ഇസ്‌ലാമിക് ബേങ്കിംഗ്: റിസര്‍വ് ബേങ്ക് ശരിവെക്കുമ്പോള്‍

Posted on: September 2, 2016 6:25 am | Last updated: September 1, 2016 at 10:35 pm
SHARE

islamic bankingഒടുവില്‍ പലിശ രഹിത ബേങ്കിംഗ് (ഇസ്‌ലാമിക് ബേങ്കിംഗ്) സംവിധാനത്തിന് റിസര്‍വ് ബേങ്കിന്റെ പച്ചക്കൊടി. നിരവധി ഇസ്‌ലാമിക രാജ്യങ്ങളിലും ബ്രിട്ടനുള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലും നിലവിലുള്ള പലിശ രഹിത ബേങ്കുകളുടെ ഇന്ത്യന്‍ സാധ്യതകളോട് നേരത്തെ പുറം തിരിഞ്ഞു നിന്ന റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ അതിന്റെ ഇത്തവണത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് നിലപാട് മാറ്റത്തിലൂടെ ഇസ്‌ലാമിക് ബേങ്കിന്റെ സാധ്യതകള്‍ ഗൗരവമായി പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

രാജ്യത്തെ നിലവിലെ ബേങ്കിംഗ് സംവിധാനത്തില്‍ പലിശ രഹിത സംരംഭം കൂടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാനാണ് റിസര്‍വ് ബേങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിരിക്കുന്നത്. റിസര്‍വ് ബേങ്കിന്റെ ഈ നീക്കം നേരത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇസ്‌ലാമിക് ബേങ്കിംഗ് യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചേക്കും. രാജ്യത്ത് പലിശ രഹിത ബേങ്കിന്റെ സാധ്യതകള്‍ കൂടി ഗൗരവമായി പരിഗണിക്കണമെന്ന് നിര്‍ദേശിക്കുക വഴി രാജ്യത്ത് ബേങ്കിംഗ് മേഖലയില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു വിഭാഗത്തെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. പലിശയിലധിഷ്ഠിതമായ ബേങ്കിംഗ് സംവിധാനത്തിന്റെ പരിധിയില്‍ നിന്ന് ഒരു വിഭാഗം വിട്ടുനില്‍ക്കുന്നതുമൂലം രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്ടിക്കപ്പെടുന്നതായും ഒപ്പം മേഖലയിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം രാജ്യത്തിന് ലഭിക്കാതെ പോകുന്നതായും കഴിഞ്ഞ ഡിസംബറില്‍ റിസര്‍വ് ബേങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദീപക് മൊഹന്തി അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു. ഇതോടൊപ്പം സാമ്പത്തിക രംഗത്ത് ആവശ്യമായ പരിഷ്‌കരണങ്ങളെ പറ്റി പഠിക്കാന്‍ 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിക്ക് നേതൃത്വം നല്‍കിയ, നിലവില്‍ റിസര്‍വ് ബേങ്ക് ഗവര്‍ണറായി വിരമിച്ച രഘുറാം രാജന്‍ അന്ന് ഇസ്‌ലാമിക് ബേങ്കിന്റെ സാധ്യതകളെ ഊന്നിപ്പറഞ്ഞിരുന്നു. പിന്നീട് 2013ല്‍ രഘുറാം രാജന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണറായി എത്തിയിരുന്നെങ്കിലും നിയമത്തിലെ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടി ഇസ്‌ലാമിക് ബേങ്കിംഗ് സമ്പ്രദായത്തിനെതിരെ മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഡോ. സുബ്ബറാവു വിരുദ്ധ അഭിപ്രായം രേഖപ്പെടുത്തിയതാണ് തിരിച്ചടിയായത്.
പലിശ മതവിരുദ്ധമായി കാണുന്നതിലൂടെ പലിശയധിഷ്ഠിത ബേങ്കിംഗ് സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഒരു വലിയ സമൂഹം ബേങ്കിംഗ് മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി വിലയിരുത്തുന്ന വാര്‍ഷിക റിപ്പോര്‍ട്ട്, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് പറ ഞ്ഞുവെക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഘടനയില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട ഈ വലിയ വിഭാഗത്തെ കൂടി ബേങ്കിംഗ് മേഖലയില്‍ ഉള്‍പ്പെടുത്താനാണ് പലിശ രഹിത ബേങ്കിംഗ് സംവിധാനം കൂടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വാര്‍ഷിക റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാറുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികളിലേക്ക് കടക്കണമെന്നും ശിപാര്‍ശ ചെയ്യുന്നു.
കഴിഞ്ഞ ദശകത്തില്‍ ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ സാമ്പത്തിക മാന്ദ്യത്തെ ഇസ്‌ലാമിക് ബേങ്കിംഗ് മേഖല മറികടന്നതോടൊപ്പം ഇക്കാലയളവില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. രാജ്യത്ത് പലിശരഹിത ബേങ്കിംഗ് സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാമ്പത്തിക മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായി നിയോഗിച്ച രഘുറാം രാജന്‍ അധ്യക്ഷനായ കമ്മിറ്റിയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
പലിശ സമ്പ്രദായത്തെ കര്‍ശനമായി വിലക്കുന്ന ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പലിശ വിമുക്ത സാമ്പത്തിക തത്വങ്ങളില്‍ അധിഷ്ഠിതമായ സാമ്പത്തിക സംവിധാനമാണ് ഇസ്‌ലാമിക് ശരീഅത്ത് ബേങ്കിംഗ്. പലിശയും ഈടും വാങ്ങാതെ ലാഭ നഷ്ട പങ്കാളിത്തത്തോടെ ബേങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുകയും വായ്പ നല്‍കുകയും ചെയ്യുന്ന പലിശ രഹിത ബേങ്കിംഗ് സംവിധാനം ഏറെ പ്രശംസ പിടിച്ചുപറ്റിയ സംവിധാനമാണ്. നിക്ഷേപകന് പലിശക്ക് പകരം സംരംഭത്തിന്റെ ലാഭ വിഹിതം ലഭിക്കുക വഴി സംവിധാനം കൂടുതല്‍ ആകര്‍ഷകമാകുകയും ചെയ്യും. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബേങ്കിംഗ് മേഖലയില്‍ നിന്ന് സര്‍ക്കാറും റിസര്‍വ് ബേങ്കും അകറ്റി നിര്‍ത്തിയ ഒരു വലിയ സമൂഹത്തെ ഇതുവഴി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നിര്‍ണായകമായ നീക്കമാണ് റിസര്‍വ് ബേങ്ക് നടത്തുന്നത്.
പലിശ രഹിത ബേങ്കുകളുടെ അഭാവം ബേങ്കിംഗ് മേഖലയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാനായി ദേശസാത്കൃത ബേങ്കുകള്‍ നിയോഗിച്ച സമിതികള്‍ ഇത് സംബന്ധമായി നടത്തിയ പഠനത്തില്‍ നിരവധി കാരണങ്ങള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തെ ബേങ്കുകളുടെ വായ്പാധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ മുസ്‌ലിംകള്‍ നിക്ഷേപം നടത്തുന്നത് വളരെ ചുരുക്കമാണെന്നായിരുന്നു സമിതികളുടെ പ്രധാന കണ്ടെത്തലുകളിലൊന്ന്. സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് പകരം പലിശ മുക്തമായ കറന്റ് അക്കൗണ്ടുകള്‍ ബേങ്കിംഗിന് ഉപയോഗിക്കുന്നവരിലെ മുസ്‌ലിംകളിലെ നിരക്കും, ശമ്പളമുള്‍പ്പെടെയുള്ള നിക്ഷേപങ്ങളുടെ പലിശ, ധര്‍മ സ്ഥാപനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതും കണ്ടെത്തലുകളിലുള്‍പ്പെടുന്നു.
രാജ്യത്തിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുടെ ആത്മാവായ പഞ്ചവത്സര പദ്ധതികള്‍ക്കായി വകയിരുത്തിയതില്‍ തികയാതെ വരുന്ന പണം കണ്ടെത്താന്‍ ഇന്ത്യ ലോക ബേങ്കിനെയും ഐ എം എഫിനെയും സമീപിക്കുമ്പോള്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ പൗരസ്ത്യ രാജ്യങ്ങളും ഈ കുറവുകള്‍ ഇത്തരം ബേങ്കുകളിലൂടെയാണ് പരിഹരിക്കുന്നതെന്നും സമിതി കണ്ടെത്തിയിരുന്നു. പൊതുമേഖലാ, ഷെഡ്യൂള്‍ഡ്, സ്വകാര്യ ബേങ്കുകളുടേതായ ഒരു ലക്ഷത്തോളം ശാഖകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ തന്നെയുള്ള വിദേശ ബേങ്കുകളായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, സിറ്റി ബേങ്ക്, എച്ച് എസ് ബി സി തുടങ്ങിയ വിദേശ ബേങ്കുകള്‍ക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്, അമേരിക്ക മുതലായ രാജ്യങ്ങളിലും പലിശരഹിത വിഭാഗങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതായും സമിതി വിലയിരുത്തിയിരുന്നു. ഇതോടൊപ്പം 2005ല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശാനുസരണം, ഇന്ത്യയില്‍ ഇസ്‌ലാമിക് ബേങ്കിംഗിന്റെ സാധ്യതകള്‍ പഠിക്കാന്‍ റിസര്‍വ് ബേങ്ക് ഒരു പഠന സംഘത്തെ നിയോഗിച്ചിരുന്നു. ഇസ്‌ലാമിക് ബേങ്കിംഗില്‍ പ്രയോഗിക്കപ്പെടുന്ന സാമ്പത്തിക സങ്കേതങ്ങളെ സംബന്ധിച്ച കര്‍മ സമിതിയുടെ പഠനം എന്ന പേരില്‍ റിസര്‍വ് ബേങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള റിസര്‍വ് ബേങ്കിന്റെ ഓപറേഷന്‍സ് വിഭാഗം 51 പേജുകളുള്ള ഒരു റിപ്പോര്‍ട്ടാണ് 2006ല്‍ മുംബൈ കേന്ദ്ര ഓഫീസില്‍ സമര്‍പ്പിച്ചിരുന്നത്.
ഇസ്‌ലാമിക് ബേങ്കിംഗിന് വിവിധ രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ സാധ്യമാണെന്നും ഇവയിലെല്ലാം തന്നെ സാമ്പത്തിക സഹായം സ്വീകരിക്കുന്നവരുടെ വ്യവസായ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ബേങ്ക് ഒരു കക്ഷിയായി ചേരേണ്ടതാണെന്നും നിരീക്ഷിച്ച സംഘം, ബേങ്ക് കൂടി മൂലധന നിക്ഷേപത്തില്‍ പങ്കാളിയാകുന്ന ഇസ്‌ലാമിക് ബേങ്കിംഗ് സമ്പ്രദായം ഇതര ബേങ്കിംഗ് വ്യവസ്ഥയില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും, അതുകൊണ്ടാണ് ഇസ്‌ലാമിക് ബേങ്കിംഗിലെ പല സങ്കേതങ്ങളും നിലവിലെ ഇന്ത്യന്‍ ബേങ്കിംഗ് വ്യവസ്ഥയില്‍ പ്രയോഗികമാക്കാന്‍ പ്രയാസമാകുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളിലൂടെ ഈ തടസ്സങ്ങള്‍ മറികടക്കാനുള്ള നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചു.
2010ല്‍ കേരളത്തിലെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുന്‍കൈയെടുത്ത് എല്‍ ഡി എഫ് സര്‍ക്കാറിന് കീഴില്‍ ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനം ആരംഭിക്കാനുള്ള ശ്രമങ്ങളെ റിസര്‍വ് ബേങ്ക് നിരുത്സാഹപ്പെടുത്തുകയും തടയുകയും ചെയ്തിരുന്നു. പലിശരഹിത ബേങ്കിംഗ്, പങ്കാളിത്ത ബേങ്കിംഗ്, ലാഭം പങ്കിടുന്ന ബേങ്കിംഗ്, ഇസ്‌ലാമിക് ബേങ്കിംഗ് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്നായിരുന്നു അന്ന് റിസര്‍വ് ബേങ്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് ബേങ്ക് തുടങ്ങുന്നതിന് പകരം ഇസ്‌ലാമിക് ബേങ്കിംഗിന്റെ ആശയമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബേങ്കിതര ധനകാര്യസ്ഥാപനത്തിന് കേരള സര്‍ക്കാര്‍ രൂപം നല്‍കുകയായിരുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് (കെ എസ് ഡി സി) ഓഹരി പങ്കാളിത്തമുള്ള ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസെന്ന പേരിലായിരുന്നു സംരംഭം. പുതിയ എല്‍ ഡി എഫ് സര്‍ക്കാറിന്റെ പുതുക്കിയ ബജറ്റിലും ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന് സുപ്രധാന ചുമതലകള്‍ നല്‍കിയിട്ടുണ്ട്.
ഇതിനിടെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബേങ്ക് (ഐ ഡി ബി) ഇന്ത്യയില്‍ ഇസ്‌ലാമിക് ബേങ്ക് ആരംഭിക്കുന്നതിനായി നടപടിയെടുത്തിരുന്നു. ഇതിനായി ഐ ഡി ബി എക്‌സിം ബേങ്കുമായി 100 ശതലക്ഷം ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ബ്രാഞ്ച് ഗുജറാത്തിലെ അഹ്മദാബാദില്‍ തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഒരു മുസ്‌ലിം രാജ്യം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബേങ്കിന്റെ പദ്ധതിക്കെതിരെ ചില തീവ്ര ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന് ഈ നീക്കം പരാജയപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ രാജ്യത്ത് പലിശ രഹിത ഇസ്‌ലാമിക് ബേങ്കിംഗ് സമ്പ്രദായത്തിന്റെ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here