങ്ങള്‍ വരുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും വ്യക്തി നിയമങ്ങളും ഏറ്റുമുട്ടുന്ന ഒരുകൂട്ടം ഹരജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലാണ്. ഈ കേസിലാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയത്.
നേരത്തെ മുത്വലാഖിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ബി ജെ പി നേതാവിന്റെ ഹരജി തള്ളിയ സുപ്രീം കോടതി ത്വലാഖിനെ എതിര്‍ത്തുകൊണ്ട് മുസ്‌ലിം സ്ത്രീകള്‍ ഹരജി നല്‍കിയാല്‍ അതു നിര്‍ത്തലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മുസ്‌ലിം സ്ത്രീകള്‍ ഹരജി നല്‍കി. ഇതു പരിഗണിച്ച കോടതി ഒരേ സമയത്ത് തന്നെ മൂന്നുവട്ടം ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്‌ലിം രീതിയുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഫോണിലൂടെ വിവാഹമോചനം ചെയ്തതിനെതിരെ യുവതി കോടതിയെ സമീപിക്കുകയും മുത്വലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Latest