കണ്ണീരോടെ ഷൈ്വന്‍സ്റ്റിഗര്‍ കളിക്കളത്തോട് വിട പറഞ്ഞു

Posted on: September 1, 2016 9:16 pm | Last updated: September 1, 2016 at 9:16 pm
SHARE

shainsteegerബെര്‍ലിന്‍: മുപ്പത്തിനായിരം പേരെ ഉള്‍ക്കൊള്ള ബൊറൂസിയ പാര്‍ക്ക് സ്റ്റേഡിയം നിറഞ്ഞിരുന്നു. ഏവരുടെയും ദൃഷ്ടിപഥം ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറിലാണ്. ജര്‍മന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം തന്റെ അവസാന രാജ്യാന്തര മത്സരവും പൂര്‍ത്തിയാക്കി, വിട പറയുകയാണ്. കണ്ണുകള്‍ നിറഞ്ഞിരുന്നു. വാക്കുകള്‍ ഇടറി. ഗാലറിയില്‍ നിന്ന് ആരവം ഉയര്‍ന്നപ്പോള്‍ മിഡ്ഫീല്‍ഡ് ജനറലിന്റെ കരുത്ത് ചോര്‍ന്നു, മനസ് ഇടറി, നിറഞ്ഞ കണ്ണുകളില്‍ നിന്ന് ഏതാനും തുള്ളികള്‍ പുല്‍ത്തകിടിയില്‍ അലിഞ്ഞു ചേര്‍ന്നു. ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല ഇതുപോലൊരു വിടപറയല്‍. നിങ്ങളുടെയെല്ലാം സ്‌നേഹം ഞാന്‍ തിരിച്ചറിയുന്നു. ഈ നിമിഷം എനിക്കേറെ വൈകാരികമാണ്, അത് നിയന്ത്രിക്കുവാന്‍ വളരെ പ്രയാസമുണ്ട്. നിങ്ങളെല്ലാം ഇത് നേരില്‍കണ്ടറിയുന്നുണ്ടല്ലോ. ഇവിടെ, ഇങ്ങനെയൊരു യാത്രയയപ്പിന് എത്തിച്ചേര്‍ന്നതിന് നന്ദി – ഷൈ്വന്‍സ്റ്റിഗര്‍ പറഞ്ഞ് നിര്‍ത്തിയതും കരഘോഷം. ഗാലറിയില്‍ നിന്ന് ഒരേ സമയം ഷൈ്വന്‍സ്റ്റിഗര്‍ എന്ന നാമധേയം മൂന്ന് തവണ തുടരെ അന്തരീക്ഷത്തില്‍ മുഖരിതമായി.
ടീം പ്ലെയര്‍, ലീഡര്‍, ഐഡള്‍ എന്നീ വിശേഷണങ്ങള്‍ അടങ്ങിയ പ്രശസ്തിപത്രമായിരുന്നു ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റെയ്ന്‍ഹാര്‍ഡ് ഗ്രിന്‍ഡെല്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറിന് ആദരസൂചകമായി നല്‍കിയത്. ഒരു ദശാബ്ദത്തിലേറെക്കാലം ജര്‍മന്‍ ഫുട്‌ബോളിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ച താരത്തിന് ഗ്രിന്‍ഡെല്‍ നന്ദി പറഞ്ഞു.
ഗാലറിയില്‍ ഷൈ്വന്‍സ്റ്റിഗറുടെ കുടുംബം നന്ദി, ബാസ്റ്റി എന്ന ബാനറുമായി താരത്തെ അഭിവാദ്യം ചെയ്തു. പന്ത്രണ്ട് വര്‍ഷം നീണ്ട രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ഷൈ്വന്‍സ്റ്റിഗര്‍ക്ക് പ്രായം 32.
അവസാന മത്സരത്തില്‍ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കി ആദരിച്ച കോച്ച് ജോക്വം ലോ തന്റെ പ്രിയ താരത്തെ കെട്ടിപ്പുണര്‍ന്നു.
ഗാലറിയില്‍ ബയേണ്‍ മ്യൂണിക്കിന്റെ മുന്‍ കോച്ച് യുപ് ഹെയിന്‍കസുണ്ടായിരുന്നു. ബയേണ്‍ മ്യൂണിക് ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ കാലം കളിച്ച താരമാണ് ഷൈ്വന്‍സ്റ്റിഗര്‍. ഹെയിന്‍കസ് പരിശീലകനായിരുന്നപ്പോള്‍ ഷൈ്വന്‍സ്റ്റിഗര്‍ ആ ടീമിന്റെ നെടുംതൂണായിരുന്നു. ജര്‍മന്‍ ബുണ്ടസ് ലിഗയും ജര്‍മന്‍ കപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും ഒരേ സീസണില്‍ നേടി ഹെയിന്‍കസിന്റെ ബയേണ്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ മിഡ്ഫീല്‍ഡിലെ പടത്തലവനായി ഷൈ്വന്‍സ്റ്റിഗറുണ്ടായിരുന്നു. 2014 ലോകകപ്പ് കിരീടം നേടിയ ജര്‍മന്‍ ടീമിലെ പ്രധാനിയാണ്.
യൂറോ കപ്പില്‍ അത്ര കണ്ട് തിളങ്ങാന്‍ താരത്തിന്‌സാധിച്ചിരുന്നില്ല. ഫോം മങ്ങിയെന്ന് വിമര്‍ശം ഉയര്‍ന്നു. ആഗസ്റ്റില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ക്ലബ്ബ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരും. പക്ഷേ, അവിടെ രണ്ടാം നിരയിലാണിപ്പോള്‍ സ്ഥാനം.
ജര്‍മനിക്കായി 121 താം രാജ്യാന്തരമത്സരമായിരുന്നു ഫിന്‍ലന്‍ഡിനെതിരെ കളിച്ചത്. 2-0ന് ടീം ജയിച്ചതോടെ, വിടപറയല്‍ ഗംഭീരമായി. ഷാല്‍ക്കെയുടെ മാക്‌സ് മേയറും ആഴ്‌സണലിന്റെ മെസുറ്റ് ഒസിലും ജര്‍മനിയുടെ വിജയഗോളുകള്‍ നേടി. അവസാന മത്സരത്തില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിച്ച ഷൈ്വന്‍സ്റ്റിഗര്‍ 66 മിനുട്ടിന് ശേഷം കളമൊഴിഞ്ഞു.
ബെഞ്ചിലുള്ള കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും ഷൈ്വന്‍സ്റ്റിഗറെ കെട്ടിപ്പുണര്‍ന്നു കൊണ്ട് സ്വീകരിച്ചു. ജര്‍മനിയുടെ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യുവര്‍ മത്സരശേഷം തന്റെ നായകനെ തോളിലേറ്റി. മറ്റ് താരങ്ങളും ഒത്തുചേര്‍ന്നതോടെ ഷൈ്വന്‍സ്റ്റിഗര്‍ ആകാശത്തോളം ഉയര്‍ത്തപ്പെട്ടു. വായുവില്‍ എടുത്തെറിഞ്ഞ് സഹതാരങ്ങള്‍ വിടപറയല്‍ അവിസ്മരണീയമാക്കി. ജര്‍മനിയുടെ അടുത്ത നായകന്‍ ആകാന്‍ സാധ്യതയുള്ള ഗോളി മാനുവല്‍ ന്യുവര്‍ തന്നെയായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.