പണിമുടക്ക് പൂര്‍ണം; ജനജീവിതം സ്തംഭിച്ചു

Posted on: September 3, 2016 8:13 am | Last updated: September 3, 2016 at 11:38 am
SHARE

 

വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പണിമുടക്കിനെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള കാഴ്ച.    ചിത്രം: ശിഹാബ് പള്ളിക്കല്‍
വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പണിമുടക്കിനെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള കാഴ്ച. ചിത്രം: ശിഹാബ് പള്ളിക്കല്‍

തിരുവനന്തപുരം/ന്യൂഡല്‍ഹി: സംയുക്ത തൊഴിലാളി യൂനിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണിമുടക്കിന് ഭാഗികമായ പ്രതികരണമേ ലഭിച്ചുള്ളൂ. ഡല്‍ഹി, ചെന്നൈ, മുംബൈ നഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല. സ്വകാര്യ വാഹനങ്ങളുള്‍പ്പെടെയുള്ളവ നിരത്തിലിറങ്ങി. എന്നാല്‍, ഇടതുപക്ഷ സ്വാധീനമുള്ള ത്രിപുരയിലും ബംഗാളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. മെട്രോ സിറ്റിയായ ബെംഗളൂരുവിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. രാജ്യവ്യാപമായി ബേങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
ബി എം എസ് ഒഴികെ പത്ത് തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി. റെയില്‍വേ ഒഴികെ പൊതുഗതാഗത സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല.
ഇരുചക്ര വാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങളും സ്‌കൂളുകളും കോളജുകളുമെല്ലാം അടഞ്ഞുകിടന്നു. സെക്രട്ടേറിയറ്റ്, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യവസായശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
ഇന്‍ഷ്വറന്‍സ് മേഖലയിലെ ജീവനക്കാര്‍, പ്രതിരോധ ഉത്പാദന- സേവന മേഖലകളിലെ സിവിലിയന്‍ ജീവനക്കാര്‍ എന്നിവരും പിന്തുണ പ്രഖ്യാപിച്ചു. ടെലികോം, തപാല്‍, റോഡ് ഗതാഗതം, വൈദ്യുതി, തുറമുഖം എന്നീ മേഖലകള്‍ സ്തംഭിച്ചു. അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളും അങ്കണ്‍വാടി, ആശ, ഉച്ചഭക്ഷണം തുടങ്ങിയ പദ്ധതിത്തൊഴിലാളികളും ജീവനക്കാരും പണിമുടക്കില്‍ അണിനിരന്നു. കനത്ത സുരക്ഷയാണ് പോലീസ് എല്ലായിടത്തും ഒരുക്കിയിരുന്നത്. അങ്ങിങ്ങ് ഏതാനും അക്രമ സംഭവങ്ങളുണ്ടായി.
വി എസ് എസ് സിയില്‍ നിന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തിലേക്കുള്ള റോക്കറ്റ് ഭാഗങ്ങളുടെ നീക്കത്തേയും പണിമുടക്കനുകൂലികള്‍ തടസ്സപ്പെടുത്തി. ഐ എസ് ആര്‍ ഒക്ക് കോടികളുടെ നഷ്ടവും തിരിച്ചടിയുമാണ് ഉണ്ടായതെന്ന് ഐ എസ് ആര്‍ ഒ അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഐ എസ് ആര്‍ ഒയുടെ പ്രധാന ഗ്യാരേജ് രാവിലെ മുതല്‍ സമരാനുകൂലികള്‍ ഉപരോധിച്ചു. ഉദ്യോഗസ്ഥരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ പട്ടം മരപ്പാലത്ത് സമരാനുകൂലികള്‍ തടഞ്ഞതോടെ ചരിത്രത്തില്‍ ആദ്യമായി ഐ എസ് ആര്‍ ഒയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.
പണിമുടക്കിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മന്ത്രി ടി പി രാമകൃഷ്ണന്‍ കാല്‍നടയായി ഔദ്യോഗിക വസതിയില്‍ നിന്ന് എ കെ ജി സെന്ററിലേക്ക് പോയി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വീട്ടിലേക്ക് പോയതും കാല്‍നടയായി തന്നെ. സമരം ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല.
തിരുവനന്തപുരത്ത് സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് രാവിലെ പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ തൊഴിലാളികള്‍ ആറ് വരെ സത്യഗ്രഹം നടത്തി. അയ്യായിരത്തോളം തൊഴിലാളികളാണ് പ്രകടനത്തിലും തുടര്‍ന്നു നടന്ന സത്യഗ്രഹത്തിലും പങ്കെടുത്തത്. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here