Connect with us

Kerala

കെ എസ് ആര്‍ ടി സിയിലും മിനിമം ചാര്‍ജ് ഏഴാകും

Published

|

Last Updated

തിരുവനന്തപുരം:കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ആറില്‍ നിന്ന് എഴ് രൂപയായി ഉയര്‍ത്താന്‍ ധാരണ. കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിരക്ക് വര്‍ധനവിന് കളമൊരുങ്ങുന്നത്. ഡീസല്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ അവസാനകാലത്താണ് കെ എസ് ആര്‍ ടി സി മിനിമം ചാര്‍ജ്് കുറച്ചത്. സ്വകാര്യബസുകളും ചാര്‍ജ്് കുറക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി മാത്രം കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നതില്‍ ന്യായീകരണമില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.

ചാര്‍ജ് വര്‍ധനവിന് ഗതാഗതവകുപ്പ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ ആഴ്ച ചേരുന്ന യോഗത്തില്‍ ഏഴ് രൂപയായി ചാര്‍ജ് ഉയര്‍ത്തി അന്തിമതീരുമാനമാകും.
ഓര്‍ഡിനറി ബസുകളുടെ യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്ന് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. മിനിമം ബസ് നിരക്ക് ഏഴ് രൂപയില്‍ നിന്ന് ആറാക്കിയ നടപടി റദ്ദാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ തീരുമാനങ്ങള്‍ പരിശോധിക്കാനായി രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയും നിരക്ക് വര്‍ധനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. നിരക്ക് കുറച്ചത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഉപസമിതിയുടെ കണ്ടെത്തല്‍. ബസ് നിരക്കുകള്‍ കുറച്ചത് സാധ്യതകള്‍ ആരായാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചുമാണെന്നും ഉപസമിതി ചൂണ്ടിക്കാട്ടി. ധൃതിപിടിച്ചുള്ള തീരുമാനം കെ എസ് ആര്‍ ടി സിക്ക് വലിയ ബാധ്യത വരുത്തിയെന്നും ഉപസമിതി വാദിച്ചു.
മിനിമം നിരക്കില്‍ കുറവ് വരുത്തിയതിലൂടെ 7.5 കോടി രൂപയാണ് പ്രതിമാസ നഷ്ടമെന്ന് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് പറയുന്നു. ഫെബ്രുവരിയില്‍ ബസ് നിരക്ക് കുറക്കാന്‍ തീരുമാനിക്കുമ്പോള്‍ ഡീസല്‍ ലിറ്ററിന് ശരാശരി 46 രൂപയായിരുന്നു വില. എന്നാല്‍, മാര്‍ച്ചില്‍ തീരുമാനം നടപ്പാക്കുമ്പോള്‍ ഇത് 48 രൂപയായി. ആ മാസം തന്നെ വില 51 ആയി. ഇപ്പോള്‍ 55.14 രൂപയാണ്.
കെ എസ് ആര്‍ ടി സിയെക്കാള്‍ നാലിരട്ടി യാത്രക്കാര്‍ ആശ്രയിക്കുന്ന സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ചാര്‍ജ് കുറക്കല്‍ നടപ്പാക്കിയില്ലെന്നും കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടുന്നു. പെന്‍ഷന്‍ വിതരണത്തിന് തുക കണ്ടെത്തുന്നതിനായി 15 രൂപക്ക് മുകളിലെ ടിക്കറ്റുകളില്‍ ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിരുന്നു. മിനിമം ചാര്‍ജ് കുറച്ചത് മൂലം നേരത്തെ ലഭിച്ചിരുന്ന പെന്‍ഷന്‍ വിഹിതം സെസ് ഇനത്തില്‍ കിട്ടാതെയായെന്നും കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് വിശദീകരിക്കുന്നു.
പ്രതിദിനം നാലരലക്ഷം ലിറ്റര്‍ ഡീസലാണ് കെ എസ് ആര്‍ ടി സി ഉപയോഗിക്കുന്നത്. നാല് മാസത്തിനിടെ ലിറ്ററിന് പത്ത് രൂപയോളം കൂടിയതോടെ ഒറ്റദിവസം 45 ലക്ഷം രൂപയോളം ചെലവ് വര്‍ധിച്ചു. മിനിമം നിരക്ക് ഏഴ് രൂപയായി പുനഃസ്ഥാപിച്ചാല്‍ പ്രതിദിനം 25 ലക്ഷത്തോളം രൂപയുടെ വരുമാന വര്‍ധന ഉണ്ടാകുമെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റണമെങ്കില്‍ പ്രതിദിന വരുമാനം ഏഴ്‌കോടി രൂപയിലെത്തിക്കണമെന്നും അധികൃതര്‍ പറയുന്നു.

---- facebook comment plugin here -----

Latest