സംസ്ഥാനത്ത് ‘വിഷരഹിത പച്ചക്കറി’ വിജയത്തിലേക്ക്

Posted on: September 2, 2016 3:05 am | Last updated: September 1, 2016 at 11:08 pm
kannur veg
കണ്ണൂര്‍ കൂവോട് പച്ചക്കറി വിളവെടുപ്പ് നടന്നപ്പോള്‍

കണ്ണൂര്‍:സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നായ വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യത്തിലേക്ക്.ആദ്യഘട്ടത്തില്‍ ഓണത്തിനായി 10 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിച്ചാണ് വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനം ഇതുവരെയില്ലാത്ത രീതിയില്‍ മികവ് കാട്ടിയത്.ഇതിനകം വിളവെടുത്ത് തുടങ്ങിയ പച്ചക്കറികള്‍ വ്യാപകമായി വിപണനത്തിനെത്തിത്തുടങ്ങിയതോടെ വിപണിയിലെ പച്ചക്കറി വിലയിലും വലിയ വ്യത്യാസം അനുഭവപ്പെട്ടു തുടങ്ങി. ഈയൊരു സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ വന്‍തോതില്‍ വില കുറച്ച് അന്യസംസ്ഥാന പച്ചക്കറികള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ കൃഷി വകുപ്പ് ജൈവപച്ചക്കറി ഉത്പാദനത്തിനായി വിവിധ പദ്ധതികള്‍ തുടങ്ങിയിരുന്നു. ഇത്തവണ കൃഷിവകുപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി കാര്യക്ഷമമാക്കുകയും ഉത്പാദനത്തില്‍ പൊതുജന സേവനം കാരര്യമായി തേടുകയും ചെയ്തു. കുടുംബശ്രീയൂനിറ്റുകള്‍ക്കു പുറമെ സര്‍ക്കാര്‍ ഏജന്‍സികളും രാഷ്ട്രീയ പാര്‍ട്ടികളും പച്ചക്കറി ഉല്‍പാദനത്തിനായി പരിശ്രമിച്ചു.ആദ്യഘട്ടം അഞ്ച് ഹെക്ടര്‍ ഉള്‍പ്പെടുന്ന 373 ക്ലസ്റ്ററുകള്‍ക്കാണ് സര്‍ക്കാര്‍ പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള സബ്‌സിഡി നല്‍കിയത്. ഒരു ഹെക്ടറിന് 15,000 രൂപയായിരുന്നു സബ്‌സിഡി. അഞ്ച് ഹെക്ടര്‍ തികച്ച് ഇല്ലാത്ത യൂണിറ്റുകള്‍ക്ക് 8000 രൂപ നിരക്കിലും സബ്‌സിഡി നല്‍കി്.

കഴിഞ്ഞ വര്‍ഷം 28,000 യൂനിറ്റ് ഗ്രോബാഗുകളാണ് ഓണ സീസണില്‍ നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ കൂടിയ ആവശ്യം പരിഗണിച്ച് 40,000 യൂണിറ്റ് ഗ്രോബാഗുകളാണ് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് നല്‍കിയത്.ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത കര്‍ഷകരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് സബ്‌സിഡി നല്‍കാനും നടപടിയെടുത്തു. ഓണസമൃദ്ധിയെന്ന പേരില്‍ സംസ്ഥാന കാര്‍ഷിക വകുപ്പും ഹോര്‍ട്ടികോര്‍പ്പും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലും നടപ്പാക്കിയ പദ്ധതി പ്രകാരം ജൂണില്‍ കൃഷി ചെയ്ത് ആഗസ്ത് അവസാനവാരത്തിലും സെപ്തംബറിലുമാണ് വിളവെടുപ്പ് തുടങ്ങിയത്. ഉരുളക്കിഴങ്ങ്, തക്കാളി, കറിവേപ്പില, പച്ചമുളക് എന്നിവ അധികം വിളവെടുക്കാനായില്ല. ഉള്ളി,കാരറ്റ് തുടങ്ങിയവ ഇടുക്കി, വട്ടവട തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തവണ പ്രത്യേകം കൃഷി ചെയ്തിരുന്നു. ഇതിലും ഇത്തവണ പ്രതീക്ഷക്കൊത്ത വിളവു ലഭിച്ചതായാണ് കര്‍ഷക പറയുന്നത്.
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വകുപ്പ് നേരിട്ട് വാങ്ങി സംസ്ഥാനത്തുടനീളം 1250 പച്ചക്കറി ചന്തകളിലൂടെ വില്‍ക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ ഒന്നും കോര്‍പറേഷനുകളില്‍ അഞ്ച് മുതല്‍ 10 വരെയും മുനിസിപ്പാലിറ്റികളില്‍ രണ്ടുമുതല്‍ അഞ്ച് വരെയും ചന്തകള്‍ തുടങ്ങും. ഇതിനായി അഞ്ച് മുതല്‍ 10 വരെയും മുനിസിപ്പാലിറ്റികളില്‍ രണ്ട് മുതല്‍ അഞ്ച് വരെയും ചന്തകള്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്.നിലവില്‍ ഇപ്പോള്‍ തുടങ്ങുന്ന 1250 ചന്തകള്‍ സ്ഥിരമായി നിലനിര്‍ത്താനും ആലോചനയുണ്ട്. കൃഷി ഓഫീസര്‍മാര്‍ വിഷരഹിതമെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പച്ചക്കറികളാണ് വില്‍പ്പനക്കായി എത്തിക്കുക. ബ്ലോക്ക് കേന്ദ്രങ്ങളില്‍ നിന്നും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി ശേഖരിച്ച് വില്‍പ്പന നടത്താനുള്ള സ്ഥിരം സംവിധാനം ഇത്തരം പദ്ധതിയുടെ ഭാഗമായി കണ്ണൂരില്‍ ആവിഷ്്കരിച്ചിട്ടുണ്ട്. ആവശ്യത്തിലധികം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന ജില്ലകളില്‍നിന്ന് അടുത്ത ജില്ലകളിലേക്ക് പച്ചക്കറി എത്തിച്ച് വിഷ പച്ചക്കറിയുടെ വ്യാപനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. 2014-15 ല്‍ 90,533 ഹെക്ടര്‍ സ്ഥലത്ത്‌നിന്നായി 15.32 ലക്ഷം ടണ്‍ പച്ചക്കറികളാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്. 2012-13ല്‍ 54,820 ഹെക്ടര്‍ സ്ഥലത്തുനിന്ന് 9.1 ലക്ഷം ടണ്ണും, 201314ല്‍ 75,320 ഹെക്ടര്‍ സ്ഥലത്തുനിന്ന് 11.90 ലക്ഷം ടണ്ണും പച്ചക്കറികളാണ് ഉത്പാദിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് ഒരുദിവസം 5320 മെട്രിക് ടണ്‍ പച്ചക്കറികളാണ് ആവശ്യമായി വരുന്നുണ്ട്. ഇതില്‍ 3900 മെട്രിക് ടണ്‍ പച്ചക്കറി കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഏകദേശം ദിവസേന വേണ്ട പച്ചക്കറിയുടെ നാലില്‍ മൂന്ന് ഭാഗം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.